തൂണേരി കല്ലാച്ചേരിക്കടവ് പാലം യാഥാർത്ഥ്യമാകുന്നു; പാലത്തിന്റെ അപ്രോച്ച് റോഡിനുള്ള സ്ഥലമേറ്റെടുക്കൽ നടപടിക്ക് തുടക്കമായി


തൂണേരി: കോഴിക്കോട്, കണ്ണൂർ ജില്ലകളെ ബന്ധിപ്പിച്ചു മയ്യഴി പുഴയ്ക്ക് കുറുകെ നിർമിക്കാൻ ഉദ്ദേശിച്ച കല്ലാച്ചേരിക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡിനുള്ള സ്ഥലമേറ്റെടുക്കൽ നടപടിക്ക് പ്രാരംഭം കുറിച്ചു.കോഴിക്കോട്ടെ തൂണേരി, എടച്ചേരി പഞ്ചായത്തുകളെയും കണ്ണൂരിലെ തൃപ്പങ്ങോട്ടൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലം നിർമാണവുമായി ബന്ധപ്പെട്ട് സാമൂഹിക ആഘാത പഠനം നടത്തിയ കണ്ണൂർ കെയ്റോസിന്റെ നേതൃത്വത്തിൽ, ഇരുപ്രദേശങ്ങളിലും കഴിഞ്ഞദിവസം നാട്ടുകാരുടെ അഭിപ്രായം കേൾക്കുന്നതിനായി പൊതുജന സമ്പർക്കം നടത്തി.

വിഎസ് സർക്കാരിന്റെ കാലത്ത് ബജറ്റിൽ 3 കോടി രൂപ പാലം നിർമാണത്തിന് വകയിരുത്തിയിരുന്നു. കണ്ണൂർ ജില്ലയിൽ സ്ഥലം നൽകാൻ ഉടമകൾ വിസമ്മതിച്ചതിനെ തുടർന്നാണ് പണം വകയിരുത്തി കാലമേറെയായിട്ടും പാലം പൂർത്തിയാകാതിരുന്നത്. വിഎസ് സർക്കാർ 3 കോടി രൂപയാണ് പാലത്തിന് ബജറ്റിൽ‌ അനുവദിച്ചിരുന്നതെങ്കിൽ ഒന്നാം പിണറായി സർക്കാർ അത് 10 കോടിയാക്കി വർധിപ്പിച്ചിരുന്നു. പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി തൂണേരി പഞ്ചായത്തിൽ 90 സെന്റും എടച്ചേരി പഞ്ചായത്തിൽ 8 സെന്റും കണ്ണൂർ ജില്ലയിലെ തൃപ്പങ്ങോട്ടൂർ പഞ്ചായത്തിൽ 33 സെന്റുമാണ് ഏറ്റെടുക്കേണ്ടത്.

ന്യായവില നൽകാൻ‌ സർക്കാർ തയാറാകണമെന്ന് പാലത്തിനു സ്ഥലം നൽകാൻ സന്നദ്ധരായ ഉടമകൾ പൊതുജന സമ്പർക്ക പരിപാടിയിൽ ആവശ്യപ്പെട്ടു. സമീപത്തെ വീടുകളിലേക്കുള്ള വഴി മുടങ്ങാതിരിക്കാൻ അണ്ടർ പാസ് സൗകര്യം ഏർപ്പെടുത്തുക, നടപടിക്രമങ്ങൾ വേഗത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കപ്പെട്ടു. തൂണേരിയിൽ പഞ്ചായത്ത് പ്രസിഡന്റ് സുധ സത്യൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു.മെംബർ കൃഷ്ണൻ കാനന്തേരി, കെയ്റോസ് പ്രൊജക്ട് മാനേജർ കെ.വി.ചന്ദ്രൻ, പിഡബ്ല്യുഡി എഎക്സ്ഇ പി.സജിത്ത്, അസിസ്റ്റന്റ് എൻജിനീയർ ടി.കെ.റോജി, റവന്യു വാല്വേഷൻ അസിസ്റ്റന്റ് പി.സി.ഗിരീഷ് കുമാർ, റവന്യു ഇൻസ്പെക്ടർ മഹേഷ് കുമാർ, കെയ്റോസ് വൊളന്റിയർ അലന പോൾ എന്നിവർ പ്രസംഗിച്ചു.