‘ഒരു ബസ് റോങ് സൈഡ് കയറിയാണ് വന്നത്, രണ്ട് ബസിലുമായി ഏതാണ്ട് നൂറ് യാത്രക്കാർ ഉണ്ടായിരുന്നു; അത്തോളിയിലെ ബസ് അപകടത്തെകുറിച്ച് ദൃക്സാക്ഷി പറയുന്നതിങ്ങനെ
അത്തോളി: അത്തോളിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് കാരണം ഒരു ബസ് തെറ്റായ ദിശയില്‍ കയറി വന്നതാണെന്ന് ദൃക്‌സാക്ഷി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അത്തോളിക്കടുത്ത് കോളിയോട് താഴത്ത് അപകടമുണ്ടായത്. കുറ്റ്യാടി ഭാഗത്ത് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന എസി ബ്രദേഴ്‌സ് എന്ന ബസും, കോഴിക്കോട് ഭാഗത്ത് നിന്നും അത്തോളിയിലേയ്ക്ക് വരികയായിരുന്ന അജ്‌വ എന്ന ബസ്സുമാണ് കൂട്ടിയിടിച്ചത്.
ഇതില്‍ ‘എസി ബ്രദേഴ്‌സ് എന്ന ബസ് തെറ്റായ ദിശയിലാണ് കയറി വന്നതെന്നും, കോഴിക്കോട് ഭാഗത്ത് നിന്നും വന്ന ബസിന് ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നുവെന്നുമാണ് ദൃക്‌സാക്ഷി മാധ്യങ്ങളോട് പറഞ്ഞത്. രണ്ട് ബസിലുമായി ഏതാണ്ട് നൂറ് യാത്രക്കാര്‍ ഉണ്ടായിരുന്നു. അതില്‍ നാല്‍പത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഉള്ള്യേരി മെഡിക്കല്‍ കോളേജിലേക്കും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയതായും ദൃക്‌സാക്ഷി പറഞ്ഞു.
പരിക്കേറ്റവരില്‍ നാലുപേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. നിലവില്‍ 37 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണെന്നാണ് ലഭിക്കുന്ന വിവരം. രണ്ടു ബസുകളുടെയും മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്. ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഡ്രൈവറുടെ സീറ്റിന് സമീപത്തെ ഭൂരിഭാഗവും തകർന്ന നിലയിലാണ്. അതുവഴിയാണ് ഡ്രൈവറെ പുറത്തെടുത്ത് രക്ഷാപ്രവർത്തനം നടത്തിയതെന്ന് നാട്ടുകാർ പറയുന്നു.