ചെമ്പനോട സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ നിര്‍മിച്ച ശുചിമുറി സമുച്ചയം ഉദ്ഘാടനം ചെയ്തു


പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെമ്പനോട സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ നിര്‍മിച്ച ശുചിമുറി സമുച്ചയം ഉദ്ഘാടനം ചെയ്തു. ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലാണ് ശുചിമുറി സമുച്ചയം ഉദ്ഘാടനം ചെയ്തത്.

യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി 12 ലക്ഷം രൂപ ചെലവഴിച്ച് രണ്ട് ശുചിമുറി കെട്ടിടങ്ങളാണ് സ്കൂളിൽ നിര്‍മിച്ചത്. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എം.ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ സി.കെ.ശശി, കെ.എ.ജോസുകുട്ടി, ലൈസ ജോര്‍ജ്, പ്രിന്‍സിപ്പൽ വി.കെ ഷാന്റി, പി.ടി.എ പ്രസിഡന്റ് ജോബി എടച്ചേരി എന്നിവര്‍ സംസാരിച്ചു.