തൂണേരി ഷിബിൻ വധക്കേസ് ശിക്ഷാ വിധി 15 ന്; നാദാപുരം മേഖലയിൽ സുരക്ഷ ശക്തമാക്കി, ഫെയ്സ്ബുക്ക്, വാട്സ് ആപ് ​ഗ്രൂപ്പുകൾ പോലിസ് നിരീക്ഷണത്തിൽ


 

നാദാപുരം : ഡി.വൈ.എഫ്.ഐ. പ്രവർത്തകൻ സി.കെ. ഷിബിൻ വധക്കേസിലെ പ്രതികളെ ഹൈക്കോടതി ശിക്ഷിച്ചതോടെ നാദാപുരം മേഖലയിൽ പോലീസിന്റെ പട്രോളിങ്‌ ശക്തമാക്കി. നാദാപുരം, കുറ്റ്യാടി പോലീസ് സ്റ്റേഷൻ പരിധിയിലാണ് പട്രോളിങ്‌ ശക്തമാക്കിയത്. നാദാപുരം മേഖലയിൽ കൂടുതൽ പോലീസിനെ നിയോഗിച്ചിട്ടുണ്ട്

നാദാപുരം, തൂണേരി, വെള്ളൂർ, വേറ്റുമ്മൽ, പുറമേരി, ചാലപ്പുറം, പേരോട്, ഇരിങ്ങണ്ണൂർ ഭാഗങ്ങളിലാണ് പോലീസ് കൂടുതൽ ജാഗ്രതാനിർദേശം നൽകിയത്. നേരത്തേ വിവിധ കേസുകളിൽ ഉൾപ്പെട്ട ക്രിമിനലുകളെ പോലീസ് നിരീക്ഷിക്കുന്നുണ്ട്. പ്രതികൾ കുറ്റക്കാരാണെന്ന് ഹൈക്കോടതി വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷ 15-നാണ് പ്രഖ്യാപിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് സമൂഹികമാധ്യമങ്ങൾ വഴിയുള്ള പ്രചാരണങ്ങൾ നിരീക്ഷിച്ചുവരുന്നുണ്ട്. ഫേസ് ബുക്ക്, വാട്സ് ആപ് ​ഗ്രൂപ്പുകൾ പോലിസ് നിരീക്ഷിക്കുന്നുണ്ട്. നേരത്തേ വിചാരണക്കോടതി പ്രതികളെ വെറുതേവിട്ടപ്പോൾ സാമൂഹിക മാധ്യമങ്ങൾവഴി വ്യാപക പ്രചാരണങ്ങൾ നടത്തിയിരുന്നു. അതിന്റെ പാശ്ചാത്തലത്തിൽ വീണ്ടും കേസിനെക്കുറിച്ചും കോടതി വിധികളെക്കുറിച്ചും സാമൂഹികമാധ്യമങ്ങളിലൂടെ നടത്തുന്ന പരാമർശങ്ങൾ പോലീസ് അതീവ ഗൗരവത്തോടെയാണെടുക്കുന്നത്.