മഴക്കാലപൂർവ്വ ശുചീകരണത്തിനിടെ റോഡരികിൽ പണമടങ്ങിയ കവർ; പോലീസിലേൽപ്പിച്ച് ചങ്ങരോത്തെ തൊഴിലുറപ്പ് തൊഴിലാളികൾ


പേരാമ്പ്ര: കളഞ്ഞ് കിട്ടിയ പണം പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ മാതൃകയായി. ചടങ്ങരോത്ത് പഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തുന്നതിനിടെയാണ് പണം അടങ്ങിയ കവർ ലഭിച്ചത്. ഇത് പെരുവണ്ണാമൂഴി പോലീസിന് കെെമാറി. പഞ്ചായത്തിലെ അഞ്ചാംവാർഡിൽ ഉൾപ്പെട്ട ഒറ്റക്കണ്ടം പാലേരി റോഡിൽ ഇന്ന് പകലാണ് സംഭവം.

മഴക്കാലത്തിന് മുന്നോടിയായി രണ്ട് ദിവസം നിണ്ടുനിൽക്കുന്ന ചന്തമുള്ള ചങ്ങരോത്ത് മെ​ഗാ ക്ലീൻ അപ് ഡ്രെെവും മഴക്കാല പൂർവ്വ ശുചീകരണവും സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാ​ഗമായി നടന്ന ശുചീകരണത്തിനിടെയാണ് പ്ലാസ്റ്റിക് കവറിൽ ഉപേക്ഷിക്കപ്പെട്ടനിലയിൽ 1500 ഓളം രൂപയുടെ നാണയതുട്ടുകൾ അടങ്ങിയ കവർ തൊഴിലുറപ്പ് തൊഴിലാളികളുടെ ശ്രദ്ധയിൽപെടുന്നത്. റെയിൻകോട്ടിന്റെ കവറിൽ പൊതിഞ്ഞ നിലയിൽ റോഡരികിലാണ് പണം കണ്ടെത്തിയത്.

തൊഴിലുറപ്പ് തൊഴിലാളികൾ വിവരം ഉടൻ സിഡിഎസ് മെമ്പർ ഷിജ രജീഷിനെ അറിയിക്കുകയായിരുന്നു. ഉടമസ്ഥനെ കണ്ടെത്താനാകാത്തതിനാൽ വാർഡ് മെമ്പറുടെ നിർദേശപ്രകാരം പിന്നീട് തുക പെരുവണ്ണാമൂഴി പോലീസിന് കെെമാറി.