പൊതുവിഭാഗം റേഷൻകാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ ഒക്ടോബർ 31 വരെ സ്വീകരിക്കും; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (15/10/2022)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

താൽക്കാലിക നിയമനം

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ ഫാമിലി മെഡിസിൻ വിഭാഗത്തിൽ സീനിയർ റസിഡന്റിന്റെ ഒഴിവിൽ താൽക്കാലിക നിയമനം നടത്തുന്നു. ഒരു വർഷത്തേക്കാണ് നിയമനം. ഫാമിലി മെഡിസിൻ വിഷയത്തിൽ പിജി ഡിപ്ലോമയോ ഡിഗ്രിയും ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം. govtmedicalcollegekozhikode.ac.in/news എന്ന ലിങ്കിൽ നിന്നും ആപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്യാവുന്നതാണ്. താല്പര്യമുള്ളവർ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് principalmcc@gmail.com എന്ന മേൽവിലാസത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0495-2350200, 205, 206, 207

സ്പോട്ട് അഡ്മിഷൻ

സംസ്ഥാന സർക്കാർ സ്ഥാപനമായ കേപ്പിന്റെ നിയന്ത്രണത്തിലുള്ള വടകര കോളേജ് ഓഫ് എൻജിനീയറിങ്ങിൽ ഒന്നാം വർഷ ഓട്ടോമേഷൻ ആൻഡ് റോബോട്ടിക്സ് ഡിപ്ലോമ കോഴ്സിലെ ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഒക്ടോബർ 17ന് രാവിലെ 10 മണി മുതൽ കോളേജിൽ നടക്കുന്ന സ്പോട്ട് അഡ്മിഷനിൽ യോഗ്യത തെളിയിക്കുന്ന രേഖകളും കോഴ്സ് ഫീസും സഹിതം നേരിട്ട് പങ്കെടുത്ത് പ്രവേശനം നേടാം. കൂടുതൽ വിവരങ്ങൾക്ക്- 9400477225, 9747605515, 9447992290.

ഭാഗിക ഗതാഗത നിയന്ത്രണം

മാങ്കാവ് കണ്ണിപറമ്പ് റോഡിൽ കോട്ടായിത്താഴം ജംഗ്ഷനിൽ ഇന്റർലോക്കിംഗ് പ്രവർത്തി നടക്കുന്നതിനാൽ ഒക്ടോബർ 17 മുതൽ പ്രവർത്തി അവസാനിക്കുന്നത് വരെ ഇതുവഴിയുള്ള വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിച്ചു. പെരുമണ്ണ ഭാഗത്ത് നിന്നും വരുന്ന വലിയ വാഹനങ്ങൾ കോട്ടായിത്താഴം പൂവാട്ടുപറമ്പ് റോഡിലൂടെയും കായലം ഭാഗത്തുനിന്നും വരുന്ന വലിയ വാഹനങ്ങൾ പള്ളിത്താഴം പെരുവയൽ റോഡിലൂടെയും പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

ത്രിദിന പരിശീലനം

കോഴിക്കോട് വേങ്ങേരി കാർഷിക മൊത്ത വ്യാപാര കേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന കർഷക പരിശീലന കേന്ദ്രം നവംബർ 2, 3, 4 തിയ്യതികളിൽ ‘നേഴ്സറി പരിപാലനവും സസ്യ പ്രജനന രീതികളും’ എന്ന വിഷയത്തിൽ 30 കർഷകർക്ക് ത്രിദിന പരിശീലനം നടത്തുന്നു. പരിശീലനത്തിൽ പങ്കെടുക്കുവാൻ താൽപര്യമുള്ള കോഴിക്കോട് ,വയനാട് ജില്ലകളിൽ നിന്നുമുള്ള കർഷകർ ഒക്ടോബർ 26 നു മുൻപായി രജിസ്റ്റർ ചെയ്യേണ്ടതാണ്.രജിസ്റ്റർ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും 04952373582

അപേക്ഷ ക്ഷണിച്ചു

2022 – 23 വർഷ മെഡിക്കൽ എൻജിനീയറിങ് എൻട്രൻസ് പരിശീലനം നേടിയ വിമുക്തഭടൻമാരുടെ മക്കൾക്ക് സാമ്പത്തിക സഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോം നവംബർ 5 വരെ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നിന്നും സൗജന്യമായി ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ പത്തിന് വൈകീട്ട് 4 മണി.

അപ്രീന്റസ് നിയമനം.

കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം, ക്ലിനിക്കൽ സൈക്കോളജിയിൽ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 18 ന് രാവിലെ 10.30 ന് യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ ഹാജരാവേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 049502320694

അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ഗവ. ആർട്സ് & സയൻസ് കോളേജിൽ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ് കോഴ്‌സിൽ ഒ ബി എച്ച് , ഒ ബി എക്സ് എന്നീ വിഭാഗങ്ങളിൽ ഓരോ ഒഴിവുകളിലേക്ക് അർഹരായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ള വിദ്യാർത്ഥികൾ ഒക്ടോബർ 17 ന് 2 മണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 049502320694

ടെൻഡർ ക്ഷണിച്ചു

മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പിന് കീഴിൽ എൽ എസ് എസ്സിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഇടിഞ്ഞകുന്ന് മണ്ണിടിച്ചിൽ പ്രദേശം മണ്ണിടിച്ചിൽ പ്രതിരോധ പദ്ധതി ഡി എൽ ടി പ്രവർത്തനങ്ങൾക്ക് ടെൻഡർ ചെയ്തിരിക്കുന്നു. ബിഡ് അവസാനിക്കുന്ന തീയതി ഒക്ടോബർ 28 വൈകുന്നേരം 4 മണി. ബിഡ് തുറക്കുന്ന തീയതി നവംബർ 1 ഉച്ചയ്ക്ക് രണ്ടുമണി. കൂടുതൽ വിവരങ്ങൾക്ക് 04952370790

ബി പി എൽ അപേക്ഷ ഒക്ടോബർ 31 വരെ സ്വീകരിക്കും

പൊതുവിഭാഗം റേഷൻകാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ ഒക്ടോബർ 31 വരെ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. അക്ഷയ കേന്ദ്രം, സിവിൽ സപ്ലൈസ് വകുപ്പിന്റെ വെബ് സൈറ്റിലെ സിറ്റിസൺ ലോഗിൻ എന്നിവ വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

തദ്ദേശ സ്വയംഭരണ സെക്രട്ടറി നൽകുന്ന ബി.പി.എൽ സർട്ടിഫിക്കറ്റുള്ളവർ, മാരക രോഗമുള്ളവർ, പട്ടികജാതി വിഭാഗം, പരമ്പരാഗത മേഖലയിൽ തൊഴിലെടുക്കുന്നവർ, നിർധന ഭൂരഹിത ഭവന രഹിതർ, സർക്കാർ ധനസഹായത്തോടെ ലഭ്യമായ വീടുള്ളവർ (ലക്ഷംവീട്, ഇ.എം.എസ് ഭവന പദ്ധതി, ഇന്ദിര ആവാസ് യോജന പദ്ധതി, മത്സ്യതൊഴിലാളി ഭവന പദ്ധതി, പട്ടികജാതി/പട്ടികവർഗ്ഗ കോളനികൾ തുടങ്ങിയവ), ഭിന്നശേഷിക്കാർ എന്നിവർക്ക് മുൻഗണന ലഭിക്കും. ഇവർ അപേക്ഷയിൽ പ്രസ്തുത വിവരം നൽകുന്നതോടൊപ്പം ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കണം.

ആയിരം ചതുരശ്ര അടിയിലധികം വിസ്തീർണമുള്ള വീട്, ഒരേക്കറിലധികം ഭൂമി, 25000 രൂപയിലധികം പ്രതിമാസ വരുമാനം, നാലുചക്ര വാഹനം (ടാക്സി ഒഴികെ) എന്നിവയുള്ളവർക്ക് മുൻഗണനാ റേഷൻകാർഡിന് അർഹതയില്ല. സംശയ നിവാരണത്തിന് അതത് താലൂക്ക് സപ്ലൈ/സിറ്റി റേഷനിംഗ് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

വടകര നഗരസഭയുടെ മർമ്മാണിതോപ്പ് പദ്ധതിക്ക് അംഗീകാരം

നാഷണൽ കളരി മർമ്മ വൈദ്യ അസോസിയേഷന്റെ പ്രഥമ വേൾഡ് ട്രഡീഷണൽ പുരസ്കാരം വടകര നഗരസഭക്ക്. നഗരസഭയുടെ മർമ്മാണിതോപ്പ് പദ്ധതിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ്. ഒക്ടോബർ 23 ന് മ്യൂസിയം തുറമുഖ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നഗരസഭ ചെയർപേഴ്സൺ കെ.പി ബിന്ദുവിന് അവാർഡ് സമ്മാനിക്കും. നാഷണൽ കളരി മർമ്മ വൈദ്യ അസോസിയേഷനും ഭാരതീയ പാരമ്പര്യ സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷനും സംയുക്തമായാണ് പുരസ്കാരം നൽകുന്നത്.

അന്യം നിന്നുപോകുന്ന കളരി ചികിത്സാ ഔഷധ ചെടികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി നഗരസഭ നടപ്പാക്കിയ പദ്ധതിയാണ് മർമ്മാണി തോപ്പ്. വടകരയിൽ മരുന്നുകൂട്ടുകൾക്കുള്ള ഔഷധച്ചെടികൾ കിട്ടാതാകുന്നത് പരിഗണിച്ചാണ് ഇത്തരം ഒരു പദ്ധതിക്ക് നഗരസഭ നേതൃത്വം നൽകിയത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നഗരസഭയിലെ എല്ലാ വാർഡുകളിലും പച്ചമരുന്നുകൾ വച്ചുപിടിപ്പിച്ച് പദ്ധതി ആവിഷ്കരിച്ചത്.

കുന്ദമംഗലം മുക്കം റോഡ് ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ്

കുന്ദമംഗലത്ത് മുക്കം റോഡ് ജംഗ്ഷനില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്‍റെ സ്വിച്ച് ഓണ്‍ കര്‍മ്മം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ച 5 ലക്ഷം രൂപ ചെലവിലാണ് ജംഗ്ഷനില്‍ പുതിയ ലൈറ്റ് സ്ഥാപിച്ചത്.

കാലങ്ങളായി ജംഗ്ഷനിൽ അനുഭവപ്പെട്ട വെളിച്ചക്കുറവിനാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചതോടെ പരിഹാരമായത്.

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലിജി പുല്‍ക്കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് വി. അനില്‍കുമാര്‍, മെമ്പര്‍മാരായ കെ. സുരേഷ്ബാബു, ടി.ശിവാനന്ദന്‍ തുടങ്ങിയവർ പങ്കെടുത്തു.

പ്രവാസികള്‍ക്ക് ബിസ്സിനസ്സ്; പരിശീലന പരിപാടി സംഘടിപ്പിച്ചു

തിരികെ എത്തിയ പ്രവാസികള്‍ക്ക് ബിസ്സിനസ്സ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. നോര്‍ക്ക ബിസിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ നേതൃത്വത്തിലാണ് പരിശീലനം സംഘടിപ്പിച്ചത്. നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്റർ പ്രോജക്ട്‌സ് മാനേജര്‍ സുരേഷ് കെ.വി, നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്റർ സീനിയർ പ്രോഗ്രാം കോർഡിനേറ്റർ ഡി ഷറഫുദ്ദീന്‍ എന്നിവർ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.

നോര്‍ക്ക റൂട്ട്‌സ്, വ്യവസായ വകുപ്പ്, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ വഴി നടപ്പാക്കുന്ന വിവിധ സംരംഭക സഹായ പദ്ധതികള്‍, വ്യവസായ സംരംഭത്തിനാവശ്യമായ വിവിധ തരം ലൈസന്‍സുകള്‍, ജി.എസ്.ടി എന്നിവ സംബന്ധിച്ചുള്ള പരിശീലനവും പൊതു സംശയങ്ങള്‍ക്കുളള മറുപടിയും ക്ലാസ്സിൽ നല്‍കി. പ്രോജക്റ്റുകള്‍ തയ്യാറാക്കുന്നത് സംബന്ധിച്ചും, എം.എസ്.എം.ഇ യെക്കുറിച്ച് അവബോധമുണ്ടാക്കാനുളള ക്ലാസുകളും നടന്നു.

പരിപാടിയുടെ ഭാഗമായി നടന്ന അവലോകന യോഗത്തിൽ നോർക്ക റൂട്സ് കോഴിക്കോട് സെന്റർ മാനേജർ അബ്ദുൽ നസീർ നോർക്കാ റൂട്സ് പ്രവാസ മേഖലയിൽ നൽകി വരുന്ന സേവനങ്ങളെക്കുറിച്ച് വിശദീകരിച്ചു.

നളന്ദ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയില്‍ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളില്‍ നിന്നുളള പ്രവാസികള്‍ പങ്കെടുത്തു.

അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണം: ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു

അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനത്തോടനുബന്ധിച്ച് നടത്തുന്ന വിവിധ ബോധവത്കരണ പരിശീലന പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം കലക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഢി നിർവഹിച്ചു. ഒക്ടോബർ 22 വരെയാണ് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നത്. ‘മുന്നറിയിപ്പുകളും മുന്നൊരുക്കങ്ങളും എല്ലാവരിലേക്കും’ എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനത്തിന്റെ സന്ദേശം.

തിരഞ്ഞെടുക്കപ്പെട്ട 60 ഓളം സ്കൂളുകളിൽ ജില്ലാ ഫയർ ഓഫീസറുടെയും ദുരന്ത നിവാരണ വകുപ്പിന്റെയും വിദ്യാഭ്യാസ ഉപഡയറക്ടറുടെയും സഹകരണത്തോടെ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് ബോധവത്കരണ ക്ലാസുകളും മോക്ക് ഡ്രില്ലുകളും നടത്തും. ഫിഷറീസ് വിദ്യാലയങ്ങൾ, തീരദേശങ്ങളിലെ മറ്റ് സ്കൂളുകൾ എന്നിവിടങ്ങളിലാണ് പ്രധാനമായും പരിപാടികൾ സംഘടിപ്പിക്കുന്നത്.

ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ നിതിൻ കെ, ബാബു.ടി, ലോഹിതാക്ഷൻ ദുരന്തനിവാരണ വകുപ്പിൽ നിന്നും ഹസാർഡ് അനലിസ്റ്റ് അശ്വതി പി തുടങ്ങിയവർ ക്ലാസുകൾ എടുത്തു.

കോർപ്പറേഷൻ കൗൺസിലർ വി.കെ മോഹൻദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടർ ഇ.അനിത കുമാരി, പി.ടി.എ പ്രസിഡന്റ് എം.കെ ജിതേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പൽ ജസീന്ത ജോർജ് സ്വാഗതവും ഹെഡ്മാസ്റ്റർ മൊഹമ്മദ് കോയ നന്ദിയും പറഞ്ഞു.

ലഹരി ഉപയോഗത്തിനെതിരെ പോസ്റ്റർ പ്രചാരണം ആരംഭിച്ചു

ലഹരി മുക്ത വടകരക്കായി നഗരസഭ നടപ്പാക്കുന്ന ‘പരിച’ പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ വിവിധ സ്ഥലങ്ങളിൽ ലഹരി വിരുദ്ധ പോസ്റ്റർ പ്രചാരണം ആരംഭിച്ചു. പുതുതലമുറയെ ലഹരി ഉപയോഗത്തിൽ നിന്നും പിന്തിരിപ്പിക്കാൻ വിദ്യാർത്ഥികൾ മുഖേനയാണ് പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ.പി ബിന്ദു നിർവ്വഹിച്ചു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി സജീവ് കുമാർ, എം ബിജു, നഗരസഭ കൗൺസിലർമാർ, നഗരസഭ സെക്രട്ടറി, നഗരസഭ ഉദ്യോഗസ്ഥന്മാർ, അധ്യാപകർ എന്നിവർ പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പരിചയുടെ ഭാഗമായി നവംബർ ഒന്ന് വരെ വിവിധ കർമ്മ പദ്ധതികളാണ് നഗരസഭ ആവിഷ്കരിച്ചിരിക്കുന്നത്.

ജീവതാളം പദ്ധതി: മേപ്പയ്യൂരിൽ ശിൽപശാല സംഘടിപ്പിച്ചു

മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ജീവതാളം പദ്ധതിയുടെ ഭാ​ഗമായി ശിൽപശാല സംഘടിപ്പിച്ചു. ജീവിത ശൈലീ രോഗങ്ങൾ ഫലപ്രദമായി ജനപങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്ത് ഹാളിൽ നടന്ന ശിൽപശാലയുടെ ഉദ്ഘാടനം പ്രസിഡന്റ് കെ.ടി.രാജൻ നിർവ്വഹിച്ചു.

ചടങ്ങിൽ വൈസ് പ്രസിഡന്റ് എൻ.പി ശോഭ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.പി രമ, ഭാസ്ക്കരൻ കൊഴുക്കല്ലൂർ, ആസൂത്രണ സമതി ഉപാദ്ധ്യക്ഷൻ സത്യൻ മേപ്പയ്യൂർ, പഞ്ചായത്തം​ഗങ്ങളായ ശ്രീനിലയം വിജയൻ, വി.പി ബിജു, സറീന ഒളോറ, ഹെൽത്ത് സൂപ്പർവൈസർ പി.വി മനോജ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ സി.പി സതീഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എ.എം ഗിരീഷ് കുമാർ, സി.ഡി.എസ് ചെയർപേഴ്സൺ ശ്രീജയ, പി.ഇ.സി കൺവീനർ ടി. സുനന്ദ, ഐ.സി.ഡി.എസ് സൂപ്പർവൈസർ പി.റീന, ആശാവർക്കർ ലത എന്നിവർ സംസാരിച്ചു.

പുത്തൻ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിലൂടെ വലിയ മാറ്റങ്ങൾ ദൃശ്യമാവും – മന്ത്രി അഹമ്മദ് ദേവർകോവിൽ

പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കപ്പെടുന്നതോടെ പ്രൈമറി തലത്തിൽ ഉൾപ്പടെ വലിയ മാറ്റങ്ങൾ ദൃശ്യമാവുമെന്ന്
തുറമുഖം- മ്യൂസിയം – പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. തിരുവണ്ണൂർ ജി.യു.പി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെയും ഹൈടെക് ലൈബ്രറിയുടെയും ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി. സുസ്ഥിര വികസനത്തിന്റെ മാനദണ്ഡങ്ങളെടുത്താൽ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണ് കേരളമെന്നും മന്ത്രി പറഞ്ഞു.

എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 99 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിട നിർമ്മാണ പ്രവർത്തി പൂർത്തീകരിച്ചത്. അഞ്ച് ലക്ഷം രൂപ വിനിയോഗിച്ചാണ് ഹൈടെക് ലൈബ്രറിയുടെ നിർമ്മാണം നടത്തിയത്.

ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ് അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ ഉമൈബ കെ റിപ്പോർട്ട്‌ അവതരിപ്പിച്ചു. കോർപറേഷൻ നികുതി അപ്പീൽകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ നാസർ മുഖ്യപ്രഭാഷണം നടത്തി.

വാർഡ് കൗൺസിലർ നിർമല കെ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം ജയകൃഷ്ണൻ, പി.ടി.എ പ്രസിഡന്റ് കെ.പി പ്രദീപ്‌, ജനപ്രതിനിധികൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു. പ്രധാനധ്യാപിക ലാലി ജോസഫ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ മണിപ്രസാദ് എൻ. എം നന്ദിയും പറഞ്ഞു.

സമ്പൂർണ ഹിന്ദി സാക്ഷര ഗ്രാമമാകാനൊരുങ്ങി ചേളന്നൂർ ഗ്രാമപഞ്ചായത്ത്

രാജ്യത്തെ ആദ്യ സമ്പൂർണ ഹിന്ദി സാക്ഷര ഗ്രാമമാകാനൊരുങ്ങി ചേളന്നൂർ ഗ്രാമപഞ്ചായത്ത്. സമ്പൂർണ ഹിന്ദി സാക്ഷരത യജ്ഞം പദ്ധതിയിലൂടെ വേറിട്ട മാതൃക തീർക്കുകയാണ് പഞ്ചായത്ത്. 70 വയസ്സുവരെയുള്ള എല്ലാവരെയും ഹിന്ദി സാക്ഷരരാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അടുത്ത റിപ്പബ്ലിക് ദിനത്തിൽ പ്രഖ്യാപനം നടത്താനാണ് പഞ്ചായത്ത് ഉദ്ദേശിക്കുന്നത്.

കഴിഞ്ഞവർഷമാണ് പഞ്ചായത്തിന്റെ ഫണ്ട്‌ ഉപയോഗിച്ച് പദ്ധതിക്ക് തുടക്കം കുറിച്ചത്. പഞ്ചായത്തിലെ 21 വാർഡുകളിലെ 20 നും 70 നും ഇടയിൽ പ്രായമുള്ളവർക്കാണ് ക്ലാസുകൾ നൽകുന്നത്. ഏറെ ആവേശത്തോടെയാണ് ആളുകൾ ഹിന്ദി പഠനം ഏറ്റെടുത്തിരിക്കുന്നത്. കൃത്യമായ സർവ്വേ ഉൾപ്പടെയുള്ള കാര്യങ്ങൾ നടത്തിയ ശേഷമാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഹിന്ദി ഭാഷയിലെ വിദഗ്ധരാണ് ക്ലാസുകൾ നയിക്കുന്നത്.

വിവിധ മേഖലകളിലുള്ളവരെ വിളിച്ചു ചേർത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി നൗഷീർ ചെയർമാനും പഞ്ചായത്ത് സാക്ഷരത പ്രേരക് ശശികുമാർ ചേളന്നൂർ ജനറൽ കൺവീനറുമായുള്ള സംഘാടക സമിതി രൂപീകരിച്ചിരുന്നു. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി വാർഡ് തല സംഘാടക സമിതിയും രൂപീകരിച്ചിട്ടുണ്ട്.

പെരുവയൽ ഗ്രാമപഞ്ചായത്തിൽ കേരഗ്രാമം പദ്ധതി

പെരുവയൽ ഗ്രാമപഞ്ചായത്തിനെ കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തുന്നു. ഇതുസംബന്ധിച്ച് സർക്കാർ തീരുമാനമായതായി പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു. കുന്ദമംഗലം നിയോജക മണ്ഡലത്തിൽ നിന്നും ചാത്തമംഗലം, പെരുമണ്ണ, കുന്ദമംഗലം, ഒളവണ്ണ ഗ്രാമപഞ്ചായത്തുകളെ നേരത്തേ കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ അതാത് പ്രദേശത്തിന് അനുയോജ്യമായ തെങ്ങുകൃഷി പരിപാലത്തിനുള്ള വിവിധ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് എം.എൽ.എ പറഞ്ഞു.

രോഗം ബാധിച്ചതും കായ്ഫലം കുറഞ്ഞതും പ്രായാധിക്യമുള്ളതുമായ തെങ്ങുകള്‍ മുറിച്ചുമാറ്റി പകരം ഗുണമേന്മയുള്ള തെങ്ങിന്‍തൈകള്‍ വെച്ചുപിടിപ്പിക്കുക, സബ്സിഡി നിരക്കില്‍ കുമ്മായം, ജൈവവളം, രാസവളം, കീടനാശിനി എന്നിവ കര്‍ഷകര്‍ക്ക് ലഭ്യമാക്കുക, ജലസേചന സൗകര്യം മെച്ചപ്പെടുത്തുന്നതിന് തെങ്ങിന്‍ തോപ്പുകളില്‍ കിണര്‍, പമ്പ്സെറ്റ്, സൂഷ്മ ജലസേചനം, മഴവെള്ള സംഭരണം, ജൈവവള നിര്‍മ്മാണത്തിന് കമ്പോസ്റ്റ് യൂണിറ്റുകള്‍, തെങ്ങുകയറ്റ യന്ത്രങ്ങള്‍ എന്നിവ സബ്സിഡി നിരക്കില്‍ ലഭ്യമാക്കുക എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.

ഇടവിള കൃഷി പ്രോത്സാഹിപ്പിച്ച് കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുക, കേരസമിതികൾക്ക് ധനസഹായം, കൃഷിഭവനുള്ള പ്രവർത്തന ഫണ്ട് തുടങ്ങിയവയും പദ്ധതിയിലൂടെ നടപ്പാക്കുന്ന പ്രധാന പ്രവര്‍ത്തനങ്ങളാണ്.

സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണ പരിപാടി സംഘടിപ്പിച്ചു

ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണ പരിപാടി സംഘടിപ്പിച്ചു. പട്ടികജാതി പട്ടിക വർഗ്ഗ പിന്നോക്ക വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ എല്ലാവരും ഉന്നതിയിലേക്ക് എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി സുനിൽകുമാർ നിർവ്വഹിച്ചു.

ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പൻകണ്ടി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സമിതി ചെയർപേഴ്സൺ സുജ അശോകൻ, ആരോഗ്യ വിദ്യാഭ്യാസ സമിതി അദ്ധ്യക്ഷൻ കെ.സർജാസ്, പട്ടികജാതി വികസന ഓഫീസർ ഒ.സതീശൻ ബി.ഡി.ഒ മനോജ്‌ കുമാർ എ.ടി തുടങ്ങിയവർ പങ്കെടുത്തു. സംരംഭകത്വ വികസനം സംബന്ധിച്ച വിഷയത്തിൽ ചേളന്നൂർ ബ്ലോക്ക് വ്യവസായ ഓഫീസർ സെൽന ക്ലാസ്സെടുത്തു.

ദേശീയ സംരംഭകത്വ മാസാചരണം: പോസ്റ്ററുകൾ പുറത്തിറക്കി

മഹാത്മാഗാന്ധി ദേശീയ സംരംഭകത്വ മാസാചരണത്തിന്റെ ഭാഗമായി നടത്തുന്ന വിവിധ മത്സരങ്ങളുടെ പോസ്റ്ററുകൾ പ്രകാശനം ചെയ്തു. ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഢി ഉദ്ഘാടനം നിർവഹിച്ചു. സംരംഭകത്വ വികസനത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രൂപീകരിച്ചിട്ടുള്ള കൂട്ടായ്മകൾ വഴി വിദ്യാർത്ഥികൾക്ക് തങ്ങളുടെ ആശയങ്ങൾ പ്രാവർത്തികമാക്കാൻ സാധിക്കും. ഇതിനായി ക്യാമ്പസുകളിൽ വിദ്യാർത്ഥി സ്വയം സഹായ സംഘങ്ങൾ രൂപീകരിക്കേണ്ടതുണ്ടെന്ന് കലക്ടർ പറഞ്ഞു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലെ ഗ്രാമീണ വിദ്യാഭ്യാസത്തിനായുള്ള ദേശീയ സമിതി (എം.ജി.എൻ.സി.ആർ.ഇ)
നടത്തുന്ന ദേശീയ സംരംഭകത്വ മാസാചരണം ഒക്ടോബർ 19 മുതൽ നവംബർ 20 വരെ ആചരിക്കും. ഇതിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എം.ജി.എൻ.സി.ആർ.ഇക്ക് കീഴിലുള്ള വിവിധ കൂട്ടായ്മകൾക്കാണ് സംരംഭകത്വ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. എസ്.ഇ.എസ് ആർ.ഇ.സി, ആർ.ഇ.ഡി.സി, വി.ഇ.എൻ.ടി.ഇ.എൽ കൂട്ടായ്മകളിലെ അംഗങ്ങൾക്കും മത്സരങ്ങളിൽ പങ്കെടുക്കാം.

മത്സരത്തിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി വിദ്യാർത്ഥികൾക്ക് തങ്ങളുടെ കാമ്പസിലെ എം.ജി.എൻ.സി.ആർ.ഇ കൂട്ടായ്മകളുമായി ബന്ധപ്പെടാവുന്നതാണ്.

ഒരു വർഷം ഒരു ലക്ഷം സംരംഭം: അവലോകന യോഗം ചേർന്നു

കേരള സർക്കാരിന്റെ ‘ ഒരു വർഷം ഒരു ലക്ഷം സംരംഭം ‘ പദ്ധതിയുടെ കോഴിക്കോട് സൗത്ത് നിയോജക മണ്ഡലതല അവലോക യോഗം തുറമുഖം പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ അധ്യക്ഷതയിൽ ചേർന്നു. ലൈസൻസ് നൽകാൻ ചുമതലയുള്ള വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് തുടർ പ്രവർത്തനങ്ങൾ വിജയകരമാക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ മന്ത്രി നിർദ്ദേശം നൽകി.

സംരംഭകർക്ക് കൂടുതൽ സഹായകരമാകുന്ന വിധത്തിൽ കെട്ടിട നിയമങ്ങളിൽ മാറ്റങ്ങൾ വരുത്താനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാം. സംരംഭക വർഷ പദ്ധതിയുടെ വിജയത്തിന് വിവിധ വകുപ്പുകളുടെ സംയോജിത പ്രവർത്തങ്ങൾ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. കോർപറേഷൻ കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു.

കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ വാർഡുകളിലെ പ്രവർത്തനങ്ങൾ യോഗം അവലോകനം ചെയ്തു. 381 സംരംഭങ്ങളാണ് ആരംഭിച്ചത്. 36.12 കോടി രൂപയുടെ നിക്ഷേപമാണ് നടന്നത് . 946 പേർക്ക് ഇതുവഴി തൊഴിൽ ലഭിച്ചു.

സംരംഭക വർഷത്തിൽ ഏറ്റവും കൂടുതൽ സംരംഭങ്ങൾ ആരംഭിച്ചത് കോഴിക്കോട് കോർപറേഷനിലാണ്. 1001 സംരംഭങ്ങളുമായാണ് കോർപറേഷൻ ജില്ലയിൽ ഒന്നാം സ്ഥാനത്ത് എത്തിയത്. 95 കോടി രൂപ നിക്ഷേപവും 2699 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു.

ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ്‌, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ദിവാകരൻ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു പി അബ്രഹം, ഇ.ഐ മാനേജർ സലീന, എ.ഡി.ഐ.ഒ ജെയിൻ സി.ജെ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു. കോർപറേഷൻ വ്യവസായ വികസന ഓഫീസർ ശ്രീജിത്ത്‌ എം പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു.

സര്‍വ്വവിജ്ഞാനകോശം വജ്രജൂബിലി: ജില്ലാതല ക്വിസ് മത്സരം നടത്തി

സംസ്ഥാന സര്‍വ വിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സര്‍വ്വ വിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ടും സമഗ്ര ശിക്ഷ കേരളയും സംയുക്തമായി ക്വിസ്മത്സരം സംഘടിപ്പിച്ചു. സര്‍വ്വ വിജ്ഞാനകോശം മുന്‍ ഡയറക്ടര്‍ പ്രൊഫ.കെ പാപ്പുട്ടി ഉദ്ഘാടനം ചെയ്തു.

ക്വിസ് മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ ശിവപുരം ഗവ. എച്ച്.എസ്.എസിലെ ശ്രീഹരി. എസ്.ആര്‍., കെ.എം.എച്ച്.എസ്. കോട്ടക്കലിലെ അഭിഷേക് സജീവന്‍ എന്നിവര്‍ സംസ്ഥാനതല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വിജയികള്‍ക്ക് എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്ററും സര്‍വ്വ വിജ്ഞാനകോശം ഭരണസമിതി അംഗവുമായ ഡോ.എ.കെ. അബ്ദുള്‍ഹക്കീം സമ്മാന വിതരണം നടത്തി.

എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ കെ.എന്‍ സജീഷ് നാരായണ്‍, വി.ടി ഷീബ, യു.ആര്‍.സി, നടക്കാവ് ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍ വി. ഹരീഷ്, ജി.യു.പി.എസ്, ഈസ്റ്റ് നടക്കാവ് സ്‌കൂള്‍ പ്രധാനാധ്യാപകന്‍ സതീഷ് കെ തുടങ്ങിയവര്‍ പങ്കെടുത്തു.

സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണ പരിപാടി സംഘടിപ്പിച്ചു

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിൽ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണ പരിപാടി സംഘടിപ്പിച്ചു. പട്ടികജാതി പട്ടിക വർഗ്ഗ പിന്നോക്ക വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ എല്ലാവരും ഉന്നതിയിലേക്ക് എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു നിർവഹിച്ചു.

ചടങ്ങിൽ വൈസ് പ്രസിഡന്റ് സി.കെ. പാത്തുമ്മ അധ്യക്ഷത വഹിച്ചു. പി.എം.എ.വെെ പദ്ധതിയിൽ ഉൾപ്പെടുത്തി പണി പുർത്തീകരിച്ച വീടുകളുടെ താക്കോൽ ദാനം ജില്ലാ പഞ്ചായത്ത് അംഗം സി.എം ബാബു നിർവ്വച്ചു.

ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയുടെ ഭാഗമായി 11 പേർക്ക് പാനമുറിയുടെയും 32 പേർക്ക് വകുപ്പിന്റെ പഠനമുറിയുടേയും ആദ്യ ഗഡുവും 28 പേർക്ക് 3.75 ലക്ഷം രൂപവീതം ഭൂമി വാങ്ങുന്നതിനുള്ള പദ്ധതിയുടെ ഉദ്ഘാടനവും നിർവ്വഹിച്ചു.

ബ്ലോക്ക് സ്ഥിരം സമിതി ചെയർമാൻ പി.കെ രജിത, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.കെ വിനോദൻ, കെ.കെ ലിസി, ഗിരിജ ശശി, വഹീദ പാറേമൽ, പ്രഭാശങ്കർ എന്നിവർ സംസാരിച്ചു. ബ്ലോക്ക് ജോയിന്റ് ബി.ഡി.ഒ ബേബി ജോൺ സ്വാഗതവും ബ്ലോക്ക് പഞ്ചായത്തം​ഗം സനാതനൻ നന്ദിയും പറഞ്ഞു.

‘കൃഷി പാഠശാല’ പരിശീലന പരിപാടി സംഘടിപ്പിച്ചു

കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കൃഷി പാഠശാല പരിശീലന പരിപാടി സംഘടിപ്പിച്ചു. ‘കൃഷി പാഠശാല’ എന്ന പേരിൽ സംഘടിപ്പിച്ച ത്രിദിന പരിപാടി കോടഞ്ചേരി ഗ്രാമപഞ്ചത്ത് പ്രസിഡന്റ് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു.

കാഞ്ഞിരാട് കണ്ടത്തിൽ സജി ജോസഫിന്റെ കൃഷിയിടത്തിൽ നടന്ന പരിശീലന പരിപാടിയിൽ ഗ്രാമ പഞ്ചായത്ത്‌ വികസന സ്റ്റാന്റിങ്ങ് ചെയർമാൻ ജോസ് പെരുമ്പള്ളി അധ്യക്ഷത വഹിച്ചു. കൃഷി പാഠശാലയിൽ വിവിധയിനം ഫലവർഗ കൃഷികളെപ്പറ്റി കൃഷി അസിസ്റ്റൻറ് ഡയറക്ടർ തോമസ് ക്ലാസ്സെടുത്തു.

കാർഷികമേഖലയിൽ വിദേശ ഇനം ഫലങ്ങൾ ഉൾപ്പെടെ വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നതിനുള്ള മാർഗ്ഗങ്ങൾ, മികച്ച വിളവ് നൽകുന്ന ഇനങ്ങൾ, വിള സംരക്ഷണ മാർഗ്ഗങ്ങൾ എന്നിവ വിശദീകരിച്ചു.

പച്ചക്കറി കൃഷിയെ ആസ്പദമാക്കിയ പരിശീലന പരിപാടിയിൽ കാർഷിക സർവകലാശാല അസിസ്റ്റന്റ് പ്രൊഫസർ ഷിജിനി ഇ.എം ക്ലാസെടുത്തു.

കേരള കാർഷിക സർവ്വകലാശാലയിൽ നിന്നും പുറത്തിറക്കിയ മികച്ച ഇനം പച്ചക്കറി ഇനങ്ങളെ പരിചയപ്പെടുത്തുകയും നൂതന സാങ്കേതിക വിദ്യകൾ വിള സംരക്ഷണ മാർഗ്ഗങ്ങൾ, ജൈവ കീടനാശിനികൾ, ജീവാണുവളങ്ങൾ എന്നിവയെക്കുറിച്ചും ചർച്ചകൾ നടന്നു. കാർഷിക രംഗത്ത് നാനോ വളങ്ങൾ ഉപയോഗപ്പെടുത്തുന്നതിന് അവബോധം സൃഷ്ടിക്കാൻ പ്രായോഗിക പരിശീലനം നൽകി.

വാർഡ് മെമ്പർമാരായ ബിന്ധു, ചിന്ന അശോകൻ, കൃഷി ഓഫീസർ രമ്യാ രാജൻ. വി, കൃഷി അസിസ്റ്റന്റ് റെനീഷ്.എം തുടങ്ങിയവർ പങ്കെടുത്തു

സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം 2022 ; സംസ്ഥാനതല സമാപനം ഒക്ടോബർ 16 ന്

പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗ വികസന വകുപ്പുകളുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 മുതൽ നടത്തിവരുന്ന സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം 2022 ന്റെ സംസ്ഥാനതല സമാപനം ഒക്ടോബർ 16 ന് നടക്കും. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ ഒക്ടോബർ 16 വൈകിട്ട് 4 മണിക്ക് ദേവസ്വം പട്ടികജാതി-പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമം പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർവ്വഹിക്കും.

മ്യൂസിയം തുറമുഖ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിക്കും. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പട്ടികജാതി വികസന വകുപ്പിന്റെ ഭവന പൂർത്തീകരണ പദ്ധതിയായ സേഫ് പദ്ധതിയുടെയും വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പിന്നോക്ക വിഭാഗ വികസന വകുപ്പിന്റെ സ്കോളർഷിപ്പ് പദ്ധതിയുടെയും ഉദ്ഘാടനം നിർവഹിക്കും.

സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി “എല്ലാവരും ഉന്നതിയിലേക്ക്’ എന്ന സന്ദേശത്തിൽ അധിഷ്ഠിതമായി സംസ്ഥാനത്തിന്റെ എല്ലാഭാഗങ്ങളിലും നൂറോളം സെമിനാറുകളും, ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചു. വെബിനാറുകളും ശുചീകരണ പ്രവർത്തനങ്ങളും, ആരോഗ്യ ക്യാമ്പുകളും, പദ്ധതി ഉദ്ഘാടനങ്ങളും, നിർമ്മാണോദ്ഘാടനങ്ങളും ഉൾപ്പെടെ 2022 പ്രോഗ്രാമുകളാണ് പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗ വികസന വകുപ്പുകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചത്.

നേട്ടങ്ങൾ പൊതുസമൂഹത്തിലേയ്ക്ക് എത്തിക്കുന്നതിനോടൊപ്പം പിന്നോക്ക വസ്ഥയിലുള്ള മുഴുവൻ ജനവിഭാഗങ്ങളെയും ഉന്നതിയിലേയ്ക്ക് എത്തിക്കുന്നതിന് പൊതു സമൂഹത്തിന്റെ പിന്തുണയും കൂടിയാണ് ഈ വർഷത്തെ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ലാപ്ടോപ് , ഗോൾഡ് കോയിൻ വിതരണം, പിന്നോക്ക വിഭാഗ വികസന കോർപ്പറേഷന്റെ ലോൺ വിതരണം എന്നിവയും ഒക്ടോബർ 16 ന് നടക്കും. കോഴിക്കോട് മേപ്പയ്യൂർ പഞ്ചായത്തിലെ പുലപ്രകുന്ന് കോളനി ഏറ്റെടുത്ത ക്ലിജോ(ഗവ. ലോ കോളേജ്, കോഴിക്കോട്) സംഘടനയ്ക്കും ഓൾ ഇന്ത്യ ട്രേഡ് ടെസ്റ്റ് വിജയി കുമാരി ശിശിര ബാബുവിനും ഇന്റർ നാഷണൽ ബുക്ക്സ് ഓഫ് റിക്കോർഡ്സിൽ ഇടം നേടിയ അക്ഷിൻ. പി.യ്ക്കും ചടങ്ങിൽ ആദരവ് നൽകും.

സമാപന ചടങ്ങിനോടനുബന്ധിച്ച് ടാഗോർ സെന്റിനറി ഹാൾ പരിസരത്ത് പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ ചിത്ര പ്രദർശനം ഉണ്ടായിരിക്കും.

ചേറ്റൂല്‍ മൊയ്തീന്‍ സ്മാരക റോഡ് ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കാരന്തൂര്‍ ഈസ്റ്റ് വാര്‍ഡില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച ചേറ്റൂല്‍ മൊയ്തീന്‍ സ്മാരക റോഡ് പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 4 ലക്ഷം രൂപ ചെലവിലാണ് റോഡിന്‍റെ നവീകരണം പൂര്‍ത്തീകരിച്ചത്.

പ്രദേശത്തെ പൊതുരംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്ന ചേറ്റൂല്‍ മൊയ്തീന്‍റെ സ്മരണ നിലനിര്‍ത്തുന്നതിനാണ് ഗ്രാമപഞ്ചായത്ത് തീരുമാനപ്രകാരം പാതക്ക് ചേറ്റൂല്‍ മൊയ്തീന്‍ റോഡ് എന്ന് നാമകരണം നടത്തിയത്.

കുന്ദമംഗംലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലിജി പുല്‍ക്കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബാബു നെല്ലൂളി മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി അനില്‍കുമാര്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ യു.സി പ്രീതി, ശബ്ന റഷീദ്, ചന്ദ്രന്‍ തിരുവലത്ത്, മെമ്പർമാരായ പട്ടാളിയിൽ ജസീല ബഷീർ, ടി ശിവാനന്ദൻ, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ലഹരി മുക്ത വിദ്യാലയം: ദീപാവലി ദിനത്തിൽ വീടുകളിൽ ദീപമാല തീർക്കും

വിദ്യാലയങ്ങൾ ലഹരി മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ദീപാവലി ദിനമായ ഒക്ടോബർ 24 ന് ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ വിദ്യാർഥികൾ വീടുകളിൽ ലഹരി വിരുദ്ധ ദീപമാല തെളിയിക്കും. ലഹരിമുക്ത ക്യാമ്പസ് എന്ന ലക്ഷ്യം നേടാൻ മണ്ഡലത്തിൽ ഒരു വർഷം നീളുന്ന കർമപദ്ധതിയ്ക്ക് അഡ്വ. കെ.എം. സച്ചിൻ ദേവ് എം.എൽ.എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം രൂപം നൽകി.

വിദ്യാലയ ജാഗ്രതാ സമിതിയുടെ പ്രവർത്തനം ശക്തിപ്പെടുത്താനും ചുമതലക്കാർക്ക് പരിശീലനം നൽകാനും യോഗം തീരുമാനിച്ചു. എം എൽ എ യുടെ നേതൃത്വത്തിൽ രണ്ടു ദിവസത്തെ ലഹരി വിരുദ്ധ സന്ദേശയാത്ര വിദ്യാലയങ്ങളിൽ പര്യടനം നടത്തും. ജനപ്രതിനിധികൾ, പോലീസ് എക്സൈസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യാത്രയുടെ ഭാഗമാവും.

കുട്ടികളുടെ വ്യക്തിത്വ വികാസം ലക്ഷ്യം വെച്ച് ആവിഷ്കരിക്കുന്ന സമഗ്ര പദ്ധതിയുടെ ഭാഗമായി രക്ഷാകർതൃ പരിശീലനവും മണ്ഡലാടിസ്ഥാനത്തിൽ സംഘടിപ്പിക്കും.
പോലീസ് – എക് സൈസ് വകുപ്പുകളുടെ നേതൃത്വത്തിൽ രൂപികരിക്കുന്ന സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾക്ക് ജനകീയ പിന്തുണ ഉറപ്പാക്കാനും യോഗത്തിൽ ധാരണയായി.

ബാലുശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കൻ്ററി സ്‌കൂളിൽ നsന്ന യോഗത്തിൽ സർക്കിൾ ഇൻസ്പക്ടർ എ കെ സുരേഷ്കുമാർ, എക്സൈസ് ഇൻസ്പക്ടർ ഒ ബി ഗണേഷ്, പേരാമ്പ്ര സബ്‌ ഇൻസ്പക്ടർ എം എ രഘുനാഥ്, ഹൈസ്കൂൾ ഹയർ സെക്കൻ്ററി സ്ഥാപന മേധാവികൾ, പി ടി എ പ്രസിഡൻ്റുമാർ, വിവിധ വകുപ്പുദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ബാലുശ്ശേരി ഹയർ സെക്കൻ്ററി പി ടി എ പ്രസിഡൻ്റ് കെ ഷൈബു സ്വാഗതവും പ്രിൻസിപ്പാൾ ആർ ബിന്ദു നന്ദിയും പറഞ്ഞു.

ചേളന്നൂരിൽ പ്ലാസ്റ്റിക് മാലിന്യ ശേഖരണ യജ്ഞത്തിന് തുടക്കമായി

ചേളന്നൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പ്ലാസ്റ്റിക് മാലിന്യ ശേഖരണ യജ്ഞത്തിന് തുടക്കമായി. വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനകളുടെയും യൂണിറ്റുകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

റോഡിന്റെ പാർശ്വഭാഗങ്ങളിലും അങ്ങാടികളിലും ഓടകളിലും വെള്ളക്കെട്ടുകളിലും അടിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് മാലിന്യം ഇതുവഴി നീക്കം ചെയ്യപ്പെടും. ശുചിത്വ പദവി ലഭിച്ച ചേളന്നൂർ ഗ്രാമപഞ്ചായത്തിൽ പ്ലാസ്റ്റിക് നിയന്ത്രണം കർശനമായി പാലിക്കാൻ ഇതിനോടകം നിർദ്ദേശം നൽകിയിട്ടുണ്ട്.

പള്ളിപ്പൊയിൽ മദ്രസ ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി നൗഷീർ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിവിധ സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.