‘അച്ഛന്റെ കരളാണ് ഈ മകള്‍’; നിയമ പോരാട്ടത്തിനൊടുവില്‍ രാജ്യത്തെ പ്രായം കുറഞ്ഞ അവയവ ദാതാവായി ദേവനന്ദ


ആലുവ: നിയമ പോരാട്ടത്തിനൊടുവില്‍ അച്ഛന്‍ പ്രതീഷിന് കരള്‍ നല്‍കി ദേവനന്ദ. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി മാറിയിരിക്കുകയാണ് തൃശ്ശൂര്‍ കോലഴി സ്വദേശിയായ പതിനേഴുകാരിയായ ദേവനന്ദയെന്ന് ശസ്തക്രിയ നടന്ന ആലുവ രാജഗരിരി ആശുപത്രി അധികൃതര്‍ പറഞ്ഞു.

തൃശ്ശൂരില്‍ കഫെ നടത്തിയിരുന്ന 48-കാരനായ പ്രതീഷിന് കരളില്‍ കാന്‍സര്‍ കണ്ടെത്തിയതോടെയാണ് കരള്‍മാറ്റം അനിവാര്യമായത്. രാജഗിരി ആശുപത്രിയില്‍ തുടര്‍ പരിശോധനയ്ക്കായി എത്തിയപ്പോഴാണ് തന്റെ കരള്‍ ചേരുമോയെന്നു നോക്കാന്‍ ദേവനന്ദ ആവശ്യപ്പെടുന്നത്.

നിയമപ്രകാരം 18 വയസ്സ് പൂര്‍ത്തിയാകാത്തത് അവയവദാനത്തിന് തടസ്സമായതിനാല്‍ ഇളവുതേടി ദേവനന്ദ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി രൂപവത്കരിച്ച മെഡിക്കല്‍ ബോര്‍ഡിനു മുന്നില്‍ എല്ലാ രേഖകളും ഹാജരാക്കി. ഒടുവില്‍ ഹൈക്കോടതിയുടെ അനുമതി നേടി ശസ്ത്രക്രിയ നടത്തി. രാജഗിരി ആശുപത്രിയില്‍ ഡോ. രാമചന്ദ്ര നാരായണ മേനോന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. ചികിത്സ ചെലവ് ആശുപത്രി ഏറ്റെടുത്തു. ഒരാഴ്ചത്തെ ആശുപത്രി വാസത്തിനു ശേഷം ദേവനന്ദ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്.