‘തെളിവ് നശിപ്പിക്കാൻ ആവശ്യമായ കാര്യങ്ങളൊക്കെ ചെയ്തു, കാർ മതിലിടിച്ചെന്ന് കാണിച്ച് 36000 രൂപ ക്ലെയിം നേടി’; ചോറോട് വാഹനാപകടക്കേസിൽ പത്ത് മാസങ്ങൾക്ക് ശേഷം വാഹനവും ഡ്രൈവറേയും കണ്ടെത്തിയത് ഇങ്ങനെ
വടകര: ദേശീയപാതയിൽ ചോറോട് വാഹനമിടിച്ച് ഒമ്പത് വയസുകാരി ദൃഷാനയ്ക്ക് ഗുരുതര പരിക്കേൽക്കുകയും മുത്തശ്ശി ബേബിക്ക് ജീവൻ നഷ്ടമാവുകയും ചെയ്ത സംഭവത്തിൽ വാഹനം കണ്ടെത്തിയത് പത്ത് മാസങ്ങൾക്ക് ശേഷം. പുറമേരി സ്വദേശി ഷജിലായിരുന്നു കാർ ഓടിച്ചത്. ഭാര്യയ്ക്കും മക്കൾക്കുമൊപ്പമുള്ള യാത്രയിലായിരുന്നു അപകടം നടന്നത്.
അപകടം സംഭവിച്ചത് അവർ അറിഞ്ഞിരുന്നു. പക്ഷെ അപ്പോഴാത്തെ പരിഭ്രാന്തിയിൽ കാർ നിർത്താതെ പോവുകയായിരുന്നെന്ന് വടകര റൂറൽ എസ്പി പറഞ്ഞു. പിന്നീട് അന്വേഷിച്ച് വരുന്നത് ബുദ്ധിമുട്ടിലാകും എന്ന് മനസിലായതോടെയാണ് മുന്നോട്ട് വരാഞ്ഞത്. കാർ കണ്ടെത്താതിരിക്കാൻ അപകടത്തെ തുടർന്ന് കാറിന്റെ ബോഡിയിലുണ്ടായുന്ന ചെറിയ ചതവുകളും പാടുമെല്ലാം മായ്ച്ച് കളഞ്ഞിട്ടുണ്ട്. തെളിവ് നശിപ്പിക്കാനാവശ്യമായ കാര്യങ്ങളെല്ലാം ഷജിൽ ചെയ്തിരുന്നെന്നും പോലിസ് പറഞ്ഞു.
മതിലിടിച്ചെന്ന് പറഞ്ഞ് ഷജിൽ ഇൻഷൂറൻസ് ക്ലെയിം ചെയ്തിരുന്നു. നാഷണൽ ഇൻഷൂറൻസിന്റെ ക്ലെയിമിലാണ് ഇതുണ്ടായിരുന്നത്. 36000 രൂപയാണ് ക്ലെയിം നേടിയത്. ഇത് പിന്നീടുള്ള പരിശോധനയിൽ തെറ്റാണെന്ന് മനസിലായി. അപകടം നടന്ന ഫെബ്രുവരി മാസം തന്നെ ഇൻഷൂറൻസ് ക്ലെയിം ചെയ്തിരുന്നെന്നും പോലിസ് വ്യകതമാക്കി.
ഷജിൽ ഗൾഫിൽ നിന്ന് നാട്ടിൽ വന്നപ്പോഴാണ് അപകടം നടന്നത്. വാഹനത്തിൽ നിന്നും തെളിവുകളെല്ലാം മായ്ച്ച ശേഷം മാർച്ച് 14 ന് വീണ്ടും ഗൾഫിലേക്ക് പോയി. ഇയാളെ നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. നാട്ടിലുള്ള ഇയാളുടെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പോലിസ് കൂട്ടിച്ചേർത്തു.
അപകടത്തിൽ ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ കോമ അവസ്ഥയിൽ കഴിഞ്ഞ ദൃഷാനയുടെ വാർത്ത മാധ്യമങ്ങളിൽ വന്നതോടെ കാറിനെ കണ്ടെത്താൻ വടകര റൂറൽ എസ് പി നിധിൻ രാജ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിക്കുകയായിരുന്നു. കൂടാതെ വാർത്ത ശ്രദ്ധയിൽപ്പെട്ട ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സ്വമേധയ കേസെടുക്കുകയും പൊലീസിനോട് അടിയന്തര റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു. മനുഷ്യാവകാശ കമ്മീഷനും ഈ കേസിൽ ഇടപെട്ടിരുന്നു. ഇടിച്ച കാറിനെ കണ്ടെത്താൻ നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങളാണ് ഇതുവരെ പ്രത്യേക അന്വേഷണസംഘം ശേഖരിച്ചത്. പഴയ ദൃശ്യങ്ങൾ വീണ്ടും പരിശോധിച്ചു. നിരവധി പേരുടെ മൊഴികൾ എടുക്കുകയും വർക്ക് ഷോപ്പുകളിൽ നിന്ന് വിവരങ്ങൾ തേടുകയും ചെയ്ത ശേഷമാണ് ഇപ്പോൾ വാഹനം കണ്ടെത്തിയത്.