ബാലുശ്ശേരിയില്‍ വീടിനോട് ചേര്‍ന്നുള്ള കുളത്തില്‍ വീണ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം
ബാലുശ്ശേരി: മീന്‍ വളര്‍ത്തുന്ന കുളത്തില്‍ മൂന്നുവയസുകാരി മുങ്ങിമരിച്ചു. ഡാര്‍ജിലിങ് താരാബാരി സ്വദേശി റോജി ഥാപ്പയാണ് മരിച്ചത്. ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന വീടിന് സമീപത്തുള്ള കുളത്തിലാണ് മൃതദേഹം കണ്ടത്.
ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. കളിക്കുന്നതിനിടയില്‍ കുട്ടി അബദ്ധത്തില്‍ കുളത്തില്‍ വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഈ കുട്ടിയും കുടുംബവും ഇവിടെ താമസിക്കാന്‍ തുടങ്ങിയത്. വീടിന്റെ ഉടമസ്ഥനായ അറപ്പീടിക പേരാറ്റും പൊയില്‍ രാജന്റെ തോട്ടവും വീടുമെല്ലാം പരിചരിക്കുന്ന ജോലിയാണ് ഇവര്‍ ചെയ്തിരുന്നത്.

ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.