സാമൂഹിക വിരുദ്ധരുടെ ദുഷ്പ്രവൃത്തി; വാളൂര്‍-കരുവണ്ണൂര്‍ കൈക്കനാലില്‍ കക്കൂസ് മാലിന്യം ഒഴുക്കി
നടുവണ്ണൂര്‍: നടുവണ്ണൂരിലെ വാളൂര്‍-കരുവണ്ണൂര്‍ കൈക്കനാലില്‍ വിവിധ ഭാഗങ്ങളില്‍ കക്കൂസ് മാലിന്യം ഒഴുക്കിയ നിലയില്‍. കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ കനാലിന്റെ പുതിയപ്പുറത്തുതാഴെ, പുലിക്കോട്ട് താഴെ, ചാന്തോട്ടുതാഴെ എന്നിവിടങ്ങളിലാണ് മാലിന്യം ഒഴുക്കിയിരിക്കുന്നത്.
ഞായറാഴ്ച രാവിലെ ആറുമണിക്കാണ് കറുത്തദ്രാവകമൊഴുകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. വെള്ളത്തിന് ദുര്‍ഗന്ധമുണ്ടായിരുന്നു. വെള്ളിയൂര്‍ ഭാഗത്തുനിന്നാണ് കക്കൂസ് മാലിന്യം ഒഴുക്കിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കനാലിന്റെ ഓരത്തുള്ള പുരയിടങ്ങളില്‍ കിണറുകളുണ്ട്. ഇതിലേക്ക് മാലിന്യം കലര്‍ന്നിട്ടുണ്ടാകുമോയെന്നും പ്രദേശവാസികള്‍ ആശങ്കപ്പെടുന്നു.
നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് നടുവണ്ണൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ നിന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. തൊട്ടടുത്തുള്ള വീടുകളിലെ കിണറുകളില്‍ ബ്ലീച്ചിങ് പൗഡറിട്ടു.
ആരോഗ്യവകുപ്പ് കിണറിലെ വെള്ളത്തിന്റെ സാംപിള്‍ ശേഖരിച്ച് അംഗീകൃത ലാബില്‍ പരിശോധന നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.