നന്നായി തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക; മഞ്ഞപ്പിത്തം ലക്ഷണങ്ങള്‍ ഉള്ളവര്‍ ശാസ്ത്രീയ ചികിത്സ സ്വീകരിക്കണമെന്ന് മുന്നറിയിപ്പ്


കോഴിക്കോട്: മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ശാസ്ത്രീയ ചികിത്സ രീതികള്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ രാജേന്ദ്രന്‍ അറിയിച്ചു. ജലജന്യ രോഗങ്ങളില്‍ പ്രധാനപെട്ടതാണ് ഹെപ്പറ്റൈറ്റിസ് എ. രോഗാണുക്കളാല്‍ മലിനമായ ആഹാരവും കുടിവെള്ളവും വഴിയാണ് പകരുന്നത്.

ശരീരവേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവയാണ് മഞ്ഞപ്പിത്തത്തിന്റെ പ്രാരംഭലക്ഷണങ്ങള്‍. പിന്നീട് മൂത്രത്തിലും കണ്ണിലും, ശരീരത്തും മഞ്ഞനിറം പ്രത്യക്ഷപ്പെടാം. സാധാരണയായി രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ 2 മുതല്‍ 6 ആഴ്ച വരെ എടുക്കും.

പ്രതിരോധ മാര്‍ഗങ്ങള്‍

നന്നായി തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ഒരിക്കലും തിളച്ച വെള്ളത്തില്‍ പച്ച വെള്ളം ചേര്‍ത്തു കുടിക്കരുത്

പുറത്തു പോകുമ്പോള്‍ കയ്യില്‍ ശുദ്ധമായ കുടിവെള്ളം കരുതുക

ആഹാരസാധനങ്ങള്‍ ചൂടോടെ പാകം ചെയ്ത് കഴിക്കുക. പഴകിയ ഭക്ഷണം കഴിക്കരുത്

പഴങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയശേഷം ഉപയോഗിക്കുക

ഈച്ച കടക്കാതെ ആഹാരസാധനങ്ങള്‍ അടച്ച് സൂക്ഷിക്കുക

കല്യാണങ്ങള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കും വെല്‍ക്കം ഡ്രിങ്ക് ഉണ്ടാക്കുകയാണെങ്കില്‍ തിളപ്പിച്ച വെള്ളം മാത്രം ഉപയോഗിക്കുക

ആഹാരത്തിന് മുന്‍പും, ശുചിമുറി ഉപയോഗിച്ചതിന് ശേഷവും, രോഗീപരിചരണത്തിനു ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കൈകഴുകുക

കിണര്‍ ജലം മലിനമാകാതെ സൂക്ഷിക്കുക. ആരോഗ്യ പ്രവത്തകരുടെ നിര്‍ദ്ദേശാനുസരണം കിണര്‍ വെള്ളം ക്ലോറിനേറ്റ് ചെയ്യുക.

Summary: Warning to those with jaundice symptoms to seek scientific treatment