25 കോടിയുടെ ഭാഗ്യവാന്‍ ആര് ? അടിച്ചാല്‍ കൈയില്‍ എത്ര കിട്ടും; തിരുവോണം ബംപർ നറുക്കെടുപ്പ് ഉച്ചയ്ക്ക്


തിരുവനന്തപുരം: കേരളം ഒന്നടങ്കം കാത്തിരിക്കുന്ന തിരുവോണം ബംപർ ലോട്ടറി നറുക്കെടുപ്പിന് ഇനി ഏതാനും
മണിക്കൂറുകള്‍ മാത്രം. തിരുവനന്തപുരം ബേക്കറി ജംക്‌ഷനിലെ ഗോർഖി ഭവനിൽ ഉച്ചയ്ക്ക് 2 മണിക്ക്‌ മന്ത്രി കെ.എൻ.ബാലഗോപാൽ ആണ് നറുക്കെടുപ്പ് നടത്തുക. നറുക്കെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ലോട്ടറി ഷോപ്പുകളില്‍ തിരക്കാണ്. 71.40 ലക്ഷം ടിക്കറ്റുകളാണ് ഇതിനോടകം വിറ്റത്‌.

25 കോടി രൂപയാണ്‌ തിരുവോണം ബംപറിന്റെ ഒന്നാം സമ്മാനം,1 കോടി രൂപ വീതം 20 പേർക്കാണ്‌ രണ്ടാം സമ്മാനം. രണ്ടാം സമ്മാനത്തിനായുള്ള ആദ്യ നറുക്കെടുപ്പ് വി.കെ.പ്രശാന്ത് എംഎല്‍എ നിര്‍വഹിക്കും. 50 ലക്ഷം രൂപയാണ്‌ മൂന്നാം സമ്മാനം. എന്നാല്‍ 25 കോടി ലഭിച്ചാല്‍ ഭാഗ്യശാലിക്ക് എത്ര കിട്ടും എന്ന സംശയം എല്ലാവര്‍ക്കുമുണ്ട്. സത്യത്തില്‍ ഏജന്‍സി കമ്മീഷന്‍, നികുതി, സെസ് എല്ലാം കഴിഞ്ഞുള്ള നിശ്ചിത തുകമാത്രമാണ് ഭാഗ്യശാലിയുടെ അക്കൗണ്ടിലേക്ക് എത്തുക.

25 കോടി കിട്ടിയാള്‍ കൈയില്‍ എത്ര കിട്ടും, വിശദമായി നോക്കാം

തിരുവോണം ബമ്പർ സമ്മാനത്തുക: 25 കോടി
ഏജൻസി കമ്മീഷൻ 10 ശതമാനം : 2.5 കോടി
സമ്മാന നികുതി 30 ശതമാനം: 6.75 കോടി
ഒന്നാം സമ്മാനം അടിച്ച ആളുടെ അക്കൗണ്ടിലേക്ക് : 15. 75 കോടി
നികുതി തുകയ്ക്കുള്ള സർചാർജ് 37 ശതമാനം: 2.49 കോടി
ആരോ​ഗ്യ, വിദ്യാഭ്യാസ സെസ് 4 ശതമാനം: 36.9 ല​ക്ഷം
അക്കൗണ്ടിലെത്തിയ തുകയ്ക്കുള്ള ആകെ നികുതി: 2.85 കോടി
എല്ലാ നികുതിയും കഴിഞ്ഞ് ഭാഗ്യശാലിക്ക് കിട്ടുന്നത്: 12,88,26,000 രൂപ(12.8 കോടി)

ജില്ലാ അടിസ്ഥാനത്തില്‍ 10 ലക്ഷത്തിലേറെ ടിക്കറ്റുകൾ വിറ്റ പാലക്കാടാണ് മുന്നിൽ. 8 ലക്ഷത്തിലേറെ വിറ്റ തിരുവനന്തപുരമാണ് രണ്ടാമത്‌. തിരുവോണം ബമ്പർ ലോട്ടറി നറുക്കെടുപ്പിനൊപ്പം 12 കോടി രൂപ ഒന്നാം സമ്മാനമായുള്ള പൂജാ ബംപറിന്റെ പ്രകാശനവും ഇന്ന് ധനമന്ത്രി നിര്‍വഹിക്കും. ഒരു കോടി രൂപ വീതം അഞ്ച് പരമ്പരകള്‍ക്കായി നല്‍കുന്ന രണ്ടാം സമ്മാനമാണ് വിപണിയിലിറക്കുന്ന പൂജാ ബമ്പറിന്റെ സവിശേഷത.

മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും (ഓരോ പരമ്പരകള്‍ക്കും രണ്ടു വീതം), നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപയും(അഞ്ചു പരമ്പരകള്‍ക്ക്), അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം രൂപയും(അഞ്ചു പരമ്പരകള്‍ക്ക്) ലഭിക്കും. 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്. ഡിസംബര്‍ 4-ന് നറുക്കെടുക്കുന്ന പൂജാ ബംപറിന്റെ ടിക്കറ്റ് വില 300 രൂപയാണ്.

Description: Thiruvonam bumper draw at noon