വയനാട്ടില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്, പരിക്കേറ്റവരില്‍ കോഴിക്കോട് സ്വദേശിയും


 

കല്‍പ്പറ്റ: മുട്ടില്‍ വാര്യാട് നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച് മൂന്ന് സുഹൃത്തുക്കള്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. വയനാട് പുല്‍പ്പള്ളി കവനേരി സ്വദേശി അനന്ദു, പാലക്കാട് സ്വദേശികളായ യദു, മിഥുന്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഒറ്റപ്പാലം സ്വദേശി ഫവാസ്, കോഴിക്കോട് കക്കോടി സ്വദേശി യാഥവ് എന്നിവര്‍ കല്‍പറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

 

കോയമ്പത്തൂരില്‍ നെഹ്റു കോളജില്‍ വിഷ്വല്‍ കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥികളാണിവര്‍. മരിച്ച അനന്ദുവിന്റെ വീട്ടിലേക്ക് അവധിക്ക് വന്നതായിരുന്നു സുഹൃത്തുക്കള്‍. ഇന്നലെയാണ് ഇവര്‍ വയനാട്ടില്‍ എത്തിയത്.

വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനായി രാവിലെ ഏഴുമണിയോടെ വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. പുല്‍പ്പള്ളി കബനിഗിരി വിനോദ്-പ്രവിത ദമ്പതികളുടെ മകനാണ് അനന്ദു.

 

രണ്ടു പേരുടെ മൃതദേഹങ്ങള്‍ ലിയോ ആശുപത്രിയിലും ഒരാളുടെ മൃതദേഹം കൈനാട്ടി ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.