അസുഖങ്ങൾക്കും വേദനകൾക്കും അവധികൊടുത്ത് അവർ; സുരക്ഷാ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ മേപ്പയ്യൂർ സൗത്തിന്റെ നേതൃത്വത്തിൽ കിടപ്പ് രോഗികൾക്ക് ഉല്ലാസമേകി വിനോദയാത്ര
മേപ്പയ്യൂർ: അകലാപ്പുഴയിലൂടെ ബോട്ടിൽ യാത്ര ചെയ്യുമ്പോഴും കോഴിക്കോട് ബീച്ചിലെ മണൽപ്പരപ്പിലെ കാറ്റേൽക്കുമ്പോഴുമെല്ലാം അവരായിരുന്നു ലോകത്തെ ഏറ്റവും സന്തോഷവാന്മാരായ മനുഷ്യർ. ഇനിയൊരിക്കലും പുറംലോകം കാണില്ലെന്ന് കരുതി നാല് ചുമരുകൾക്കുള്ളിൽ തന്നെ കഴിഞ്ഞിരുന്ന മേപ്പയ്യൂരിലെ 23 പേർ. അസുഖങ്ങൾക്കും വേദനകൾക്കുമെല്ലാം അവധി നൽകിയായിരുന്നു ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങൾ ആസ്വദിക്കാനായി അവർ യാത്ര തിരിച്ചത്.
സുരക്ഷാ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ മേപ്പയ്യൂർ സൗത്തിന്റെ നേതൃത്വത്തിലാണ് കിടപ്പുരോഗികൾക്കായി ഉല്ലാസയാത്ര നടത്തിയത്. അകലാപ്പുഴയിലെ ബോട്ട് യാത്ര, കോഴിക്കോട് നഗരം, കോഴിക്കോട് ബീച്ച്, ഫ്രീഡം സ്ക്വയർ എന്നീ സ്ഥലങ്ങളാണ് അവർ സന്ദർശിച്ചത്. അകലാപ്പുഴയിലെ ബോട്ട് യാത്രയ്ക്കിടെ പാട്ടും നൃത്തവും സിറാജ് പയ്യോളിയുടെ മിമിക്രിയുമെല്ലാമുണ്ടായിരുന്നു.
വർഷങ്ങളായി വീടിനകത്ത് കഴിയേണ്ടിവന്ന അര്‍ബുദബാധിതരും ഡയാലിസിസിന് വിധേയമാകുന്നവരും അൽഷിമേഷ്‌സ് ബാധിതരും സ്ട്രോക് വന്ന് തളര്‍ച്ച ബാധിച്ചവരും അപകടംപറ്റി കിടപ്പിലായവരും അടക്കം യാത്ര ചെയ്യാൻ കഴിയുന്ന 23 കിടപ്പ് രോഗികളും അവരെ സഹായിക്കാൻ 20 കൂട്ടിരിപ്പുകാരും 53 വളണ്ടിയർമാരുമാണ് യാത്രയിൽ പങ്കെടുത്തത്. രണ്ട് ടൂറിസ്റ്റ് ബസ്സുകളിലും ഹോംകെയർ വാഹനത്തിലുമാണ് മേപ്പയ്യൂരിൽ നിന്ന് യാത്ര പുറപ്പെട്ടത്.
എം.കുഞ്ഞമ്മദ് മാസ്റ്റർ ഉല്ലാസയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. സോണൽ കൺവീനർ കെ.രാജീവൻ, കെ.കുഞ്ഞിരാമൻ, സുരക്ഷാ ചെയർമാൻ എ.സി.അനൂപ്, ജനറൽ കൺവീനർ എൻ.രാമദാസ്, ഹോംകെയർ കൺവീനർ കെ.സത്യൻ മാസ്റ്റർ എന്നിവർ ഉല്ലാസയാത്രയിൽ പങ്കാളികളായി. അടിയന്തര സാഹചര്യമുണ്ടായാൽ വൈദ്യസഹായം ലഭ്യമാക്കാനായി ആസ്റ്റർ മിംസ് മൊബൈൽ മെഡിക്കൽ സർവ്വീസ് വാനും ആംബുലൻസും യാത്രയെ അനുഗമിച്ചിരുന്നു. ഡോ. നിയാസ്, കോ-ഓർഡിനേറ്റർ ഫാസിൽ, നഴ്സുമാരായ അൽക്ക, ജിൽന, നൗഫൽ എന്നിവരും യാത്രയിൽ രോഗികൾക്കൊപ്പം ചേർന്നു.
89 വയസ്സുള്ള ടി.പാച്ചർ മാസ്റ്ററും 38 വയസ്സുള്ള ബുഷറയും നട്ടെല്ലിന് ക്ഷതം പറ്റി 28 വർഷമായി കിടപ്പിലായ
ചുണ്ടർകണ്ടി അശോകനുമെല്ലാം യാത്രയിൽ ഉടനീളം സജീവമായിരുന്നു. നീലഞ്ചേരി മാത, കോമച്ചേരി കണ്ടി കാർത്യായനി, ചമ്പയിൽ റഹിം, കിഴക്കനം വെള്ളിബഷീർ, ചേണിയാം കണ്ടി യശോദ, തെക്കെചന്ദ്രവീട്ടിൽ കുഞ്ഞികണാരൻ നായർ തുടങ്ങിയവരും യാത്രയിലുണ്ടായിരുന്നു. മാപ്പിളപ്പാട്ടും നാടൻപാട്ടുമെല്ലാം പാടി അസുഖങ്ങളുടെ എല്ലാ പ്രയാസങ്ങളും മറന്ന് ചിരിയും കളിയുമായാണ് അവർ ഉല്ലാസയാത്രയിൽ പങ്ക് ചേർന്നത്.
കോഴിക്കോട് ഫ്രീഡം സ്ക്വയറിൽ ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദും സുരക്ഷാ ജില്ലാ കൺവീനർ അജയ്കുമാറും മദ്രസബോർഡ് ചെയർമാൻ സൂര്യഗഫൂറും യാത്രയിൽ പങ്കു ചേർന്ന് പിന്തുണ നൽകി.