ജ്വല്ലറി ഉടമയുടെ സ്കൂട്ടർ ഇടിച്ചുവീഴ്ത്തി; മൂന്നര കിലോ സ്വർണം കവർന്നു


മലപ്പുറം : പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയുടെ സ്കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വർണം കവർന്നു. ‌പെരിന്തൽമണ്ണയിലെ എം കെ ജ്വല്ലറി ഉടമ കിനാതിയിൽ യൂസഫും സഹോദരൻ ഷാനവാസും സഞ്ചരിച്ച സ്കൂട്ടർ ഇടിച്ചു വീഴ്ത്തിയ ശേഷമാണ് സ്വർണം കവർന്നത്. രാത്രി ജ്വല്ലറി അടച്ച് മടങ്ങുന്നതിനിടെ പെരിന്തൽമണ്ണ ടൗണിലാണ് സംഭവം.

ജൂബിലി ജംഗ്ഷന് സമീപത്ത് വച്ചാണ് മഹീന്ദ്ര കാറിലെത്തിയ സംഘം സ്കൂട്ടറിനെ ഇടിച്ചു വീഴ്ത്തിയത്. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡ്രൈവർ അടക്കം നാലുപേരാണ് കാറിലുണ്ടായിരുന്നത്. ആക്രമിച്ച മൂന്നു പേരും മുഖം മൂടി ധരിച്ചിരുന്നു. പരിക്കേറ്റ യൂസഫും ഷാനവാസും ചികിത്സയിലാണ്.