ഇനി ഉത്സവ നാളുകൾ; ഇരിങ്ങണ്ണൂർ മഹാശിവക്ഷേത്രത്തിലെ തിരുവാതിര ഉത്സവം ഇന്നുമുതൽ


ഇരിങ്ങണ്ണൂർ: ഇരിങ്ങണ്ണൂർ മഹാശിവക്ഷേത്രത്തിലെ തിരുവാതിര ഉത്സവം ജനുവരി 11, 12, 13 തീയതികളിൽ നടക്കും. ക്ഷേത്രം തന്ത്രി പൂന്തോട്ടത്തിൽ പുടവർ പാണ്ഡുരംഗൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലായിരിക്കും ഉത്സവ ചടങ്ങുകൾ നടക്കുക. 11-ന് ശനിയാഴ്ച രാവിലെ മുതൽ ചതുർശുദ്ധി, ബിംബശുദ്ധികർമങ്ങൾ, ഉപദേവകലശങ്ങളും പൂജയും നടക്കും. മാതൃസമിതിയുടെ നേതൃത്വത്തിൽ അഖണ്ഡനാമജപവും ശനിയാഴ്ച നടക്കും.

12-ന് ഞായറാഴ്ച കാലത്ത് അഞ്ചുമുതൽ ദ്രവ്യകലശപൂജ, ഉഷഃപൂജ, പരികലശാഭിഷേകം, ഉച്ചപൂജ, വാദ്യമേളത്തോടെ ശ്രീഭൂതബലി. വൈകീട്ട്‌ അഞ്ചിന്‌ ഇളനീർവരവ് (അടിയറ), 5.30-ന് കേളികൊട്ട്, 6.15-ന് ദീപാരാധന, 6.50-ന് കടത്തനാട് പഞ്ചവാദ്യസംഘത്തിലെ ഹരീഷ് തൊട്ടിൽപ്പാലവും സംഘവും അവതരിപ്പിക്കുന്ന തായമ്പക, 7.30-ന് അത്താഴപൂജയും നടക്കും. തുടർന്ന്, ക്ഷേത്രത്തിനുപുറത്തെ സ്റ്റേജിൽ പ്രാദേശികകലാകാരന്മാർ ഒരുക്കുന്ന നൃത്തനൃത്യങ്ങൾ, സുനിൽ കോട്ടേമ്പ്രം അവതരിപ്പിക്കുന്ന വൺമാൻഷോ, സുനിൽ ഈയ്യങ്കോട്, സംജിത്ത് തൂണേരി എന്നിവർ അവതരിപ്പിക്കുന്ന കോമഡി സ്കിറ്റ് എന്നിവയുംനടക്കും.

13-ന് തിങ്കളാഴ്ച പുലർച്ചെ നാലുമുതൽ പള്ളിയുണർത്തൽ, അഞ്ചുമുതൽ അഭിഷേകം, നെയ്യഭിഷേകം, വാകച്ചാർത്ത്, ഗണപതിഹോമം (കുറുങ്കുഴൽ സേവ, മദ്ദളം, കേളികൊട്ട് എന്നിവയോടെ) 7-ന്‌ ഉഷഃപൂജ (ഇടയ്ക്ക കൊട്ടിപ്പാടി സേവ), 8-ന്‌ ശ്രീഭൂതബലി (പാണികൊട്ട്, മുത്തുക്കുടയോടെയും ചെണ്ടമേളത്തോടെയും ഭഗവാന്റെ തിടമ്പെഴുന്നള്ളിപ്പ്), വിഷ്ണുക്ഷേത്രത്തിൽ നവകം, ഉച്ചപൂജ, ശ്രീഭൂതബലി, 11.30-ന് ഇളനീരാട്ടം, 12-ന്‌ ഉച്ചപൂജ, ഒന്നിന്‌ പ്രസാദ ഊട്ട്, വൈകീട്ട്‌ നാലിന്‌ പഞ്ചവാദ്യത്തിന്റെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ കാഴ്ചശീവേലി എഴുന്നള്ളിപ്പ്, 5-ന്‌ ഇലഞ്ഞിത്തറമേളം അഷ്ടപദിയോടെ 6.15-ന്‌ ദീപാരാധന, 6.30-ന്‌ കടമേരി ഉണ്ണികൃഷ്ണൻ മാരാരും സംഘവും അവതരിപ്പിക്കുന്ന കേളികൊട്ട്, തായമ്പക, 7.30-ന് അത്താഴപൂജ, 8-ന്‌ തിടമ്പെഴുന്നള്ളത്ത്, വിളക്കാചാരം, രാത്രി 8.30-ന് നടക്കുന്ന സാംസ്കാരികസമ്മേളനം വി.കെ. സുരേഷ് ബാബു ചിറ്റാരിപ്പറമ്പ് ഉദ്ഘാടനംചെയ്യും രാത്രി 9.30-ന് കലാഭവൻ മണി ഫൗണ്ടേഷൻ പുരസ്കാരം നേടിയ അനുശ്രീ പുന്നാടും കലാകാരന്മാരും അണിനിരക്കുന്ന പുന്നാട് പൊലികയുടെ നാടൻപ്പാട്ടരങ്ങ് എന്നിവയും അരങ്ങേറുമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

summary: Thiruvathira Utsav at Iringanur Maha Shiva Temple