മാനന്തവാടി പഞ്ചാരകൊല്ലിയിൽ ദൗത്യസംഘത്തിന് നേരെ കടുവയുടെ ആക്രമണം; ആര്‍ആര്‍ടി ഉദ്യോഗസ്ഥന് പരിക്ക്‌


മാനന്തവാടി: പഞ്ചാരകൊല്ലിയിൽ സ്ത്രീയെ ആക്രമിച്ച് കൊന്ന കടുവയെ പിടികൂടാനായി ഇറങ്ങിയ ദൗത്യ സംഘത്തിന് നേരെ കടുവാ ആക്രമണം. ദൗത്യസംഘത്തിലെ ആര്‍.ആര്‍.ടി ഉദ്യോഗസ്ഥന് കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റു. മാനന്തവാടി ആർആർടി അംഗം ജയസൂര്യക്കാണ് കൈക്ക് പരിക്കേറ്റത്.

കടുവയെ കണ്ടെത്താന്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം പഞ്ചാരക്കൊല്ലിയിലെ വനപ്രദേശങ്ങളിലേക്ക് പോയിരുന്നു. രാധ കൊല്ലപ്പെട്ട തറാട്ടില്‍ എന്ന ഭാഗത്ത് വെച്ചാണ് കടുവ ഉദ്യോഗസ്ഥനെ ആക്രമിക്കുന്നത്. സ്ഥലത്ത് കടുവയെ കണ്ടുവെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് സംഘമിവിടെയെത്തിയത്. ഉൾക്കാട്ടിൽ വെച്ചാണ് കടുവയുടെ ആക്രമണം ഉണ്ടായത്. ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കൈക്കും ശരീരത്തിന്റെ പലഭാഗങ്ങളിലും പരിക്കുണ്ട്.

കൂടിനു സമീപം വരെ കടുവ എത്തിയെങ്കിലും കൂട്ടിലേക്ക് കയറിയിരുന്നില്ല. കടുവയെ കണ്ടെത്തിയാല്‍ നിയമപ്രകാരമുള്ള നടപടിയുമായി മുന്നോട്ട് പോകുമെന്നും വെടിവെക്കേണ്ട സാഹചര്യമുണ്ടായാൽ വെടിവെക്കുമെന്നും മന്ത്രി ഒ.ആർ. കേളു വ്യക്തമാക്കി.