മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങി ഭണ്ഡാരകവര്‍ച്ച; കോഴിക്കോട് മൂന്ന് യുവാക്കള്‍ പിടിയില്‍


കോഴിക്കോട്: മോഷ്ടിച്ച ന്യൂജെന്‍ ബൈക്കുകളില്‍ രാത്രി കറങ്ങി അമ്പലങ്ങളില്‍ ഭണ്ഡാരകവര്‍ച്ച നടത്തുന്ന സംഘം അറസ്റ്റില്‍. ചക്കുംകടവ് സ്വദേശികളായ അമ്പലത്താഴം എം.പി ഹൗസില്‍ മുഹമ്മദ് ഷിഹാല്‍, അമ്പലത്താഴം എം.പി ഹൗസില്‍ ഫാസില്‍, കുറ്റിക്കാട്ടൂര്‍ സ്വദേശി കുഴ്മഠത്തില്‍ മേത്തല്‍ മുഹമ്മദ് തായിഫ് എന്നിവരാണ് പിടിയിലായത്. ടൗണ്‍ അസി. കമീഷണര്‍ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും എലത്തൂര്‍ പൊലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

കഴിഞ്ഞദിവസം അന്തര്‍ജില്ല വാഹനമോഷണ സംഘത്തിലെ മുഖ്യ ആസൂത്രകനെ ക്രൈം സ്‌ക്വാഡും കസബ സബ് ഇന്‍സ്‌പെക്ടര്‍ എസ്. അഭിഷേകും പിടികൂടിയതിനെ തുടര്‍ന്ന് സിറ്റിയിലെ വാഹനമോഷണ സംഘങ്ങളെ ക്രൈം സ്‌ക്വാഡ് രഹസ്യമായി നിരീക്ഷിച്ചുവരുകയായിരുന്നു. നിരവധി മോഷണക്കേസുകളില്‍ പ്രതികളാണ് പിടിയിലായവര്‍. വാട്‌സ് ആപ്പില്‍ വൈറലായ മാറാട് താഴത്തുംകണ്ടി അമ്പലത്തില്‍ മോഷണം നടത്തിയത് തങ്ങളാണെന്ന് പ്രതികള്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

അമ്പലത്തില്‍ കവര്‍ച്ച നടത്തുന്നതിനായി പാലോറ മലയിലുള്ള വീടിന്റെ മുറ്റത്ത് നിര്‍ത്തിയിട്ട പള്‍സര്‍ എന്‍.എസ് 200 മോട്ടോര്‍ സൈക്കിളാണ് മോഷ്ടിച്ചത്. പ്രതികളില്‍നിന്ന് എന്‍.എസ് ബൈക്കും കണ്ടെടുത്തു. മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന്‍ പരിധിയിലും അമ്പലങ്ങളില്‍ മോഷണം നടത്തിയതായി പ്രതികള്‍ സമ്മതിച്ചു. ആവശ്യം കഴിഞ്ഞാല്‍ ദേശീയപാതയുടെ അരികിലും ആളൊഴിഞ്ഞ സ്ഥലങ്ങളിലുമാണ് മോഷ്ടിച്ച വാഹനങ്ങള്‍ ഉപേക്ഷിക്കാറ്. ഇഷ്ടപ്പെട്ട വാഹനം തുടര്‍ന്നും ഉപയോഗിക്കാന്‍ ആളുകള്‍ക്ക് സംശയം തോന്നാത്ത വിധം റോഡരികില്‍ പാര്‍ക്ക് ചെയ്തിടും. എലത്തൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ രാജേഷാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ ആമോസ് മാമ്മന്റെ നിര്‍ദേശപ്രകാരം സിറ്റി ക്രൈം സ്‌ക്വാഡ് നഗരത്തില്‍ ഒരുവര്‍ഷത്തിനിടെ നടന്ന വാഹനമോഷണങ്ങളില്‍ ഊര്‍ജിതാന്വേഷണം നടത്തുന്നുണ്ട്.