ഉണ്ണിക്കണ്ണന്മാരും ഗോപികമാരും അണിഞ്ഞൊരുങ്ങാന്‍ തയ്യാര്‍; വടകരയില്‍ ഇത്തവണ ആർഭാടങ്ങളില്ലാതെ ശ്രീകൃഷ്ണജയന്തി ശോഭായാത്രകൾ
വടകര: വടകരയില്‍ ഇത്തവണ ആര്‍ഭാടങ്ങളില്ലാതെ ഭക്തിസാന്ദ്രമായി ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ആര്‍ഭാടങ്ങള്‍ ഒഴിവാക്കുന്നത്.
ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകള്‍ വൈകിട്ട് നാല് മണിക്ക് വടകര ടൗണ്‍ഹാള്‍ പരിസരത്ത് നിന്നും ആരംഭിക്കും. ടൗണ്‍ഹാളില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്ര അഞ്ചുവിളക്ക് ജങ്ഷന്‍ വഴി നഗരപ്രദക്ഷിണം നടത്തി ഭഗവതി കോട്ടക്കല്‍ ക്ഷേത്ര പരിസരത്ത് സമാപിക്കും. വത്സലൻ കുനിയിൽ പതാക കൈമാറും. സി.കെ ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്യും.
വടകര നഗരത്തില്‍ ഇത്തരത്തില്‍ 14 ശോഭായാത്രകളാണ് സംഗമിക്കുക. പരിപാടിയുടെ ഭാഗമായി ഗോപൂജ, ഉറിയടി, കലാ വൈഞ്ജാനിക മത്സരങ്ങള്‍, സാംസ്‌കാരിക സമ്മേളനം തുടങ്ങിയവ സംഘടിപ്പിക്കും. പുതുപ്പണത്തെ എട്ട് ശോഭായാത്രകൾ കോട്ടക്കടവിൽ സംഗമിച്ച് പുതുപ്പണം ഭജനമഠത്തിൽ സമാപിക്കും. മീനാക്ഷി ഗുരുക്കൾ ഉദ്ഘാടനംചെയ്യും.
പത്രസമ്മേളനത്തിൽ സ്വാഗതസംഘം അധ്യക്ഷൻ വത്സലൻ കുനിയിൽ, ബാലഗോകുലം ജില്ലാസമിതി അധ്യക്ഷ ബിന്ദു സുരേഷ്, വി.പി. ജിനചന്ദ്രൻ, പി.എം. പ്രമോദ് കുമാർ എന്നിവർ പങ്കെടുത്തു.
Description: This time in Vadakara, Sri Krishna Jayanti Sobhayatras without much fanfare