ഇരിങ്ങൽ സർഗാലയ മുതൽ ബേപ്പൂർ വരെ നീളുന്ന ടൂറിസം ശൃംഖല; 95.34കോടി രൂപയുടെ സർഗാലയ ഗ്ലോബൽ ഗേറ്റ് വേ ടു മലബാർ കൾച്ചറൽ ക്രൂസിബിൾ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി


പയ്യോളി: ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജ് മുതൽ ബേപ്പൂർ വരെ നീളുന്ന ടൂറിസം പദ്ധതിയായ സർഗാലയ ഗ്ലോബൽ ഗേറ്റ് വേ ടു മലബാർ കൾച്ചറൽ ക്രൂസിബിൾ പദ്ധതിക്ക് കേന്ദ്ര ടൂറിസം മന്ത്രാലയം അനുമതി നൽകിയതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. സർഗാലയ ആർട് ആന്റ് ക്രാഫ്റ്റ് വില്ലേജിന്റെ വിപുലീകരണവും ഈ പദ്ധതിയുടെ ഭാഗമാണ്. സംസ്ഥാനത്തെ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ ഡൽഹിയിലെത്തി പദ്ധതിയുടെ വിശദമായ രൂപരേഖ കേന്ദ്ര ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥർക്കു മുന്നിൽ അവതരിപ്പിച്ചിരുന്നു. അതിനെ തുടർന്നാണ് ഇതുൾപ്പെടെ രണ്ടു പദ്ധതികൾക്ക് കേന്ദ്രം ഫണ്ട് അനുവദിച്ചത്.

95.34കോടി രൂപയുടേതാണ് സർഗാലയ ഉൾപ്പെടുന്ന ടൂറിസം പദ്ധതിയ്ക്ക് അനുവദിച്ചത്. ഇതിന് പുറമേ കൊല്ലം ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കിയുള്ള ബയോ ഡൈവേഴ്‌സിറ്റി സർക്യൂട്ടിനാണ് കേന്ദ്രം അനുമതി നൽകിയത്. 59.71 കോടിരൂപയുടേതാണ് കൊല്ലം ബയോഡൈവേഴ്‌സിറ്റി ആന്റ് റിക്രിയേഷണൽ ഹബ്ബ് എന്ന പദ്ധതി.

സംസ്ഥാനത്തെ ടൂറിസം വികസനത്തിൽ കുതിച്ചുചാട്ടം ഉണ്ടാക്കുന്ന പദ്ധതികളാണ് അനുവദിച്ചിരിക്കുന്നത് എന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിലെ കൂടുതൽ ഡെസ്റ്റിനേഷനുകൾ വികസിപ്പിക്കുക എന്ന കാഴ്ചപ്പാടോടെയാണ് പദ്ധതി നിർദ്ദേശങ്ങൾ സമർപ്പിച്ചത്. സംസ്ഥാനത്താകെ ടൂറിസം കേന്ദ്രം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുവാൻ ഇത് സഹായകരമാകും. പദ്ധതി പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ടൂറിസം വകുപ്പ് നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Description: Tourism network stretching from Sargalaya to Beypur