തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് വയോജന പരിശീലന കേന്ദ്രം പ്രവർത്തനം താളം തെറ്റിയ നിലയിൽ; വൈദ്യുതി ബന്ധം വിഛേദിച്ചിട്ട് 6 മാസം, കെയർ ടേക്കറെ നിയമനവും നടപ്പായില്ല


വില്യാപ്പള്ളി: തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വയോജന പരിശീലന കേന്ദ്രം പ്രവർത്തനം താളം തെറ്റിയ നിലയിൽ. വൈദ്യുതി ബന്ധം വിഛേദിച്ചിട്ട് 6 മാസം പിന്നിട്ടു. പൊതുജനങ്ങൾക്ക് സൗകര്യപ്രദമായ കാരാളി പാലത്തിനു സമീപം മനോഹരമായി നിർമിച്ച കെട്ടിടം 7 വർഷമായി ഉദ്ദേശിച്ച രീതിയിൽ പ്രവർത്തനം തുടങ്ങാനായിട്ടില്ല. കെയർ ടേക്കർ നിയമനവും നടപ്പായിട്ടില്ല.

2017ൽ ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന് ഇതുവരെ കെട്ടിട നമ്പർ ലഭിച്ചിട്ടില്ല. അതിനാൽ താൽക്കാലിക വൈദ്യുത കണക്‌ഷൻ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ജനങ്ങൾ സഹകരിച്ച് എയർകണ്ടിഷൻ, ടിവി, ഫർണിച്ചർ എന്നിവ വയോജന കേന്ദ്രത്തിലേക്ക് നൽകിയിരുന്നു. എസിയും ടിവിയും വൈദ്യുതി ഇല്ലാത്തതിനാൽ പ്രവർത്തിക്കുന്നില്ല.

വൈദ്യുതിയും കെയർ ടേക്കറും ഇല്ലാത്തതിനാൽ വയോജനങ്ങൾക്ക് ഇവിടേക്ക് വരാനുള്ള സാഹചര്യമില്ല. വയോജന കേന്ദ്രത്തിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കണം എന്നും വാർധക്യ സഹജമായ അവശതകൾ ഉള്ളവർക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ കെട്ടിടത്തിന്റെ പ്രവർത്തനം ക്രമീകരിക്കണം എന്നും ആവശ്യം ഉയരുന്നുണ്ട്. വൈദ്യുതി ഉടൻ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം എട്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റി ഇവിടെ ധർണ നടത്തിയിരുന്നു.