‘പെെപ്പിലൂടെ ഇനി അവർക്ക് കുടിവെള്ളമെത്തും’; അര്‍ഹരായ വീടുകളിലെല്ലാം കുടിവെള്ള കണക്ഷന്‍ നൽകി ‘ഹര്‍ ഘര്‍ ജല്‍’ പഞ്ചായത്തായി മാറി തുറയൂര്‍


തുറയൂര്‍: സമ്പൂര്‍ണ കുടിവെള്ള കണക്ഷന്‍ നല്‍കിയ പഞ്ചായത്തായി തുറയൂര്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടപ്പിലാക്കുന്ന ഗ്രാമീണ കുടിവെള്ള പദ്ധതിയായ ജല്‍ ജീവന്‍ മിഷന്‍ വഴിയാണ് പഞ്ചായത്തിലെ അര്‍ഹരായ എല്ലാ വീടുകളിലും കുടിവെള്ള കണക്ഷന്‍ നല്‍കിയത്. ‘ഹര്‍ ഘര്‍ ജല്‍’ പ്രഖ്യാപനം വിശേഷാല്‍ ഗ്രാമസഭയില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരീഷ് നിര്‍വഹിച്ചു.

കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ ഐ.എം.ഐ.എസ് ഡാറ്റ പ്രകാരം ടാപ്പ് കണക്ഷന്‍ നല്‍കേണ്ടിയിരുന്ന 3352 വീടുകളിലും വെള്ളം എത്തിച്ചത് പ്രകാരമാണ് പ്രഖ്യാപനം നടത്തിയത്. പിന്നീട് കൂട്ടിച്ചേര്‍ത്ത വീടുകള്‍ ഉള്‍പ്പെടെ 3640 വീടുകളില്‍ ടാപ്പ് കണക്ഷന്‍ നല്‍കി. കൂടാതെ 14 അങ്കണവാടികള്‍, 10 സ്‌കൂളുകള്‍, അഞ്ച് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കണക്ഷന്‍ നല്‍കി. പദ്ധതിയുടെ ഉദ്ഘാടനം സെപ്റ്റംബര്‍ രണ്ടാം വാരത്തിനുള്ളില്‍ നടക്കും.

പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടില്‍ അധ്യക്ഷത വഹിച്ചു. സോഷ്യോ എക്കണോമിക് യൂണിറ്റ് ഫൗണ്ടേഷന്‍ കോഡിനേറ്റര്‍ ടി.പി.രാധാകൃഷ്ണന്‍ പദ്ധതി വിശദീകരിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.എം രാമകൃഷ്ണന്‍, ടി.കെ.ദിപിന, പഞ്ചായത്തംഗങ്ങളായ എ.കെ.കുട്ടികൃഷ്ണന്‍, കെ.പി.ശ്രീകല, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി.കെ.ജിതേഷ്, എസ്.ഇ.യു.എഫ് അസിസ്റ്റന്റ് ഡയരക്ടര്‍ കെ.നിഷ, തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.കൃഷ്ണകുമാര്‍ സ്വാഗതവും ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സബിന്‍രാജ് നന്ദിയും പറഞ്ഞു.

Summary: Thurayur became a ‘Har Ghar Jal’ panchayat by providing potable water connection to all eligible houses