‘പുതിയ വണ്ടി വാങ്ങാൻ തൃശ്ശൂരിലേക്ക് പോയതായിരുന്നു, സന്തോഷത്തോടെയുള്ള മടക്ക യാത്ര അതീവ ദുഃഖത്തിൽ അവസാനിച്ചു’; ബൈക്ക് അപകടത്തിൽ മരിച്ച ആകാശിന് കണ്ണീരോടെ വിട നൽകി തിരുവള്ളൂർ നാട്
വടകര: പുതിയ വണ്ടി വാങ്ങാൻ സുഹൃത്തിനൊപ്പം തൃശ്ശൂരിലേക്ക് പോയതായിരുന്നു ആകാശെന്ന് തിരുവള്ളൂർ വാർഡംഗം നിഷില. തിരിച്ച് രണ്ട് ബൈക്കുകളിലായാണ് ഇരുവരും നട്ടിലേക്ക് മടങ്ങിയത്. വളരെ സന്തോഷത്തോടെയുള്ള ആ മടക്ക യാത്ര ഒരു അപകടത്തിൽ അവസാനിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് നിഷില വടകര ഡോട് ന്യൂസിനോട് പറഞ്ഞു.
ആകാശിന്റെ സംസ്ക്കാരം വൈകീട്ട് മൂന്ന് മണിയോടെ വീട്ടുവളപ്പിൽ നടന്നു. തങ്ങളുടെ പ്രിയ കൂട്ടുകാരനെ കാണാൻ ആകാശിന്റെ സഹപാഠികളുൾപ്പടെ നിരവധി പേരാണ് തെയ്യമ്പാടിക്കണ്ടി വീട്ടിലേക്ക് എത്തിയത്. ഇന്നലെ രാത്രി 8.50 തോടെയായിരുന്നു ദേശീയ പാതയിൽ നന്തി മേൽപ്പാലത്തിൻ ലോറിയും ആകാശ് സഞ്ചരിച്ച ബൈക്കും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. നാട്ടുകാർ ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

അവസാന വർഷ ഡിഗ്രി വിദ്യാർത്ഥിയാണ് ആകാശ്
അച്ഛൻ: പവിത്രൻ
അമ്മ: മഹിജ
സഹോദരി: ആവണി