ഇന്ന് ഉത്രാടപാച്ചിൽ, തിരുവോണത്തിന് മണിക്കൂറുകൾ മാത്രം ബാക്കി; തിരക്കിലമർന്ന് വടകര ന​ഗരം


വടകര: ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ തിരുവോണത്തെ വരവേൽക്കാൻ മലയാളനാട് ഒരുങ്ങിക്കഴിഞ്ഞു. അവസാനഘട്ട ഒരുക്കത്തിലാണ് എല്ലാവരും. തിരുവോണദിവസം തന്നെയാണ് ആഘോഷത്തിൻ്റെ തിമിർപ്പു മുഴുവൻ. എങ്കിലും ഉത്രാട ദിവസം ആവേശം അല്പം കൂടതലാണ്. എത്ര ദിവസം ഉണ്ടായിരുന്നെന്ന് പറഞ്ഞാലും ഉത്രാട ദിനം മലയാളിക്ക് ഒരു പാച്ചിലാണ്.

തിരുവോണത്തിന് പുത്തൻ വസ്ത്രങ്ങൾ വാങ്ങാൻ എത്തിയവരെകൊണ്ട് വടകരയിലെ ഭൂരിഭാ​ഗം ടെക്സ്റ്റൈൽ ഷോപ്പുകളും നിറഞ്ഞു. സദ്യ വട്ടത്തിനുള്ള പച്ചക്കറികളും പലവ്യഞ്ജനങ്ങളും വാങ്ങാനുമൊക്കെ വടകര പഴയ ബസ് സ്റ്റാൻഡ് പരിസരത്തെ പച്ചക്കറി ചന്തയിൽ രാത്രിയിലും ആളുകൾ എത്തുന്നുണ്ട്. കൂടാതെ പൂക്കളം തയ്യാറാക്കാനുള്ള പൂക്കൾ വില്ക്കുന്ന ചന്തകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ലിങ്ക് റോഡും പഴയ ബസ് സ്റ്റാൻഡ്, കോടതി പരിസരവും ​അക്ഷരാർത്ഥത്തിൽ ഉത്രാടപാച്ചിലിന്റെ തിരക്കിലമർന്നു.

വാഹനങ്ങളുടെ നീണ്ട നിരയാണ് പഴയ ബസ് സ്റ്റാൻഡിലുള്ളത്. മണിക്കുറുകൾ നീളുന്ന വാഹന ​ഗതാ​ഗതക്കുരുക്ക്. കടകളിലേക്ക് സാധനങ്ങൾ വാങ്ങാനെത്തുന്ന ആളുൾ റോഡ് സൈഡിൽ വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നതാണ് ​ഗതാ​ഗതക്കുരുക്കിന് ഇടയാക്കിയത്. ​ഗതാ​ഗതക്കുരുക്ക് നിയന്ത്രിക്കാൻ ആവശ്യത്തിന് പോലിസ് ഉദ്യോ​ഗസ്ഥർ സ്ഥലത്തില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.