സഹപ്രവര്‍ത്തകന്റെ ചികിത്സയ്ക്കായി കൈകോര്‍ത്ത് ബസ് ജീവനക്കാര്‍; കോഴിക്കോട് കുറ്റ്യാടി റൂട്ടില്‍ ഇന്ന് സ്വകാര്യ ബസുകളുടെ കാരുണ്യയാത്ര


പേരാമ്പ്ര: കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ്സുകള്‍ ഇന്ന് കാരുണ്യ യാത്ര നടത്തും. സ്വകാര്യ ബസ് ഡ്രൈവറായ പന്തിരിക്കര നാഗത്ത് ചാലില്‍ പ്രദീപന്റെ (47)ചികിത്സയ്ക്കു വേണ്ടിയാണ് ബസുടമകളും സംയുക്ത തൊഴിലാളി യൂണിയനുകളും ചേര്‍ന്ന് കാരുണ്യയാത്ര നടത്തുന്നത്.

രാവിലെ 9ന് കുറ്റ്യാടി പുതിയ ബസ് സ്റ്റാന്‍ഡില്‍ ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയില്‍ കഴിയുകയാണ് പ്രദീപന്‍. ഇദ്ദേഹത്തിന്റെ ചികിത്സയ്ക്ക് ഭാരിച്ച തുക ആവശ്യമാണ്. ഭാര്യയും 3 കുട്ടികളും പ്രായമായ അച്ഛനും അമ്മയും അടങ്ങുന്നതാണ് പ്രദീപന്റെ കുടുംബം. നിര്‍ധന കുടുംബത്തെ സഹായിക്കുന്നതിന് 17 ബസുകളാണ് ഇന്ന് കാരുണ്യ യാത്ര നടത്തുക.