‘പുതുതലമുറയുടെ പോക്ക് ശരിയല്ലെന്ന് പറയുന്നവരുടെ ശ്രദ്ധയ്ക്ക്’; കളഞ്ഞുകിട്ടിയ പതിനെട്ടായിരം രൂപയോളം അടങ്ങുന്ന പേഴ്സ് ഉടമയെ തിരിച്ചേൽപ്പിച്ച് മാതൃകയായി ലോകനാർകാവിലെ മൂന്ന് കുട്ടികൾ
വടകര: കളഞ്ഞുകിട്ടിയ പതിനെട്ടായിരം രൂപയോളം അടങ്ങുന്ന പേഴ്സ് ഉടമയെ തിരിച്ചേൽപ്പിച്ച് ലോകനാർകാവിലെ മൂന്ന് കുട്ടികൾ. മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥി ജിഷ്ണു, ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥി തരുൺതേജ്, മേപ്പയിൽ ഈസ്റ്റ് എസ് ബി സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥി നീരജ് എന്നിവരാണ് മറ്റുള്ളവർക്ക് മാതൃകയായ പ്രവൃത്തി ചെയ്തത്. ലോകനാർകാവ് ചിറയ്ക്ക് സമീപം താഴെ മത്തത്ത് കൃഷ്ണദാസിന്റെ പണം അടങ്ങിയ പേഴ്സാണ് കുട്ടികൾ തിരിച്ച് ഏൽപ്പിച്ചത്.
ഇക്കഴിഞ്ഞ മാർച്ച് 21ന് ആണ് സംഭവം. കൃഷ്ണദാസും കുടുംബവും വടകര ടൗണിൽ ഒരു വിവാഹ റിസപ്ഷനിൽ പങ്കെടുക്കാനായി പോവുമ്പോൾ കാറിലേക്ക് കയറുന്നതിനിടെയാണ് പേഴ്സ് ചിറയ്ക്ക് സമീപം നഷ്ടപ്പെട്ടത്. അതിൽ ഒരു ലേല ചിട്ടിയിൽ നിക്ഷേപിക്കാനായിട്ടുള്ള തന്റേത് അടക്കം മൂന്ന് പേരുടെ ഏകദേശം 18000 രൂപയും ഉണ്ടായിരുന്നതായി കൃഷ്ണദാസ് പറഞ്‍ഞു. വണ്ടി വടകരയിൽ എത്തിയപ്പോൾ ഫോണിലേക്ക് നിർത്താതെ കോൾ വന്നുകൊണ്ടിരുന്നു. വണ്ടി നിർത്തി ഫോൺ എടുത്തപ്പോൾ ആണ് പേഴ്സ് നഷ്ടപ്പെട്ട കാര്യം അറിയുന്നത്.

ചിറയ്ക്ക് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് പേഴ്സിൽ നിന്ന് ലഭിച്ച നമ്പറിൽ തന്നെ ബന്ധപ്പെട്ടത്. ഉടനെതന്നെ കാവിൽ തിരിച്ചെത്തിയപ്പോൾ മൂന്ന് കുട്ടികൾ ചിറയുടെ പരിസരത്ത് തന്നെ കൃഷ്ണദാസിനെ കാത്ത് നിൽപ്പുണ്ടായിരുന്നു. അവിടെ നിന്ന് പേഴ്സ് കുട്ടികൾ കൃഷ്ണദാസിന് കൈമാറി. തന്റെ സന്തോഷത്തിന് അവർക്ക് ചെറിയരു തുക അവർക്ക് നൽകിയിട്ടും കുട്ടികൾ അത് വാങ്ങാൻ കൂട്ടാക്കിയില്ലെന്നും പണത്തിന് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവർക്ക് പുതു തലമുറയിലെ ഈ കുട്ടികൾ മാതൃകയാണെന്നും കൃഷ്ണദാസ് വടകര ഡോട്ന്യൂസിനോട് പറഞ്ഞു.