‘ഓരോ മാസവും എന്തിനു കൊണ്ട് പോവുകയാണെന്ന് ചോദിച്ചവരുണ്ട്, ഭയങ്കര ബുദ്ധിമുട്ടല്ലേ?; പുതിയ പുതിയ കാര്യങ്ങൾ അറിയാനുള്ള ആഗ്രഹമാണ് ഈ നേട്ടത്തിലെത്തിച്ചത്’; വിസ് കിഡ് സംസ്ഥാന തല ക്വിസ് മത്സരത്തിൽ വിജയിച്ച് ഒരു ലക്ഷം രൂപയും മൊമെന്‍റോയും നേടിയ തിരുവങ്ങൂര്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികൾ പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട്
ചേമഞ്ചേരി: ‘പുതിയ പുതിയ കാര്യങ്ങൾ അറിയാനുള്ള കൗതുകമായിരുന്നു എല്ലാത്തിന്റെയും ആരംഭം. ചേച്ചിയുടെ പി.എസ്.സി പഠനം അതിനു ആക്കം കൂട്ടി, അങ്ങനെ അറിവിന്റെ വലിയ ലോകത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും കണ്ടുപിടിക്കുന്നത് ഹരമായി മാറുകയായിരുന്നു’.
ഏഷ്യാനെറ്റ് ചാനൽ സംഘടിപ്പിച്ച വിസ് കിഡ് ക്വിസ് മത്സരത്തിൽ വിജയിയായ ശിവാനി തന്റെ അനുഭവങ്ങൾ പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട് പങ്കു വയ്ക്കുകയാണ്.
തിരുവങ്ങൂർ സ്കൂളിലെ വിദ്യാർഥിനികളായ ശിവാനി.എം, നിവേദ്യ സുരേഷ് എന്നിവർ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയത്. സുരേഷ്കുമാർ – ബിജിന ദമ്പതികളുടെ മകളാണ് അത്തോളി സ്വദേശിനിയായ നിവേദ്യ സുരേഷ്. ശിവപ്രസാദ് – ബിന്ദു ദമ്പതികളുടെ മകളാണ് തുവ്വക്കോട് സ്വദേശിനിയായ ശിവാനി.എം. തിരുവങ്ങൂർ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളാണ് ഇരുവരും.
സംസ്ഥാനമൊട്ടാകെയുള്ള സ്കൂളുകൾ നിന്നും വിജയിച്ചെത്തിയ വിദ്യാർത്ഥികളോട് മത്സരിച്ചാണ് ഇരുവരും കപ്പടിച്ചത്. ഒരു ലക്ഷം രൂപയും മൊമെന്റോയുമാണ് സമ്മാനമായി ഇവർക്ക് ലഭിച്ചത്.
അറിവിന്റെ വേദികൾ ഓരോന്നായി കീഴടക്കിയ ഇരുവരെയും കാത്ത് ഒടുവിലായി എത്തിയത് ഋഷിരാജ് സിംഗിന്റെ ചോദ്യശരങ്ങൾ ആയിരുന്നു.
‘ഋഷി രാജ് സിംഗ് സാറിനെ കാണാൻ കഴിഞ്ഞത് ഏറെ ഭാഗ്യമായി തോന്നി. എല്ലാവർക്കും കിട്ടുന്നൊരു അവസരമല്ലല്ലോ അത്. കുട്ടികളെയെല്ലാവരെയും അദ്ദേഹം വളരെയധികം പ്രോത്സാഹിപ്പിച്ചിരുന്നു.’ -ഋഷിരാജ് സിംഗിനെ കാണാൻ കഴിഞ്ഞ സന്തോഷം ശിവാനിയുടെ വാക്കുകളിൽ നിറഞ്ഞു നിന്നു.
‘ചേച്ചിയുടെ പി.എസ്.സി പുസ്തകങ്ങളിൽ നിന്നുണർന്ന കൗതുകമാണ് പിന്നീട് ക്വിസ്സിങ് ജീവിതത്തിന്റെ ഭാഗമായത്. പതിയ പതിയെ ചെറിയ മത്സരങ്ങളിൽ പങ്കെടുത്തു തുടങ്ങി. സമ്മാനം നേടുമ്പോൾ മാത്രമല്ല പങ്കെടുക്കുമ്പോഴും അറിവ് നേടുകയാണെന്ന സത്യം എന്നെ ഇതിലേക്ക് കൂടുതൽ അടുപ്പിക്കുകയായിരുന്നു. ഭാവിയിലേക്ക് തന്നെയുള്ള നിക്ഷേപമാണീ അറിവുകളെന്നു ഞാൻ പതിയെ പതിയെ മനസ്സിലാക്കുകയായിരുന്നു. എന്റെ ഇഷ്ടം മനസ്സിലാക്കിയതോടെ വീട്ടുകാരുടെ ഭാഗത്തു നിന്നും ഫുൾ സപ്പോർട്ട്.’ -ശിവാനി തുടർന്നു.
‘പക്ഷെ ഇതിനും ‘നെഗറ്റീവ് അടിച്ച്’ ചിലർ രംഗത്തെത്തിയിരുന്നു. മാസത്തിൽ ഒന്ന് വീതം നടത്തുന്ന ഒരു ക്വിസ് ഉണ്ടായിരുന്നു. അതിനു എന്റെ മാതാപിതാക്കൾ കൃത്യമായി കൊണ്ടുപോകുമായിരുന്നു. എന്നാൽ ഓരോ മാസവും എന്തിനു കൊണ്ട് പോവുകയാണെന്ന് ചോദിച്ചവരുണ്ട്, ഭയങ്കര ബുദ്ധിമുട്ടല്ലേ? ഇതുകൊണ്ട് എന്ത് പ്രയോജനമെന്നായിരുന്നു അവരുടെ ചിന്ത. എന്നാൽ ആ ചോദ്യങ്ങൾ എന്നെയും മാതാപിതാക്കളെയും തടയിടാൻ പറ്റിയില്ല. ആ മന്ത്‌ലി നടന്ന ക്വിസ് എനിക്കൊരു വലിയ വഴിത്തിരിവായിരുന്നു. വിഷ്വൽ റൗണ്ട് ആയിരുന്നു എന്റെ പ്രിയപ്പെട്ടത്.’
‘ആദ്യമായിട്ടാണ് ഒരു ടി.വി ഷോയിൽ പങ്കെടുക്കുന്നത്. ഞങ്ങൾ പോയിട്ടുള്ള മത്സരങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായിരുന്നു വിസ് കിഡ്. വളരെയധികം പേടിച്ചിട്ടാണ് ഓഡിഷന് പോയത്. ആദ്യമായി ക്യാമറയെ നേരിടുന്നു എന്ന ചിന്ത ഏറെ ടെൻഷൻ നൽകി. ഞങ്ങൾ സാധാരണയായി ചെയ്യുന്നപോലെ എഴുതുന്നതല്ലെല്ലോ ഇത്. പക്ഷെ മത്സരം തുടങ്ങിയപ്പോൾ മുതൽ അറിവിന്റെ പുതിയ വാതായനങ്ങൾ തുറക്കുകയായിരുന്നു. എല്ലാ റൗണ്ടുകളും ഒന്നിനൊന്നു മെച്ചം.’
‘ഞങ്ങൾ ആദ്യം ക്ലാസ് ഒന്നും മുടക്കത്തെ ഫ്രീ ടൈമുകളിൽ കിറ്റുന്ന സമയത്തും വീട്ടിലെത്തിയുമാണ് പഠിച്ചിരുന്നത്, പിന്നീട് ഒരാഴ്ച മുൻപാണ് പൂർണ്ണമായും ഇതിനു മാത്രമായി ശ്രദ്ധ നൽകി തുടങ്ങിയത്. ഫൈനൽ വരെ എത്തണമെന്ന ആഗ്രഹമുണ്ടായിരുന്നു. സ്കൂളിൽ നിന്ന് അധ്യാപകരും സുഹൃത്തുക്കളും പൂർണ്ണ പിന്തുണ നൽകി.’
‘ഞങ്ങൾ കുട്ടികളായതുകൊണ്ടാവാം ഇത്രയും കാര്യങ്ങൾ ഓർത്തിരിക്കുന്നത്, ക്വിസ്സിങ് അല്ലാതെ വായനയും ചിത്രരചനയും ആണ് പ്രിയപ്പെട്ടത്. സിവിൽ സെർവീസ് ആണ് എന്റെ സ്വപ്നം. അതല്ലെങ്കിൽ സ്പേസുമായി ബന്ധപ്പെട്ട ഏതെങ്കിലും മേഖലയിൽ പ്രവർത്തിക്കണം.’ -ശിവാനി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
‘മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് താൻ ആദ്യമായി ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ തുടങ്ങിയതെന്ന് നിവേദ്യ സുരേഷ് ഓർക്കുന്നു. അന്നത്തെ മത്സരത്തിൽ വിജയം നേടിയില്ലെങ്കിലും എന്നിലൊരു ക്വിസ്സർ ഉണ്ടെന്നു അമ്മ മനസ്സിലാക്കുകയായിരുന്നു. പഠിപ്പിച്ചാൽ ഇനിയുള്ള മത്സരങ്ങളിൽ വിജയം കൊയ്യാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയതോടെ അമ്മയും എന്നെ കൂടുതലായി പ്രോത്സാഹിപ്പിക്കുകയും പഠിപ്പിക്കാനും ആരംഭിച്ചു’. ഞങ്ങളിരുവർക്കുമായി നഷ്ട്ടമായ ക്ലാസുകൾ അധ്യാപകർ പ്രത്യേകമായി വന്നു പറഞ്ഞു തന്നതും നിവേദ്യ നന്ദിയോടെ സ്മരിക്കുന്നു. വിജയിച്ചിട്ടു വന്നാൽ മതിയെന്നായിരുന്നു സുഹൃത്തുക്കളുടെ പ്രതികരണം.
പട്ടു പാടാനും നൃത്തം ചെയ്യാനുമാണ് ഏറെ ഇഷ്ട്ടം. ജി.എസ്.പ്രദീപ്, അബ്ദുൽ കലാം തുടങ്ങിയവരെ പോലെ നിറയെ അറിവ് നേടണമെന്ന ആഗ്രഹമുണ്ട്. സെറ്റിലെത്തി ലൈറ്റുകളൊക്കെ ഇട്ടപ്പോൾ ഭയം തോന്നിയെങ്കിലും അവിടെയുള്ളവരെല്ലാം ധൈര്യം തന്നു. വളരെ മികച്ച അനുഭവമായിരുന്നു എന്ന് നിവേദ്യ പറഞ്ഞു. കഠിനധ്വാനം കൂടി ഉണ്ടായാൽ മാത്രമേ ഇത് നേടിയെടുക്കാൻ പറ്റു. ബ്രെയിൻ കൂടുതലായി വർക്ക് ചെയ്യുന്ന ഒരാളാണെങ്കിൽ കൂടുതൽ കാര്യങ്ങൾ ഓർത്ത് വെക്കാനാവുമെന്നാണ് തോന്നുന്നത്. ഒട്ടും പ്രതീക്ഷിക്കാത്ത വിജയമായിരുന്നു എന്നും കൂട്ടിച്ചേർത്തു. സിവിൽ സർവീസ് ആണ് നിവേദ്യയുടെയും സ്വപനം.
അറിവിന്റെ ലോകത്തു കീഴടക്കാനുള്ള ചവിട്ടുപടികൾ ലക്ഷ്യം വെച്ച് ഇരുവരും നടന്നു നീങ്ങുകയാണ്, ഒരിക്കലും നശിക്കാത്ത അറിവുകളുടെ ശേഖരവുമായി.
summary: the winner of asianet channel program whiz kid quiz competition shared her experience