വടകര റെയിൽവേ സ്റ്റേഷനിലെത്തുന്നവർക്ക് ഇനി വാഹന പാർക്കിംങിന് ബുദ്ധിമുട്ടേണ്ട; പുതിയ പാർക്കിംങ് ഏരിയ തുറന്നു


വടകര: നവീകരണ പ്രവൃത്തി പുരോഗമിക്കുന്ന വടകര റെയിൽവേ സ്റ്റേഷനിൽ പുതിയ പാർക്കിംഗ് ഏരിയ തുറന്നു. സ്റ്റേഷൻ സൂപ്രണ്ട് ടി പി മനേഷ് ഉദ്ഘാടനം നിർവ്വഹിച്ചു. സ്റ്റേഷന് തെക്കുവശം മൂന്നു കോടിയോളം രൂപ ചെലവിലാണ് വിശാലമായ പാർക്കിം​ഗ് ഏരിയ ഒരുക്കിയത്.

പാർക്കിം​ഗ് ഏരിയയിൽ കട്ട പാകിയിട്ടുണ്ട്. വാഹനങ്ങൾ മഴ നനയാതെയും വെയിലേൽക്കാതെയും പാർക്ക് ചെയ്യുന്നതിന് ചില ഭാ​ഗത്ത് മേൽക്കൂരയുണ്ട്. നിലവിലുള്ള പാർക്കിം​ഗ് ചാർജിൽ നേരിയ വർദ്ധനവുണ്ട്. ഒരു വർഷത്തേക്കു ഒരു കോടി പതിനേഴ് ലക്ഷത്തിനാണ് പുതിയ കരാർ.

പുതിയ സംവിധാനം വന്നതോടെ വടക്കു ഭാഗത്ത് ആർഎംഎസിനു സമീപമുള്ള പാർക്കിങ് ഏരിയ ഇല്ലാതാകും. ഇവിടെ റെയിൽവേയുടെ വിവിധ ഓഫീസുകൾക്ക് കെട്ടിടം പണിയാനാണ് തീരുമാനം. വടകര റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടന്ന ചടങ്ങിൽ എം.കെ വിനോദ് അദ്ധ്യക്ഷത വഹിച്ചു. ആർ പി എഫ് ഇൻസ്‌പെക്ടർ ധന്യ ടി എം , ഹെൽത്ത് ഇൻസ്‌പെക്ടർ കെ കെ വിപിൻ അശോക്, വത്സലൻ കുനിയിൽ, കരാറുകാരൻ രജീഷ് ആർ, ശ്യാമരാജ് ടി എന്നിവർ സംസാരിച്ചു.

Description: Those arriving at Vadakara railway station do not have to worry about vehicle parking anymore; New parking area opened