തൂണേരി ചേട്യാലക്കടവ് പാലം പ്രവർത്തി ഇഴഞ്ഞ് നീങ്ങുന്നു; ​പുതിയ പാലം തുറക്കുന്നതും കാത്ത് പ്രദേസവാസികൾ


തൂണേരി: ചേട്യാലക്കടവ് തൂക്ക് പാലം അപകടാവസ്ഥയിലായതിനെ തുടർന്നാണ് പുതിയം പാലം നിർമ്മിക്കാൻ പദ്ധതിയായത്. തൂണേരി, ചെക്യാട് പഞ്ചായത്തുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമാണത്തിന് 2015ലാണ് ഭരണാനുമതി ലഭിച്ചത്. എന്നാൽ ടെൻഡർ നടപടികൾ ആരംഭിച്ചതോടെ കരാറുകാർ തമ്മിലുണ്ടായ തർക്കം കോടതി കയറി. പാലം പണി ആരംഭിക്കുന്നത് നീണ്ടുപോയി. പൊതുമരാമത്ത് ഒമ്പത് കോടി രൂപയിലേറെയാണ് പാലത്തിന്റെ പണിക്കായി വകയിരുത്തിയത്.

ആദ്യം കരാർ നൽകിയത് കോഴിക്കോട്ടെ കരാറുകാരനായിരുന്നു. മാനദണ്ഡം പാലിച്ചു പണി നടത്താത്തതിന്റെ പേരിൽ ഇയാളെ ഒഴിവാക്കുകയായിരുന്നു. വയനാട് സ്വദേശിയുമായാണ് ഇപ്പോൾ കരാർ. ഇടയ്ക്ക് പണി വേ​ഗത്തിലാക്കിയിരുന്നു. എന്നാൽ കാലവർഷം ആരംഭിച്ചതോടെയാണ് പാലം പണി വീണ്ടും ഇഴഞ്ഞ് നീങ്ങാൻ തുടങ്ങിയത്. ഏകദേശം അൻപത് ശതമാനത്തോളം പണി പൂർത്തിയായെന്ന് വാർഡം​ഗം പറഞ്ഞു.

കോഴിക്കോട് ജില്ലയിൽ നിന്നും എളുപ്പത്തിൽ കണ്ണൂർ ജില്ലയിലെ കടവത്തൂർ, പാനൂർ, തലശ്ശേരി എന്നിവിടങ്ങളിലേക്കും സംസ്ഥാന പാതയായ നാദാപുരം പെരിങ്ങത്തൂർ റോഡിൽ നിന്നും അരീക്കരക്കുന്നിൽ പ്രവർത്തിക്കുന്ന ബി.എസ്.എഫ് കേന്ദ്രത്തിലേക്കും പാലം പണി പൂർത്തിയാകുന്നതോടെ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയും. ഇതിനായി മൂന്നു കിലോമീറ്റർ നീളത്തിൽ കുഞ്ഞിപ്പുര മുക്കിൽ നിന്നും പുഴ വരെയുള്ള റോഡ് നിർമാണം പൂർത്തികരിച്ചിട്ടുണ്ട്.

തൂക്ക് പാലം അപകടാവസ്ഥയിലായതോടെ ഇത് വഴിയുള്ള യാത്ര നിരോധിച്ചിരിക്കുകയാണ്. അതിനാൽ കിലോമീറ്ററുകൾ ചുറ്റിയാണ് ഇപ്പോൾ പ്രദേശത്തുകാർ സഞ്ചരിക്കുന്നത്. തൂണേരി, ചെക്യാട് പഞ്ചായത്ത് നിവാസികളുടെ ഏറെ നാളത്തെ സ്വപ്നമാണ് പുതിയ പാലം നിർമാണം പൂർത്തിയാകുന്നതോടെ യാഥാർത്യമാകുക.