അസൗകര്യങ്ങള്‍ക്ക് വിട; ഇനി കരിയാത്തും പാറ- തോണിക്കടവ് കാഴ്ച്ചകള്‍ തടസങ്ങളില്ലാതെ ആസ്വദിക്കാം, വികസന പദ്ധതിളൊരുക്കി ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റി


കൂരാച്ചുണ്ട്: അസൗകര്യങ്ങള്‍ക്ക് വിട, തോണിക്കടവിന്റെയും കരിയാത്തും പാറയുടെയും സൗന്ദര്യം ഇനി ആവോളം ആസ്വദിക്കാം. തോണിക്കടവില്‍ ഡ്രെയിനേജ്, കരിയാത്തും പാറയില്‍ സഞ്ചാരികള്‍ക്കായി റാമ്പ്, വേസ്റ്റ് മാനേജ്‌മെന്റിന് ഇന്‍സിനേറേറ്റര്‍, സുരക്ഷാ ഉപകരണങ്ങള്‍ തുടങ്ങി ഒട്ടേറെ വികസന പദ്ധതികള്‍ക്ക് തോണിക്കടവ് – കരിയാത്തുംപാറ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റി യോഗം അനുമതി നല്‍കി.

ജില്ലാ കളക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഢിയുടെ സാന്നിദ്ധ്യത്തില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ വിനോദ സഞ്ചാര കേന്ദ്രത്തിലെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു. ഓണത്തോടനുബന്ധിച്ചു നടത്തിയ തോണിക്കാഴ്ച്ച 2022 എന്ന പരിപാടിയുടെ നടപടിക്രമങ്ങളും വരവ് ചെലവ് കണക്കുകളും യോഗം അംഗീകരിച്ചു. പാറക്കടവിലുള്ള ഗേറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഈ ഗേറ്റിലൂടെയുള്ള പ്രവേശനം സഞ്ചാരികളുടെ സുരക്ഷ കൂടി കണക്കിലെടുത്ത് ഉചിതമായ തീരുമാനമെടുക്കാമെന്ന് അഡ്വ. കെ എം സച്ചിന്‍ ദേവ് എം.എല്‍. എ നിര്‍ദ്ദേശിച്ചു.

ടേക്ക് എ ബ്രേക്ക് പദ്ധതി നവംബറില്‍ തന്നെ പൊതുജനങ്ങള്‍ക്കായി തുറക്കാമെന്ന് ഗ്രാമ പഞ്ചായത്ത് അധികൃതര്‍ ഉറപ്പു നല്‍കി.പാര്‍ക്കിംഗ് സൗകര്യം വിപുലപെടുത്തുന്നതിനും വരുമാനത്തിന്റെ അഞ്ച് ശതമാനം തുക ഗ്രാമപഞ്ചായത്തിന് നല്‍കാന്‍ ഗവണ്‍മെന്റിനോട് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചു.

കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, ഗ്രാമ പഞ്ചായത്ത് അംഗം അരുണ്‍ ജോസ്, കുറ്റ്യാടി ജലസേചന പദ്ധതി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഗിരീഷ്‌കുമാര്‍, ടൂറിസം മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ വി.ജെ സണ്ണി, അഡ്വ. കെ.എം തോമസ്, കെ. വൈ.ഐ.പി അസ്സി. എക്‌സി. എന്‍ജിനീയര്‍ ഹബി സി എച്ച്, എ. ഇ ഫൈസല്‍. കെ, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

summary: Tourism management committee meeting with development projects in kariyathumpara-thonikkadavu