തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് സ്വാഗത ഗാനമൊരുക്കി തൂണേരി വേട്ടക്കൊരുമകൻ ക്ഷേത്രത്തിലെ മേൽശാന്തി


വടകര: ഈ വർഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്‍റെ സ്വാഗത ഗാനമൊരുക്കിയത് തൂണേരിയിലെ സ്വദേശിയായ യുവകവി ശ്രീനിവാസന്‍ തൂണേരിയാണ്. തൂണേരിയിലെ വേട്ടയ്‌ക്കൊരുമകൻ ക്ഷേത്രത്തിലെ മേല്‍ശാന്തി ശ്രീനിവാസന്‍. തിരുവനന്തപുരത്ത് ജനുവരിയിലാണ് സംസ്ഥാന സ്കൂള്‍ കലോത്സവം നടക്കുക.

കുട്ടിക്കാലം മുതല്‍ കവിതകള്‍ എഴുതിത്തുടങ്ങിയ ശ്രീനിവാസൻ, സ്കൂള്‍ കലോത്സവങ്ങളില്‍ കവിതാരചനയില്‍ സമ്മാനം നേടിയിട്ടുണ്ട്. സ്കൂള്‍ വിട്ട് കോളജിലെത്തിയപ്പോഴും കവിതയെഴുത്ത് വിട്ടില്ല. ഇന്‍റർസോണ്‍ കലോത്സവങ്ങളില്‍ അഞ്ച് വർഷം കവിതാരചനയില്‍ തിളങ്ങി.

കേരള നവോത്ഥാന ചരിത്രവും സാംസ്കാരിക പാരമ്ബര്യവുമെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണ് സ്വാഗത ഗാനം. മൗനത്തിന്‍റെ സുവിശേഷം (2017), ഇഞ്ചുറി ടൈം (2023) എന്നീ രണ്ട് കവിതാ സമാഹാരങ്ങള്‍ ശ്രീനിവാസൻ്റെതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2015 മുതല്‍ സമൂഹമാധ്യമങ്ങളിലും സജീവമായി എഴുതുന്നു.

ബംഗാള്‍ രാജ്ഭവന്‍ ഏര്‍പ്പെടുത്തിയ ഗവര്‍ണേഴ്‌സ് എക്‌സലന്‍സി കവിതാ പുരസ്‌കാരം, തുഞ്ചന്‍ ഉത്സവം ദ്രുതകവിതാ പുരസ്‌കാരം, അങ്കണം സാംസ്‌കാരികവേദി ടി.വി കൊച്ചുബാവ സ്മാരക കവിതാ പുരസ്‌കാരം, എറണാകുളം ജനകീയ കവിതാവേദിയുടെ ചെമ്മനം ചാക്കോ സ്മാരക കവിതാ പുരസ്‌കാരം, ഉത്തര കേരള കവിതാ സാഹിത്യവേദി അക്കിത്തം സ്മാരക പുരസ്‌കാരം, നല്ലെഴുത്ത് കാവ്യാങ്കണം പുരസ്കാരം, സപര്യ രാമായണ കവിതാ പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Summary: Thunerikaran has prepared a welcome song for the State School Art Festival in Thiruvananthapuram