കണ്ണിമാങ്ങാ പ്രായത്തിൽ നിന്നെഞാൻ കണ്ടപ്പോൾ… കാണികളെ ആവേശത്തിലാക്കി കലാവിരുന്ന്; തോണിക്കടവിലേക്ക് രണ്ടാം ദിനവും സഞ്ചാരികളുടെ ഒഴുക്ക് (വീഡിയോ കാണാം)
കൂരാച്ചുണ്ട്: തോണിക്കടവിനെ ആവേശത്തിലാഴ്ത്തി തോണിക്കാഴ്ച്ച. ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കലാവിരുന്നാസ്വദിക്കാനെത്തിയത് നൂറുകണക്കിനാളുകൾ. കുടുംബത്തോടൊപ്പം ഓണാഘോഷത്തിൽ പങ്കുചേരാനായതിന്റെ സന്തോഷത്തിലാണ് മിക്കവരും മടങ്ങിയത്. നിറപ്പകിട്ടാർന്ന ലെെറ്റുകൾ മിന്നിത്തിളങ്ങിയപ്പോൾ മധുരമാർന്ന സംഗീതവുമായി ഗായകരെത്തി. ഉത്സവനാളുകളിലെ ആഘോഷത്തിമർപ്പിലേക്കാണ് ഗായകർ കാണികളെ കൂട്ടിക്കൊണ്ടുപോയത്. കണ്ണിമാങ്ങ പ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോ തുടങ്ങിയ പാട്ടുകൾക്കൊപ്പം കാണികളും ചുവടുവെച്ചതോടെ തോണിക്കടവ് ആവേശത്തിമർപ്പിലായി.
തോണിക്കടവ് വിനോദസഞ്ചാര കേന്ദ്രത്തിൽ നടക്കുന്ന ‘തോണിക്കാഴ്ച്ച 2022’ ന്റെ രണ്ടാം ദിനവും ജനപങ്കാളിത്തതാൽ ശ്രദ്ധേയമായി. രാവിലെ മുതൽ ചിനുങ്ങിപെയ്ത മഴയെ അവഗണിച്ചാണ് പരിപാടി കാണാനായി ആളുകളെത്തിയത്. നാട്ടുകാരും സഞ്ചാരികളും ഒരേപോലെ ഓണാഘോഷത്തെ നെഞ്ചിലേറ്റിയതോടെ പരിപാടി വിജയമായി.
ബോട്ടിംഗ്, ഫുഡ് കൗണ്ടർ, ലൈവ് ഫിഷ് കൗണ്ടർ എന്നിവയാണ് മേളയുടെ ഭാഗമായി ഒരുക്കിയത്. ഇന്നലെയും ഇന്നും വെെകീട്ട് കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു. ഗാനമേള, കോമഡി ഷോ, നൃത്തവിരുന്ന് എന്നിവയാണ് ഒരുക്കിയത്. കലാവിരുന്നിൽ പ്രശസ്ത താരങ്ങൾ വേദിയിലെത്തി. കലാപരിപാടികൾ ആസ്വദിക്കാനായി വെെകുന്നേരം മുതൽ പ്രദേശത്ത് സഞ്ചാരികളുടെ പ്രവാഹമായിരുന്നു.
‘തോണിക്കാഴ്ച്ച 2022’ ന്റെ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം അഡ്വ.കെ.എം സച്ചിൻ ദേവ് എം.എൽ.എ നിർവഹിച്ചു. കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അധ്യക്ഷത വഹിച്ചു. ജലസേചനവകുപ്പിന് കീഴിലുള്ള ടൂറിസം മാനേജ്മെന്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ നൂറ് കണക്കിന് ആളുകൾ എത്തി.
തോണിക്കടവിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യ രാജേന്ദ്രൻ വിശിഷ്ടാതിഥി ആയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. കെ അനിത, പഞ്ചായത്ത് അംഗം അരുൺ ജോസ്, സൂപ്രണ്ടിങ് എഞ്ചിനീയർ മനോജ് എം.കെ, അസ്സി. എഞ്ചിനീയർ കെ ഫൈസൽ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. എക്സിക്യൂട്ടീവ് എഞ്ചിനീയർ ജയരാജൻ കണിയേരി സ്വാഗതവും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഹാബി സി. എച്ച് നന്ദിയും പറഞ്ഞു.
Summary: ‘Thonikkazhcha 2022’ at Thonikadavu