സംസ്ഥാന വ്യാപകമായി നാളെ (20/06/23) കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്


കോഴിക്കോട്: സംസ്ഥാന വ്യാപകമായി നാളെ (20/06/23) കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്. എസ്.എഫ്.ഐ പ്രവർത്തകന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ പ്രതിഷേധിച്ചാണ് കോളേജുകളിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. എസ്.എഫ്.ഐ. നേതാവ് നിഖിൽ തോമസിന്‍റെയടക്കം വിഷയം ചൂണ്ടികാട്ടി ഉന്നത വിദ്യാഭ്യാസ മേഖലയെ എസ് എഫ് ഐ തകർത്തു എന്ന് ആരോപിച്ചാണ് കെ എസ് യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത്.

വ്യാജന്മാരുടെ കൂടാരമായി എസ് എഫ് ഐ മാറിയെന്നും ഉന്നതവിദ്യാഭ്യാസ മേഖലയെ എസ് എഫ് ഐ തകർത്തെറിയുകയാണെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവ്യർ അഭിപ്രായപ്പെട്ടു. ഇപ്പോൾ ഉയർന്നു വന്നിരിക്കുന്ന വിഷയങ്ങളിൽ സർക്കാർ മൗനം വെടിയണമെന്നും അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു.

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ നിഖിൽ തോമസിനെ എം.എസ്.എം കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. നിഖിൽ ഹാജരാക്കിയ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. കോളേജില്‍ നടന്ന സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിന്റേതാണ് തീരുമാനം. സംഭവം ആറംഗ സമിതി അന്വേഷിക്കുമെന്നും കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.