ചക്കിട്ടപ്പാറയിൽ ഇളംകാട്, ചെങ്കോട്ടക്കൊല്ലി വാര്‍ഡുകളിലും പെരുവണ്ണാമൂഴി ഭാഗത്തും തെരുവുനായകളുടെ ആക്രമണം; മൂന്നുപേര്‍ക്ക് കടിയേറ്റു


പെരുവണ്ണാമൂഴി: ചക്കിട്ടപാറ പഞ്ചായത്തിലെ ആറ്, ഏഴ് വാഡുകളിലും പെരുവണ്ണാമൂഴി ഭാഗത്തും തെരുവനായ ആക്രമണത്തില്‍ മൂന്നു പേര്‍ക്ക് കടിയേറ്റു. ചെങ്കോട്ടക്കൊല്ലി ചക്കും മൂട്ടില്‍ അബ്രഹാം കോശി (പാപ്പി), വട്ടക്കയം കളരിമുക്ക് ഭാഗത്ത് വടക്കേ എളോല്‍ കരുണന്‍, പെരുവണ്ണാമൂഴി ഭാഗത്തായി മൂന്ന് വയസ്സുകാരിയായ ഒരു കുട്ടി എന്നിവര്‍ക്കാണ് കടിയേറ്റത്. ചൊവ്വാഴ്ച്ചയായിരുന്നു സംഭവം. പ്രദേശത്തെ നിരവധി മൃഗങ്ങള്‍ക്കു നേരെയും തെരുവുനായ അക്രമം ഉണ്ടായി.

തൊരുവുനായ വീട്ട് മുറ്റത്ത് കെട്ടിയിട്ട വളര്‍ത്തു നായയെ ആക്രമിക്കാന്‍ വരുന്നത് കണ്ട് നായയെ രക്ഷിക്കുന്നതിനിടെയാണ് അബ്രഹാമിന് കടിയേറ്റത്. കരുണന്റെ കാലിനാണ് തെരുവുനായയുടെ കടിയേറ്റത്. ഇരുവരും കുറ്റ്യാടി സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സതേടി.

പെരുവണ്ണാമൂഴിയിലെ ആശുപത്രിയില്‍ ബന്ധുക്കള്‍ക്കൊപ്പം ചികിത്സയ്‌ക്കെത്തിയ മുതുകാട് സ്വദേശിയായ മൂന്നുവയസ്സുകാരിയെ ആശുപത്രിയുടെ മുന്‍ഭാഗത്തുവെച്ച് നായ ആക്രമിച്ചു. ഗേറ്റിനുസമീപം നായ നില്‍ക്കുന്നതുകണ്ട് ആശുപത്രിക്കകത്തുനിന്ന് കുട്ടി അടുത്തേക്ക് ഓടിച്ചെല്ലുകയായിരുന്നു. ആ സമയത്താണ് നായ കുട്ടിക്കുനേരെ ചാടിവീണ് ആക്രമിച്ചത്. കുട്ടി നിലത്തുവീണു. ഉടനെ ബന്ധു ഓടിയെത്തി നായയെ ഓടിച്ചുവിടുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.

ഏഴാംവാര്‍ഡില്‍ തച്ചിലേടത്ത് ബിജുവിന്റെ രണ്ട് ആടിനെയും വാഴക്കടവത്ത് ചാക്കോയുടെ കോഴികളെയും പാഴുക്കുന്നേൽ അപ്പോളോയുടെ വളർത്തുനായയെയും അക്രമിച്ചു. തൊരുവുനായയെ പിടികൂടാനായുള്ള ശ്രമങ്ങള്‍ ഇന്നലെ ഏറെ വൈകിയും നടന്നെങ്കിലും ഫലമുണ്ടായില്ല. ഇന്നും ശ്രമം തുടരുന്നതായി പഞ്ചായത്ത് അംഗങ്ങള്‍ അറിയിച്ചു. പ്രദേശത്തോട് ചേര്‍ന്നഭാഗങ്ങള്‍ വനമേഖല ആയതിനാല്‍ നായയെ കണ്ടെത്തുക പ്രയാസമാവുന്നതായും പറഞ്ഞു. നാട്ടുകാർ ഏറെ പരിഭ്രാന്തിയിലാണ്.