വ്യാജ രേഖ നൽകി വായ്‌പ തട്ടാൻ ശ്രമം; ആയഞ്ചേരി സ്വദേശി ഉൾപ്പെടെ മൂന്ന് പേർ അറസറ്റിൽ
കോഴിക്കോട്: കെഎസ്എഫ്ഇ കല്ലായി ബ്രാഞ്ച് ശാഖയിൽനിന്ന് വ്യാജ രേഖ നൽകി വായ്‌പ തട്ടാൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്‌റ്റിൽ. ആയഞ്ചേരി പൊന്മേരിപറമ്പിൽ മംഗലാട് കളമുള്ളത്തിൽ വീട്ടിൽ അബൂബക്കർ എന്ന പോക്കർ (59), കിനാലൂർ കൊല്ലരുകണ്ടി പൊയിൽ കെ.പി. മുസ്തഫ (54), മെഡിക്കൽ കോളേജ് കിഴക്കേ ചാലിൽ വീട്ടിൽ ടി.കെ. ഷാഹിദ (48), എന്നിവരെയാണ് തിങ്കളാഴ്ച അറസ്റ്റിലായത്. കസബ ഇൻസ്പെക്ടർ എൻ. പ്രജീഷിന്റെ നിർദേശപ്രകാരം എസ്.ഐ. വി.പി. ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.
കെ.എസ്.എഫ്.ഇ. കല്ലായി ശാഖയിൽനിന്ന് ഷാഹിദയുടെ മകൻ മൂന്നുലക്ഷം രൂപയുടെ ചിട്ടി വിളിച്ചിരുന്നു. ഇതിന് ഈടായി ജമീല എന്ന സ്‌ത്രീയുടെ പേരിലുള്ള ഭൂമിയുടെ ആധാരമാണ് സമർപ്പിച്ചത്. കെ പി മുസ്‌തഫയാണ് സ്‌ത്രീയെ കബളിപ്പിച്ച് യഥാർഥ ആധാരം കൈക്കലാക്കിയത്. വ്യാജ സ്‌കെച്ചും പ്ലാനും നിർമിച്ച് മറ്റൊരു ഭൂമി കാണിച്ച് വായ്‌പ തട്ടാനായിരുന്നു നീക്കം.
ഭൂമിപരിശോധനയ്ക്കെത്തിയ കെ.എസ്.എഫ്.ഇ. മാനേജർ സംശയംതോന്നി രേഖകൾ വില്ലേജുകൾക്ക് കൈമാറി. വില്ലേജ് രേഖകൾ പരിശോധിച്ചതിലാണ് രേഖകൾ കൃത്രിമമായി നിർമിച്ചതാണെന്ന് കണ്ടെത്തിയത്. തുടർന്ന്, കസബ പോലീസിൽ പരാതിനൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ചോദ്യംചെയ്യാൻ വിളിപ്പിച്ച മൂന്നുപേരെയും കുറ്റംകണ്ടെത്തി അറസ്റ്റുചെയ്യുകയായിരുന്നു. സംഭവത്തിൽ കൂടുതൽപേർ ഇനിയും അറസ്റ്റിലാകാനുണ്ടെന്നും കസബ പോലീസ് പറഞ്ഞു. കേസിൽ നേരത്തെ കൊയിലാണ്ടി റിട്ട. തഹസിൽദാറായ പയ്യോളി സ്വദേശി കെ പ്രദീപ് ഉൾപ്പെടെ നാലുപേർ അറസ്‌റ്റിലായിരുന്നു. സംഘത്തിൽ എഎസ്ഐ സുരേഷ്, ലീന, സിപിഒമാരായ ഷജൽ, സുനിൽ എന്നിവരുമുണ്ടായിരുന്നു.