ശക്തമായ മഴയ്ക്കൊപ്പം എത്തിയ ഇടിമിന്നൽ നാശം വിതച്ചു; പേരാമ്പ്ര പാലേരിയിൽ ഇടിമിന്നലേറ്റ് വീടിന് കേടുപാട് സംഭവിച്ചു


പേരാമ്പ്ര: ശക്തമായ ഇടിമിന്നലിൽ വീടിന് കേടുപാടുകൾ സംഭവിച്ചു. ഇന്ന് വൈകിട്ട് പെയ്ത ശക്തമായ മഴയെ തുടർന്നുണ്ടായ ഇടിമിന്നലിലാണ് പാലേരിയില്‍ വീടിന് കേടുപാട് സംഭവിച്ചത്. പാലേരി കൈതേരി മുക്കിലെ കൊറഞ്ഞേറമ്മല്‍ സദാന്ദന്റെ വീടിനാണ് ഇടിമിന്നലില്‍ നാശനഷ്ടമുണ്ടായത്.

വൈകിട്ട് 5.30 ഓടെയാണ് ശക്തമായി പെയ്ത മഴക്കൊപ്പം വലിയ ശബ്ദത്തോടെ ഇടിമിന്നലും ഉണ്ടായത്. ഇടിമിന്നലില്‍ വീടിന്റെ വയറിംഗ് പൂര്‍ണ്ണമായും കത്തി നശിച്ചു. മുന്‍വശത്തെ തൂണും സമീപത്ത് ഉണ്ടായിരുന്ന ഗ്ലാസ് അക്വേറിയവും തകര്‍ന്നിട്ടുണ്ട്.

വീട്ടലേക്ക് വൈദ്യുതി എത്തിക്കുന്ന സര്‍വ്വീസ് വയറും പൂര്‍ണ്ണമായും കത്തി നശിച്ചു. ഇടിമിന്നലിന് തൊട്ടുമുമ്പുവരെ സദാനന്ദനും സുഹൃത്തും കേടുപാടു സംഭവിച്ച ഈ തൂണിന് സമീപത്ത് ഇരിക്കുന്നുണ്ടായിരുന്നു. ഇവര്‍ ഇവിടെ നിന്ന് എഴുന്നേറ്റ ഉടനെയായിരുന്നു സംഭവം. വലിയ അപകടത്തിൽ നിന്നും രക്ഷപ്പെട്ടതിൻ്റെ ആശ്വാസത്തിലാണ് സദാനന്ദനും കുടുംബവും.

Summary: Thunderstorms accompanied by heavy rains wreaked havoc; A house was damaged by lightning in Perampra Paleri