സമൃദ്ധമായ് കായ്കളുമായി പച്ചക്കറിച്ചെടികള്‍; പേരാമ്പ്ര ഉപജില്ലാ വിദ്യാഭ്യാസതലത്തില്‍ പച്ചക്കറിക്കൃഷിയില്‍ ഒന്നാംസ്ഥാനം നേടി തൃക്കുറ്റിശ്ശേരി ഗവ. യു.പി. സ്‌കൂള്‍


പേരാമ്പ്ര: പച്ചക്കറി കൃഷിയില്‍ മികച്ച നേട്ടവുമായി തൃക്കുറ്റിശ്ശേരി ഗവ. യു.പി. സ്‌കൂള്‍. വിദ്യാഭ്യാസവകുപ്പിന്റെ നിര്‍ദേശപ്രകാരം സ്‌കൂള്‍ പരിസരങ്ങളില്‍ കൃഷി നടത്തിയാണ് പച്ചക്കറിക്കൃഷിയില്‍ പേരാമ്പ്ര ഉപജില്ലാ വിദ്യാഭ്യാസതലത്തില്‍ സ്‌കൂള്‍ ഒന്നാംസ്ഥാനം കൈവരിച്ചിരിക്കുന്നത്.

സ്‌കൂള്‍ പറമ്പിലും ടെറസിലുമാണ് പ്രധാനമായും കൃഷി ഒരുക്കിയിരിക്കുന്നത്. ടെറസിനുമുകളില്‍ 210 ഗ്രോബാഗുകളിലും സ്‌കൂളിനോടുചേര്‍ന്നുള്ള അഞ്ച് സെന്റ് സ്ഥലത്തും പച്ചമുളക്, വെണ്ട, വഴുതന, പയര്‍, കക്കിരി, തക്കാളി, പലതരം ചീരകള്‍ എന്നിവയെല്ലാം വളര്‍ത്തിയെടുത്തിട്ടുണ്ട്. ചേനയും ചേമ്പും കൃഷി വേറൊരിടത്ത് വളരുന്നു. അഞ്ച് സെന്റില്‍ കപ്പക്കൃഷിയുമുണ്ട്.

കുട്ടികളും അധ്യാപകരും രക്ഷിതാക്കളും പാചകത്തൊഴിലാളികളുമെല്ലാം കൂട്ടായ പരിശ്രമത്തിലൂടെയാണ് സ്‌കൂള്‍ ഈ വിജയത്തിലെത്തിയിരിക്കുന്നത്. ഒരുമാസത്തോളം കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണത്തിന് ജൈവപച്ചക്കറിയുണ്ടാകും.

ജി.എം.എല്‍.പി. സ്‌കൂള്‍ നടുവണ്ണൂര്‍ രണ്ടാംസ്ഥാനവും കെ.വി.എല്‍.പി.എസ്. ചെറുക്കാട് മൂന്നാംസ്ഥാനവും നേടി. സെയ്ന്റ് ജോസഫ്സ് ഹൈസ്‌കൂള്‍ ചെമ്പനോടയ്ക്ക് പ്രത്യേക പ്രോത്സാഹനസമ്മാനവുമുണ്ട്.