ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം; പൊതുജനങ്ങൾ ഒത്തുകൂടുന്നത് നിരോധിച്ചു


കൂത്തുപറമ്പ്: മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പരിധിയിൽ പുലിയുടെ സാന്നിധ്യം കണ്ടെത്തി. ഇതേ തുടർന്ന് ഇന്ന് രാവിലെ 10 മണി മുതൽ നാളെ വൈകിട്ട് അഞ്ച് മണി വരെ മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പരിധിയിൽ പൊതുജനങ്ങൾ ഒത്തുകൂടുന്നത് നിരോധിച്ചു. കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ബിഎൻഎസ്എസ് സെക്ഷൻ 13 പ്രകാരമാണ് ഉത്തരവ്. ഈ ഉത്തരവ് ലംഘിക്കുന്ന സാഹചര്യത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്ന വ്യക്തികൾക്കെതിരെ ഭാരതീയ ന്യായസംഹിത പ്രകാരം ശിക്ഷണ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കലക്ടർ അറിയിച്ചു. മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പരിധിയിൽ പുലിയുടെ സാന്നിധ്യം കണ്ടതിനാൽ പൊതുജനങ്ങൾക്ക് അപകടം ഉണ്ടാവാൻ സാധ്യത ഉണ്ടെന്ന് ഇരിട്ടി തഹസിൽദാർ റിപ്പോർട്ട് ചെയ്തിരുന്നു.