നമുക്കിഷ്ടമുള്ള മീനുകൾ കണ്മുന്നിൽ ഒരുക്കിത്തരുന്ന ലൈവ് ഫിഷ് കൗണ്ടർ ഉൾപ്പെടെ അനേകം ‘സ്പെഷ്യലുകൾ’, കാണികളെ ചുവടു വെപ്പിച്ച് പാട്ടുമഴ, ബോട്ടിംഗ്; തോണിക്കടവിൽ ആവേശം വിതറി തോണികാഴ്ച്ച
കൂരാച്ചുണ്ട്: തോണിക്കടവ് – കരിയാത്തുംപാറ വിനോദസഞ്ചാര കേന്ദ്രത്തിൽ തോണിക്കാഴ്ച്ച 2022ന് പ്രൗഢഗംഭീര തുടക്കം. ജലസേചനവകുപ്പിന് കീഴിലുള്ള ടൂറിസം മാനേജ്മെൻറ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പരിപാടി കാണാനായി നൂറ് കണക്കിന് ആളുകളാണെത്തിയത്. കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട സ്റ്റാളുകൾ സന്ദർശകർക്കായി തുറന്നു കൊടുത്തു.
വൈകിട്ട് ആരംഭിച്ച കലാപരിപാടികളിൽ ഗാനമേള, കോമഡി ഷോ, നൃത്തവിരുന്ന് എന്നിവ നടന്നു. സഞ്ചാരികൾക്കായി ഒരുക്കിയ ബോട്ടിങ്, ഫുഡ് കൗണ്ടർ, റിസര്‍വോയറില്‍ നിന്നുള്ള ലൈവ് ഫിഷ് കൗണ്ടർ എന്നിവ മേളയിൽ പ്രത്യേക ശ്രദ്ധ നേടി.
ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന കലാ സാംസ്‌കാരിക സമ്മേളന ചടങ്ങ് കെ.എം സച്ചിൻദേവ് എം. എൽ. എ ഉദ്ഘാടനം ചെയ്യും. ശേഷം നടക്കുന്ന കലാവിരുന്നിൽ പ്രശസ്ത താരങ്ങൾ വേദിയിലെത്തും. സന്ദർശകരിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഭാഗ്യവാന്മാർക്ക് പ്രത്യേക ഓണ സമ്മാനവും നൽകും. ജില്ലാ കലക്ടർ ഡോ.എൻ. തേജ് ലോഹിത് റെഡ്ഢി, മുൻ എം. എൽ.എ പുരുഷൻ കടലുണ്ടി എന്നിവർ മുഖ്യാതിഥികളാവും.

നിര്‍മ്മല്‍ പാലാഴി ആന്റ് ദേവരാജന്‍ ടീം, പട്ടുറുമാല്‍ ഫെയിം ശ്യാംലാല്‍, അനീഷ് റഹ്‌മാന്‍ ആന്റ് ടീം, അമൃത ടി.വി സൂപ്പര്‍ ട്രൂപ്പ് ഫെയിം റാസിക് റഹ്‌മാന്‍ ആന്റ് ടീം കൂടാതെ മറ്റ് പ്രശസ്ത ടി.വി താരങ്ങളൊരുക്കുന്ന ദൃശ്യ ശ്രാവ്യവിരുന്നാണ് ഓണത്തിന്റെ ഭാഗമായി സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
പ്രദേശത്തെ ടൂറിസം സാധ്യതകള്‍ കണക്കിലെടുത്ത് വിനോദസഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ വിശാലമായ ആംഫി തീയേറ്ററോടു കൂടി നിര്‍മിച്ച ടൂറിസം സെന്റര്‍ 2021 ഒസക്ടോബറില്‍ സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തത്. ഈ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും അവസരം ലഭ്യമാണ്.
തോണിക്കടവിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റസീന യൂസഫ്, സ്ഥിരം സമിതി അധ്യക്ഷൻ ഒ. കെ അമ്മദ്, പഞ്ചായത്ത് അംഗങ്ങളായ അരുൺ ജോസ്, സണ്ണി പുതിയകുന്നേൽ, ജെസി കരിമ്പനക്കൽ, ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ
ജയരാജൻ കണിയേരി, അസ്സി. എക്സിക്ക്യൂട്ടീവ് എഞ്ചിനീയർ ഹബി സി.എച്ച്, അസ്സി. എഞ്ചിനീയർ കെ ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു.
Summary: Thonikazhcha 2022 has begun at Thonikkadavu