ലഹരി അടക്കാനും റോഡുകൾ തുറക്കാനും ഊന്നൽ നൽകി തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത് ബജറ്റ്


തിരുവള്ളൂർ: സമൂഹത്തിൽ അപകടകരമായി വ്യാപിക്കുന്ന ലഹരിയെ പ്രതിരോധിക്കാൻ 2.5 ലക്ഷം രൂപയും ഗ്രാമീണ റോഡുകളുടെ നിർമ്മാണത്തിനും നവീകരണത്തിനും 8.5 കോടിയും വകയിയിരുത്തി 3,97,04,397രൂപ മിച്ചമുള്ള തിരുവള്ളൂർ ഗ്രാമ പഞ്ചായത്തിന്റെ 2025-26 വാർഷിക ബജറ്റ് വൈസ് പ്രസിഡന്റ് ഡി.പ്രജീഷ് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു.

സ്ഥാപനത്തിലും വീട്ടിലും തൊഴിലെടുക്കാൻ സൗകര്യക്കുറവുള്ള വനിതകൾക്ക് ന്യൂതന സാങ്കേതിക സൗകര്യങ്ങളോടു കൂടിയുള്ള വുമൻസ് വർക്ക് ഹബ് തുടങ്ങാൻ 40 ലക്ഷം രൂപയും, ലൈഫ് ഗുണഭോക്താക്കൾക്ക് തുടർ വിഹിതം നൽകാൻ 4 കോടി രൂപയും, എസ്.സി ശ്മശാനം ആധുനിക വൽകരിക്കാൻ 10 ലക്ഷം രൂപയും വകയിരുത്തി.

വെതർ സ്റ്റേഷൻ നിർമ്മാണത്തിന് 5 ലക്ഷം രൂപയും വെറ്റിനറി സബ് സെന്റർ നിർമ്മാണത്തിന് 5 ലക്ഷം രൂപയും രണ്ട് അങ്കണവാടികൾ സ്മാർട്ടാക്കിമാറ്റാൻ 63 ലക്ഷവും പാതയോരങ്ങളിൽ വാട്ടർ ബൂത്ത് സ്ഥാപിക്കാൻ 6 ലക്ഷം രൂപയും തനത് വിദ്യാഭ്യാസ പദ്ധതിയായ വിജയ പാഠത്തിന്റെ തുടർച്ചക്ക് 3 ലക്ഷം രൂപയും കാർഷിക മേഖലക്ക് ആകെ 39 ലക്ഷവും പക്ഷിമൃഗക്ഷേമ പ്രവർത്തനങ്ങൾക്ക് 67.25 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

ആശാ വർക്കർമാർക്ക് സൗജന്യ ഇൻഷൂറൻസ് പരിരക്ഷയും യൂനിഫോമും ഹരിത കർമ്മസേനക്ക് മൊബൈൽ ഫോൺ അലവൻസും സൗജന്യ ഇൻഷൂറൻസ് പരിരക്ഷയും ആരോഗ്യരക്ഷാ ഉപകരണങ്ങളും ബജറ്റിൽ പരിഗണിച്ചിട്ടുണ്ട്. നാട്ടിൻ പുറത്ത് കീടബാധ കൊണ്ടും പരാദസസ്യ വ്യാപനം കൊണ്ടും നാശോന്മുഖാവസ്ഥയിലായ ഈന്ത് മരത്തിന്റേയും മാവുകളുടേയും സംരക്ഷണത്തിനും ബജറ്റിൽ ഫണ്ട് വകയിരുത്തിയിട്ടുണ്ട്. സെക്രട്ടറി എം.കെ സജിത്ത്കുമാർ സ്വാഗതം പറഞ്ഞു.

Summary: Thiruvallur Gram Panchayat budget emphasizes curbing drug abuse and opening roads