ജലജീവന്‍ മിഷന്‍ പദ്ധതി, കുറ്റ്യാടി പഞ്ചായത്തില്‍ ജനുവരിയില്‍ കുടിവെള്ളം എത്തിക്കാന്‍ നടപടി; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (25/10/2022)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

അപേക്ഷ തീയതി നീട്ടി

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക് 2022-23 വര്‍ഷത്തെ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 15 വരെ നീട്ടി. അപേക്ഷ ഫോറം www.kmtwwfb.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0495 2767213.

കുടിശ്ശിക തുക അടയ്ക്കണം

ജില്ലയിൽ സായുധ സേന പതാക വിതരണം ചെയ്ത് വിൽപ്പന തുക അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയ ജില്ലയിലെ സർക്കാർ /അർദ്ധസർക്കാർ ഓഫീസ് മേധാവികളും വിദ്യാഭ്യാസ സ്ഥാപന മേധാവികളും സി.ബി.എസ്.ഇ സ്കൂൾ പ്രിൻസിപ്പൽമാരും കുടിശ്ശിക തുക ഒക്ടോബർ മാസം 31 നകം അടയ്ക്കണം. കുടിശ്ശിക തുക ജില്ലാ സൈനിക ക്ഷേമ ഓഫീസ് മുഖേനയാണ് സർക്കാരിലേക്ക് അടക്കേണ്ടത്. ഇതിൽ വീഴ്ച വരുത്തുന്ന ഓഫീസ് മേലധികാരികളിൽ നിന്നും നേരിട്ട് വിശദീകരണം തേടുന്നതാണെന്നും ജില്ലാ കലക്ടർ അിറയിച്ചു.

വിമുക്ത ഭടന്‍മാരുടെ പ്രശംസ പത്രം

1971-ലെ യുദ്ധത്തിൽ പങ്കെടുത്ത് പൂര്‍വ്/പശ്ചിമ സ്റ്റാർ ലഭിച്ചിട്ടുള്ള വിമുക്ത ഭടന്‍മാരുടെ പ്രശംസ പത്രം കോഴിക്കോട് ജില്ലാ സൈനിക ക്ഷേമ ആഫീസിൽ ലഭ്യമാണ്. കൈപറ്റുന്നതിന് സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് 0495 2771881.

പരിശീലന പരിപാടി

വേങ്ങേരി കേരള കാർഷിക സർവ്വകലാശാല വിജ്ഞാന വിപണന കേന്ദ്രത്തിൽ ‘നാളികേരാധിഷ്ഠിത ഉൽപ്പന്നങ്ങൾ’ എന്ന വിഷയവുമായി ബന്ധപ്പെട്ട് നവംബർ 1 ന് പരിശീലനം നടത്തുന്നു. പങ്കെടുക്കുവാൻ താല്‍പര്യമുള്ളവർ ഒക്ടോബർ 29 നു മുൻപായി 0495 2935850, 9188223584 എന്നീ നമ്പറില്‍ വിളിച്ചു രജിസ്റ്റർ ചെയ്യേണ്ടതാണ്.

ഗതാഗത നിയന്ത്രണം

മേലേ കൂമ്പാറ കക്കാടംപൊയിൽ റോഡിലെ കലുങ്കുകളുടെ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി ഒക്ടോബർ 31 മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിയന്ത്രിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഇതുവഴിയുള്ള വാഹനങ്ങൾ മേലേ കൂമ്പാറയിൽ നിന്നും മരഞ്ചാട്ടി_ ചുണ്ടത്തിപ്പോയിൽ_ പനമ്പിലാവ് _ പീടികപ്പാറ വഴി കക്കാടംപൊയിലേക്കും തിരിച്ചും പോകേണ്ടതാണ്.

യോഗം മാറ്റിവെച്ചു

കേരള നിയമസഭയുടെ പിന്നോക്ക സമുദായ ക്ഷേമം സംബന്ധിച്ച സമിതി ഒക്ടോബർ 27 ന് കോഴിക്കോട് കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേരാനിരുന്ന യോഗം മറ്റൊരു തീയതിയിലേക്ക് മാറ്റി വെച്ചതായി കേരള നിയമസഭാ സെക്രട്ടറി അറിയിച്ചു.

സൈക്ക്യാട്രിസ്റ്റ് നിയമനം

ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) സൈക്ക്യാട്രിസ്റ്റ് തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. എം.ഡി ഇന്‍ സൈക്യാട്രി/ഡിഎന്‍ബി ഇന്‍ സൈക്യാട്രി/ഡിപിഎം എന്നിവയാണ് യോഗ്യത. പ്രായ പരിധി 18 നും 41 നും ഇടയില്‍. താല്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്‌ടോബര്‍ 29ന് മുമ്പ് പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്യുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുള്ള എന്‍.ഒ.സി ഹാജരാക്കണം. വിവരങ്ങള്‍ക്ക് 0495 2376179.

ഇൻസ്ട്രക്ടർ നിയമനം

കേരള പോലീസ് വകുപ്പിന്റെ ഭാഗമായ ഇന്ത്യാ റിസര്‍വ് ബറ്റാലിയന്‍ കമാണ്ടോ വിഭാഗത്തില്‍ (അര്‍ബന്‍ കമാണ്ടോസ്-അവഞ്ചേഴ്‌സ്) ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ആറുമാസത്തെ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സ്‌പെഷ്യല്‍ ഓപ്പറേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്ത് പ്രാഗത്ഭ്യമുളള ആര്‍മി/പാരാമിലിട്ടറി ഫോഴ്‌സില്‍ നിന്നുള്ള വിമുക്ത ഭടന്‍ന്മാര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത മാതൃകയിലുള്ള ബയോഡാറ്റകള്‍ ഐ.ആര്‍ ബറ്റാലിയന്‍ ഔദ്യോഗിക മെയിലില്‍ സമര്‍പ്പിക്കണം. മെയില്‍ ഐ.ഡി cmdtirb.pol@kerala.gov.in. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി ഒക്‌ടോബര്‍ 31. കൂടുതല്‍ വിവരങ്ങള്‍ക്ക് www.prd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ബന്ധപ്പെടേണ്ട നമ്പര്‍ 0487 2328720.

ഒപ്‌ടോമെട്രിസ്റ്റ് നിയമനം

ഗവ. ഹോമിയോ ആശുപത്രിയിലേക്ക് ഒപ്‌ടോമെട്രിസ്റ്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ബി.എസ്.സി (ഒപ്‌ടോമെട്രി) അല്ലെങ്കില്‍ ഡിപ്ലോമ
ഇന്‍ ഒഫ്താല്‍മിക് അസിസ്റ്റന്‍സ് എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഒക്‌ടോബര്‍ 31 ന് ഉച്ചയ്ക്ക് 2 മണിക്ക് കണ്ടംകുളങ്ങരയിലെ ജില്ലാ ഹോമിയോ ആശുപത്രിയില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.

പ്രസംഗ മത്സരം: അപേക്ഷ ക്ഷണിച്ചു

ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങൾക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന 18 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ ഒക്ടോബര്‍ 30 ന് വൈകീട്ട് 5 മണിക്കകം ബയോഡേറ്റ സഹിതം youthday2020@gmail.com എന്ന മെയില്‍ ഐ.ഡിയില്‍ അപേക്ഷ സമര്‍പ്പിക്കണം. നവംബർ 15 ന് കൊല്ലം പബ്ലിക് ലൈബ്രറി ഹാളിലാണ് മത്സരം. ഒന്നാം സ്ഥാനത്തിന് 15,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയും ക്യാഷ് പ്രൈസും പുരസ്‌കാരവും നൽകും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 8086987262, 0471 2308630.

എം.എസ് മാധവിക്കുട്ടി ജില്ലാ വികസന കമ്മീഷണർ

കോഴിക്കോട് ജില്ലാ വികസന കമ്മീഷണറായി എം.എസ് മാധവിക്കുട്ടി ചുമതലയേറ്റു. തിരുവനന്തപുരം സബ് കലക്ടര്‍ പദവി വഹിച്ചിട്ടുണ്ട്. മുന്‍ ഡിഡിസി അനുപം മിശ്രയ്ക്ക് പകരമായാണ് നിയമനം. കൊല്ലം സ്വദേശിനിയാണ്. 2018 ഐ. എ. എസ് ബാച്ച്കാരിയാണ്. ഭർത്താവ് കൃഷ്ണരാജ ഐ. പി.എസ്.

റോഡ്‌ നാടിന് സമർപ്പിച്ചു

കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ നിർമിച്ച താഴെകക്കാട് കോളനി-കള്ളിപ്പാറ റോഡ്‌ നാടിന് സമർപ്പിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ്‌ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 30ലക്ഷം രൂപ ചെലവിലാണ് റോഡ് നിർമ്മിച്ചിട്ടുള്ളത്.

ലിന്റോ ജോസഫ് എം.എൽ.എ റോഡ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ആധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാൻ വി.എസ് രവി, വാർഡ് മെമ്പർ സീന ബിജു, പഞ്ചായത്ത്‌ സെക്രട്ടറി. സുരേഷ് കുമാർ, അസിസ്റ്റന്റ് സെക്രട്ടറി അജിത് പി.എസ്, അസിസ്റ്റന്റ് എഞ്ചിനീയർ രാജേഷ്, ജനപ്രതിനിധികൾ, പ്രദേശവാസികൾ തുടങ്ങിയർ പങ്കെടുത്തു.

തീര ജനസമ്പര്‍ക്ക സഭ: പരാതികള്‍ നാളെ മുതൽ (ഒക്ടോബർ 25) സമർ‍പ്പിക്കാം

മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യ കര്‍ഷകര്‍ക്കുമായി ജില്ലാകലക്ടറുടെ നേതൃത്വത്തില്‍ തീര ജനസമ്പര്‍ക്ക സഭ പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു. നവംബര്‍ രണ്ടാംവാരം മുതല്‍ ബേപ്പൂര്‍, കോഴിക്കോട്, കൊയിലാണ്ടി, വടകര എന്നിവിടങ്ങളിലാണ് പരിപാടി നടക്കുക.

എല്ലാ കടല്‍-ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യ കര്‍ഷകര്‍ക്ക് വിവിധ വകുപ്പുകളില്‍ നിന്നും ലഭിക്കേണ്ട സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ സമര്‍പ്പിക്കാം. അപേക്ഷകള്‍ ഇന്നു മുതല്‍ (25/10/2022) 31 വരെ ബേപ്പൂര്‍, വെള്ളയില്‍, കൊയിലാണ്ടി, വടകര മത്സ്യഭവനുകളും വെസ്റ്റ്ഹില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലും സ്വീകരിക്കും.

കേരളപ്പിറവി ദിനത്തിൽ കുറ്റ്യാടിയിൽ ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല

കേരളപ്പിറവി ദിനത്തിൽ കുറ്റ്യാടി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കും മയക്കുമരുന്നിനുമെതിരെ മനുഷ്യച്ചങ്ങല തീർക്കും. ഇതിന്റെ ഭാഗമായി വാർഡുകളിൽ സംഘാടക സമിതി രൂപീകരിച്ചു പ്രചരണം ആരംഭിച്ചു.

സ്കൂളുകളും തൊഴിലാളി സംഘടനകളും വ്യാപാരികളും പ്രത്യേകം പോസ്റ്റർ തയ്യാറാക്കി പ്രചരണം നടത്തുന്നുണ്ട്. കുറ്റ്യാടി ടൗണിൽ സംഗമിക്കുന്ന കോഴിക്കോട് റോഡ്, നാദാപുരം റോഡ്, മരുതോങ്കര റോഡ്, എന്നിവിടങ്ങളിൽ ചങ്ങല തീർക്കും. വൈകുന്നേരം 3 മണിക്കാണ് പരിപാടി.

ഒരു നാടിനെ മുഴുവൻ മനുഷ്യച്ചങ്ങലയിൽ അണിചേർക്കാനുള്ള പ്രവർത്തനങ്ങളുടെ തിരക്കിലാണ് പഞ്ചായത്തിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും. ലഹരി മാഫിയയെ കെട്ടുകെട്ടിക്കാൻ ദൃഢ പ്രതിജ്ഞയെടുത്താണ് നീക്കം.
പൊതുജനങ്ങൾക്കൊപ്പം പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലെ കുട്ടികളെയും ചങ്ങലയിൽ പങ്കാളികളാക്കും. പരിപാടിയുടെ പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി 29ന് വനിതകളുടെ ബൈക്ക് റാലിയും 30ന് പുരുഷന്മാരുടെ ബൈക്ക്റാലിയും നടക്കും.

ജലജീവൻ മിഷൻ പദ്ധതി: കുറ്റ്യാടി നിയോജകമണ്ഡലതല അവലോകനയോഗം ചേർന്നു

ജലജീവൻ മിഷൻ പദ്ധതിയുടെ കുറ്റ്യാടി നിയോജകമണ്ഡലതല അവലോകനയോഗം കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്നു. കുന്നുമ്മൽ പഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത വീടുകളിൽ നവംബർ 30നകവും, കുറ്റ്യാടി പഞ്ചായത്തിൽ 2023 ജനുവരിയിലും കുടിവെള്ളം എത്തിക്കാനുള്ള നടപടികൾ സമയബന്ധിതമായി നിർവ്വഹിക്കാൻ യോഗത്തിൽ തീരുമാനിച്ചു.

ആയഞ്ചേരി, തിരുവള്ളൂർ, വേളം, മണിയൂർ, പുറമേരി, വില്യാപ്പള്ളി എന്നീ പഞ്ചായത്തുകളിൽ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്ന പ്രവർത്തനത്തിന്റെ നിലവിലെ അവസ്ഥയും യോഗത്തിൽ ചർച്ച ചെയ്തു. പദ്ധതിക്കായി കണ്ടെത്തിയ സ്ഥലങ്ങൾ അതിവേഗം രജിസ്റ്റർ ചെയ്ത് പദ്ധതി ആരംഭിക്കാൻ എം.എൽ.എ നിർദ്ദേശിച്ചു. പദ്ധതിയുടെ ഭാഗമായുള്ള റോഡ് പുനരുദ്ധാരണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്നും പദ്ധതി നടപ്പാക്കാൻ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമീണ മേഖലയിലെ മുഴുവൻ വീടുകളിലും 2024 -ഓടെ ശുദ്ധജലം ടാപ്പിലൂടെ എത്തിക്കാനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് ജലജീവൻ മിഷൻ പദ്ധതി.

മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡന്റുമാർ, വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ വി.റിജു, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എഞ്ചിനീയർമാർ, ജനപ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം സർക്കാരിന്റെ നയം – മന്ത്രി അഹമ്മദ് ദേവർകോവിൽ

കേരളത്തിലെ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം സർക്കാരിന്റെ പ്രതിജ്ഞാബദ്ധമായ നയമാണെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. പൊക്കുന്ന് ഗവൺമെന്റ് ഗണപത് യു.പി.സ്കൂളിന് എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച പുതിയ ബസിന്റെ ഫ്ലാഗ് ഓഫ്‌ കർമ്മം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളുടെ സർവ്വതോന്മുഖമായ പുരോഗതിക്കായും വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായും സമഗ്രമായ വികസന പദ്ധതികളാണ് സർക്കാർ നടപ്പിലാക്കി വരുന്നതെന്നും മന്ത്രി പറഞ്ഞു.

വാർഡ് കൗൺസിലർ സാഹിദ സുലൈമാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 2022 – 23 വർഷത്തെ കലാമേളയിൽ വിജയികളായവർക്ക് വാർഡ് കൗൺസിലർ ഈസ അഹമ്മദ് സമ്മാനങ്ങൾ വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.പി മുനീർ, എസ്.എം.സി ചെയർപേഴ്സൺ ഷൈനി ഗിരീഷ്, ഒ.എസ്.എ സെക്രട്ടറി സി.പി മനോജ് കുമാർ, എസ്.എസ്.ജി ചെയർമാൻ എം.പി രാധാകൃഷ്ണൻ നായർ, സീനിയർ അസിസ്റ്റന്റ് എം.കെ സിന്ധു, സ്റ്റാഫ് സെക്രട്ടറി എൻ സോജി, സ്കൂൾ ലീഡർ എഫ് എൻ നിതീഷ് എന്നിവർ പങ്കെടുത്തു. സ്കൂൾ ഹെഡ്മാസ്റ്റർ പി. റഷീദ് സ്വാഗതവും സ്കൂളിലെ അധ്യാപകൻ ഖാലിദ് മാസ്റ്റർ നന്ദിയും പറഞ്ഞു.

ലഹരിക്കെതിരെ കലാലയങ്ങളിൽ നിന്നും ശക്തമായ ശബ്ദമുയരണം: മന്ത്രി മുഹമ്മദ്‌ റിയാസ്

ലഹരിക്കെതിരെ കലാലയങ്ങളിൽ നിന്നും ശക്തമായ ശബ്ദമുയരണമെന്ന് ടൂറിസം പൊതുമരാമത്ത് യുവജനകാര്യ വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പെയിനിന്റെ ജില്ലാതല ഉദ്ഘാടനം മലബാർ ക്രിസ്ത്യൻ കോളേജിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ കലാലയങ്ങൾ ലഹരിവിരുദ്ധതയ്ക്ക് മാതൃകയാകേണ്ടതുണ്ട്. വിദ്യാർത്ഥികൾ ലഹരിക്കെതിരെ പോരാടാൻ കൂട്ടായി പരിശ്രമിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ടൂറിസം മേഖലയിൽ കേരളത്തിന്റെ അനന്ത സാധ്യതകൾ ഉപയോഗപ്പെടുത്തുകയും ലോകഭൂപടത്തിൽ ഇടം നേടുകയും ചെയ്യേണ്ടതുണ്ട്. ഇതിനായി എല്ലാ ക്യാമ്പസുകളിലും ടൂറിസം ക്ലബുകൾ ആരംഭിക്കുകയും പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്യേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം മുഖ്യാതിഥിയായി. ലഹരിവിമുക്തമായ സംസ്ഥാനം എന്നത് സർക്കാരിന്റെ ലക്ഷ്യമാണ്. ലഹരിയെ പ്രതിരോധിക്കുന്നതിന്
കൂട്ടായ പരിശ്രമം ആവശ്യമാണ്. ലഹരിക്കെതിരെയുള്ള പോരാട്ടമെന്ന ദൗത്യം ഏറ്റെടുത്താണ് യുവജന കമ്മീഷൻ ലഹരി വിരുദ്ധ ക്യാമ്പെയിൻ നടത്തുന്നതെന്നും ചിന്ത ജെറോം പറഞ്ഞു.

യുവജന കമ്മീഷന്റെ നേതൃത്വത്തിൽ വിപുലമായ ലഹരി വിരുദ്ധ പരിപാടികളാണ് ജില്ലയിൽ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലയിലെ കോളേജുകളിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. ഒപ്പം ജില്ലയിലെ കോളനികൾ കേന്ദ്രീകരിച്ചു ബോധവത്കരണ ക്ലാസുകളും പൊതു ഇടങ്ങളിൽ കലാജാഥകളും നടത്തും.

മലബാർ ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പൽ സച്ചിൻ പി ജെയിംസ് അധ്യക്ഷത വഹിച്ചു. എക്സൈസ് ഓഫീസർ ഇ. ഐ. മുഹമ്മദ്‌ ബോധവത്കരണ ക്ലാസ്സെടുത്തു. കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് മെമ്പർ ദീപു പ്രേംനാഥ്, സംസ്ഥാന ഗ്രീൻ വളണ്ടിയേഴ്സ് കോർഡിനേറ്റർ പി. രാഹുൽരാജ്, മലബാർ ക്രിസ്ത്യൻ കോളേജ് മാനേജർ പാവമണി ഗ്ലാഡിസ്, എൻ.എസ്.എസ് സെക്രട്ടറി കെ.ആർ അഹല്യ എന്നിവർ പങ്കെടുത്തു. കേരള സംസ്ഥാന യുവജന കമ്മീഷൻ അംഗം എസ്. കെ. സജീഷ് സ്വാഗതവും യുവജന കമ്മീഷൻ ജില്ലാ കോർഡിനേറ്റർ ടി അതുൽ നന്ദിയും പറഞ്ഞു.