കുട്ടികളിലൂടെ വിദ്യാലയങ്ങളിലും അതുവഴി സമൂഹത്തിലേക്കും മാലിന്യ സംസ്കരണത്തിൻ്റെ സന്ദേശം എത്തിക്കുക; കുട്ടികളുടെ ഹരിതസഭയുമായി വടകര നഗരസഭ


വടകര: വടകര നഗരസഭയിൽ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു. മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായാണ് വടകര നഗരസഭയിൽ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചത്. വടകര നഗരസഭ സൈക്ലോൺ ഷെൽട്ടറിൽ വച്ചു പരിപാടിയിൽ നഗരസഭ ചെയർപേഴ്സൺ കെ.പി.ബിന്ദു നഗരസഭ തലത്തിൽ നടത്തുന്ന മാലിന്യ സംസ്കരണ പ്രവർത്തനം സംബന്ധിച്ച റിപ്പോർട്ട്‌ അവതരിപ്പിച്ചു.

നഗരസഭ വൈസ് ചെയർമാൻ പി.കെ.സതീശൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. പാനൽ അംഗം ആവണി അധ്യക്ഷത വഹിച്ചുകൊണ്ട് ഹരിതസഭ നടപടിക്രമം വിശദീകരിച്ചു. ഗായത്രി കൃഷ്ണ.കെ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പാനൽ അംഗം ആഗ്നേയ് ജിത്ത് ഹരിതസഭ ലക്ഷ്യം പ്രാധാന്യം എന്നിവ അവതരിപ്പിച്ചു. തുടന്ന് ഓരോ സ്കൂളുകളിൽ നിന്നും കുട്ടികളുടെ നേതൃത്വത്തിൽ റിപ്പോർട്ട്‌ അവതരിപ്പിച്ചു.

നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ.പി.പ്രജിത മറുപടി പ്രസംഗം നടത്തി. തുടർന്ന് ചോദ്യോത്തര വേള നടന്നു. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സ്കൂളുകൾക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

മാലിന്യ സംസ്കരണത്തിൽ കുട്ടികൾക്കുള്ള അവബോധം വളർത്തുക. കുട്ടികളിലൂടെ വിദ്യാലയങ്ങളിലും അതുവഴി സമൂഹത്തിലേക്കും മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ മാതൃകാപരമായ ഇടപെടലുകൾ നടത്തുക എന്നിവയാണ് ഹരിത സഭ കൊണ്ട് ഉദ്ദേശിക്കുന്നത്. കുട്ടികളിൽ നിന്നുള്ള 5 പാനൽ അംഗങ്ങളാണ് ഹരിതസഭ പൂർണമായും നിയന്ത്രിച്ചത്.

മുനിസിപ്പാലിറ്റിയിലെ 47 സ്കൂളുകളിൽ നിന്നും വിദ്യാർത്ഥികൾ ഹരിത സഭയിൽ പങ്കെടുത്തു. ഓരോ സ്കൂളിലെ പ്രതിനിധീകരിച്ചുകൊണ്ട് അധ്യാപകരും പങ്കെടുത്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ, കൗൺസിലർമാർ, നഗരസഭാ ജീവനക്കാർ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, പ്രതിനിധികൾ, ശുചിത്വ മിഷൻ പ്രതിനിധി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Summary: To convey the message of waste management through children to schools and thereby to the community; Vadakara Municipality with Children’s Green Society