ഇത് ചൊവ്വാപ്പുഴയിലെ വിപ്ലവം; മത്സ്യകൃഷിയിൽ നൂറുമേനി കൊയ്ത് പതിയാരക്കരയിലെ മോഹനൻ


സന പ്രമോദ്

വടകര : ഓരുജല മത്സ്യകൃഷിയിൽ നൂറുമേനി വിജയം കൊയ്യുകയാണ് പതിയാരക്കരയിലെ ചങ്ങരോത്ത് താഴക്കുനിയിൽ മോഹനൻ. പതിയാരക്കര ഉപ്പന്തോടിയിൽ ചൊവ്വാപ്പുഴയോട് ചേർന്നുള്ള ഒന്നരയേക്കർ ജലാശയത്തിലാണ് മോഹനൻ മത്സ്യക്കൃഷി നടത്തുന്നത്.വയസ് 60 നോട് അടുത്തു. കുടുംബം പുലർത്താൻ 18 വയസിൽ മത്സ്യത്തൊഴിലാളിയായി. ഇതിലെ അനുഭവ സമ്പത്തും പരിചയവും വച്ച് ഓരുജല മത്സ്യകൃഷിയിലേക്ക് ഇറങ്ങുകയായിരുന്നുവെന്നും 30 വർഷമായി ഇപ്പോൾ ഈ രംഗത്തുണ്ടെന്നും മോഹനൻ വടകര ഡോട് ന്യൂസിനോട് പറഞ്ഞു.

സംസ്ഥാന മികച്ച ഓരുജല മത്സ്യകർഷകനുള്ള പുരസ്ക്കാരത്തിൽ മൂന്നാം സ്ഥാനമാണ് മോഹനന് ലഭിച്ചു. ബുധനാഴ്ച തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മോഹനൻ പുരസ്കാരം ഏറ്റുവാങ്ങി. മത്സ്യത്തൊഴിലാളിയായി ജോലി ചെയ്തതിലെ പരിചയമാണ് തന്നെ ഈ മേഖലയിൽ വിജയിക്കാൻ സഹായിച്ചതെന്ന് അദ്ദേഹം പറയുന്നു.

കരിമീൻ, തിരുത, ചെമ്പല്ലി, പൂമീൻ, കാളാഞ്ചി, കാര ചെമ്മീൻ, മഡ് ക്രാബ് തുടങ്ങിയവയാണ് ഇവിടെ കൃഷി ചെയ്യുന്നത്. ഒരു വർഷം ഒരു ലക്ഷത്തിലധികം മത്സ്യകുഞ്ഞുങ്ങളെ ജലാശയത്തിൽ നിക്ഷേപിക്കും. ഇതിൽ കരിമീൻ കുഞ്ഞുങ്ങളെ മോഹനൻ തന്നെ ബ്രീഡ് ചെയ്യിപ്പിക്കുന്നതാണ്. കാളാഞ്ചി കുഞ്ഞുങ്ങളെ വല്ലാർ പാടത്ത് നിന്നാണ് എത്തിക്കുന്നത്. മലപ്പുറത്തെ ഒരു ഏജന്റ് വഴിയും മത്സ്യ കുഞ്ഞുങ്ങളെ വാങ്ങുന്നുണ്ട്. ചെമ്പല്ലി, കാര ചെമ്മീൻ, ഞണ്ട് തുടങ്ങിയവ പുഴയിൽ നിന്ന് തന്നെ ശേഖരിക്കും മത്സ്യത്തൊഴിലാളികളിൽ നിന്നാണ് കൂടുതലായും ഇവ ശേഖരിക്കുന്നത്. ചിലപ്പോൾ ഇദ്ദേഹം തന്നെ പുഴയിൽ നിന്ന് മത്സ്യകുഞ്ഞുങ്ങളെ ശേഖരിക്കാറുണ്ട്.

പുഴമീനിന് ആവശ്യക്കാരേറെയുണ്ട്. നാട്ടിലെ മീൻ മാർക്കറ്റുകൾ വഴിയാണ് വില്പന. ചിലർ വീട്ടിലെത്തി നേരിട്ടും മീൻ വാങ്ങുന്നുണ്ട്. കരിമീൻ കിലോക്ക്‌ 600 രൂപയ്ക്കാണ് വിൽക്കുന്നത്. പൂമീന് 400 രൂപ, കാളാഞ്ചി, ചെമ്പല്ലി എന്നിവയ്ക്ക് 500 മുതൽ 550 രൂപ വരെയാണ് വില. പ്രത്യേക കൂടുകളിലാക്കിയാണ് മഡ് ക്രാബ് വളർത്തുന്നത്. ഒരു ഞണ്ട് ഒരു കിലോയോളം വരും. മഡ് ക്രാബിന് പുറത്താണ് ആവശ്യക്കാറുള്ളത്. കിലോയ്ക്ക് 2500 രൂപയോളം വില വരുന്ന മഡ് ക്രാബ് പുറം നാട്ടിലേക്ക് കയറ്റി അയക്കുകയാണ് ചെയ്യുന്നതെന്ന് മോഹനൻ വടകര ഡോട് ന്യൂസിനോട് പറഞ്ഞു.

ഭാര്യ ഷീജ, മക്കളായ നിധീഷ്, ജിതിൻ, മരുമകൾ സയനോര എന്നിവരെല്ലാം മത്സ്യ കൃഷിയിൽ മോഹനന് സഹായവുമായി ഒപ്പമുണ്ട്. ഈ കുടുബത്തിന്റെ പ്രധാന വരുമാന മാർഗവും ഇപ്പോൾ മത്സ്യ കൃഷിയാണ്. പൂർണ മനസോടെ മത്സ്യകൃഷിയിലേക്ക് ഇറങ്ങിയാൽ ഈ കൃഷി വിജയമാണെന്ന് മോഹനൻ വ്യക്തമാക്കി. [mid5]