അങ്കണവാടിയിൽ നിന്ന് വീണ് മൂന്നരവയസുകാരന് പരിക്ക്; കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ, പരിക്കേറ്റത് ടീച്ചർ രക്ഷിതാക്കളെ അറിയിച്ചില്ലെന്ന് ആരോപണം


കോഴിക്കോട്: അങ്കണവാടിയിൽ നിന്ന് വീണ് മൂന്നര വയസുകാരന് ഗുരുതര പരിക്കേറ്റു. കണ്ണൂർ നെരുവമ്പ്രം സ്വദേശി ധനേഷിന്റെ മകനാണ് പരിക്കേറ്റത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. ഇന്നലെ ഉച്ചക്ക് കളിക്കുന്നതിനിടെയാണ് കുട്ടിക്ക് വീണ് പരിക്ക് പറ്റിയത്.

അങ്കണവാടി അധികൃതർ വിവരം വീട്ടുകാരെ അറിയിച്ചില്ലെന്നും കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ ടീച്ചർ തയാറായില്ലെന്നും രക്ഷിതാക്കൾ ആരോപിച്ചു. വൈകീട്ട് കുട്ടിയെ വിളിക്കാൻ എത്തിയ ബന്ധുവാണ് പരിക്ക് പറ്റിയത് കണ്ടത്. മുറിവിൽ മരുന്ന് വെച്ച് കെട്ടിയ നിലയിലായിരുന്നെന്ന് രക്ഷിതാക്കൾ പറഞ്ഞു.

വീട്ടിലെത്തിയതോടെ കുട്ടിക്ക് പനി തുടങ്ങി. തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അവിടെ നിന്ന് പരിയാരം മെഡിക്കൽ കോളജിലേക്കും പരിക്ക് ഗുരുതരമാണെന്ന് കണ്ടതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടിക്ക് ആന്തരിക രക്തസ്രാവവുമുണ്ട്.