കണ്ണൂരിൽ ബ്രൗൺഷുഗറുമായി രണ്ട് യുവതികളുൾപ്പടെ മൂന്ന് പേർ പിടിയിൽ; പിടിയിലായവരിൽ അത്തോളി സ്വദേശിനിയും
കണ്ണൂർ: ബ്രൗൺ ഷുഗറുമായി രണ്ട് യുവതികളടക്കം മൂന്ന് പേർ കണ്ണൂരിൽ പിടിയിൽ. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കാറിൽ സഞ്ചരിക്കുകയായിരുന്ന മൂന്ന് പേരും പിടിയിലായത്. അത്തോളി ചാളക്കുഴിയിൽ ഹൗസിലെ ദിവ്യ എൻ (36), തലശേരി മൊട്ടാമ്പ്രം കമ്പളപ്പുറത്ത് ഹൗസിലെ ഫാത്തിമ ഹബീബ (27), തോട്ടട സമാജ് വാദി കോളനിയിലെ മഹേന്ദ്രൻ എന്ന മഹേന്ദ്ര റെഡ്ഡി (33) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
24.23 ഗ്രാം ബ്രൗൺ ഷുഗറാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. വെള്ളിയാഴ്ച്ച വൈകീട്ട് കണ്ണൂർ തളാപ്പ് പാമ്പൻ മാധവൻ റോഡിലെ സ്വകാര്യ ലാബിനു മുൻവശത്ത് വെച്ചാണ് പ്രതികൾ പിടിയിലായത്. മംഗലാപുരം ഭാഗത്തു നിന്ന് കണ്ണൂർ ഭാഗത്തേക്ക് മയക്ക്‌മരുന്നു മായി പ്രതികൾ കാറിൻവരുന്നുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ടൗൺപോലീസും വനിതാ പോലീസും നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലാവുന്നത്.
വിൽപനക്കായി എത്തിച്ച മയക്ക്‌മരുന്നാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. പിടിയിലായ ഫാത്തിമ ഹബീബ എക്സൈസിന്റെ കേസുകളിൽ ഉൾപ്പെടെ പ്രതിയാണ്. തോട്ടടയിലെ മഹേന്ദ്രനും നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി, വനിതാ സ്റ്റേഷൻ എസ്പെ്ഐ രേഷ്‌മ കെ കെ, ഡാൻസാഫ് ടീം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Summary: Three persons including two young women arrested with brown sugar in Kannur; A native of Atholi was among those arrested