ഇരട്ട അടിപ്പാതയുടെ നിര്‍മാണത്തിന്റെ ഭാഗമായി മാളിക്കടവില്‍ ദേശീയപാത അടച്ചു; വടകര ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ പോകേണ്ടത് ഇപ്രകാരം
വടകര: ദേശീയപാതയിലെ മാളിക്കടവ് ജംഗ്ഷനില്‍ ഇരട്ട അടിപ്പാതയുടെ നിര്‍മാണത്തിന്റെ ഭാഗമായി ദേശീയപാത അടച്ചു. ഇരട്ട അടിപ്പാതയുടെ രണ്ടാംഘട്ട നിര്‍മാണത്തിന്റെ ഭാഗമായി മൂന്ന് മാസത്തേക്കാണ് മാളിക്കടവില്‍ ദേശീയപാത അടച്ചത്.
നിയന്ത്രണത്തിന്റെ ഭാഗമായി വന്ന പുതിയ ക്രമീകരണങ്ങള്‍ ഇവയാണ്:
കണ്ണൂര്‍, കൊയിലാണ്ടി ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ മാവിളിക്കടവ് ‘നയാര’ പെട്രോള്‍ പമ്പിനു മുന്നില്‍ ഇടത്തോട്ട് തിരിഞ്ഞു സര്‍വീസ് റോഡില്‍ 800 മീറ്റര്‍ സഞ്ചരിച്ച് വേങ്ങേരി മുളിയില്‍ ജംക്ഷനില്‍ ദേശീയപാതയില്‍ കയറണം.
മലാപ്പറമ്പ് ഭാഗത്തുനിന്നു ദേശീയപാത വഴി കണ്ണൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ വേങ്ങേരി ഓവര്‍ പാസ് കഴിഞ്ഞാല്‍ ദേശീയപാതയില്‍ 700 മീറ്റര്‍ യാത്ര ചെയ്തു ‘കിയ’ കാര്‍ ഷോറൂമിനുമുന്നില്‍ ഇടതു സര്‍വീസ് റോഡില്‍ കയറി 900 മീറ്റര്‍ യാത്ര ചെയ്ത് മാളിക്കടവ് ‘നയാര’ പെട്രോള്‍ പമ്പിനു മുന്നില്‍ ദേശീയ പാതയില്‍ കയറണം.
മാളിക്കടവ് ഇരട്ട അടിപ്പാത നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ മാളിക്കടവ്-വേങ്ങേരി വരെ ദേശീയപാതയുടെ സര്‍വീസ് റോഡുകള്‍ വണ്‍വേ ഗതാഗതം മാത്രമാകും. കരുവിശ്ശേരി-മാളിക്കടവ് റോഡില്‍ നിലവിലുള്ള അടിപ്പാത ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി അടക്കും.
കരുവിശ്ശേരി ഭാഗത്ത് നിന്നു മാളിക്കടവ് പോകേണ്ട വാഹനങ്ങള്‍ മാളിക്കടവ് ദേശീയപാതയില്‍ നയാര പെട്രോള്‍ പമ്പിനു മുന്നില്‍ ദേശീയപാതയില്‍ കയറി ഇടത്തേ സര്‍വീസ് റോഡ് വഴി മാളിക്കടവില്‍ എത്തണം.
മാളിക്കടവ് ഭാഗത്തുനിന്ന് നഗരത്തിലേക്കു പോകേണ്ട വാഹനങ്ങള്‍ മാളിക്കടവ് അടിപ്പാതക്കുസമീപം ഇടത്തോട്ടു സര്‍വീസ് റോഡുവഴി ദേശീയപാതയില്‍ കയറി വേങ്ങേരി ഓവര്‍പാസിന് സമീപം വലത്തോട്ട് തിരിഞ്ഞ് ഇടത്തേ സര്‍വീസ് റോഡുവഴി കരുവിശേരി ഭാഗത്തേക്ക് പോകണം.