‘തിരുവള്ളൂർ -ആയഞ്ചേരി റോഡ് വീതി കൂട്ടി ബിഎം ആന്റ് ബിസി നിലവാരത്തിൽ നവീകരിക്കും’; ഗുണഭോക്താക്കളുടെ യോഗം ചേർന്നു


ആയഞ്ചേരി: തിരുവള്ളൂർ – ആയഞ്ചേരി പി ഡബ്ലു ഡി റോഡ് പരിഷ്കരണ പ്രവൃത്തിക്കായി 2024-25 ബഡ്ജറ്റ് വിഹിതമായി ലഭിച്ച മൂന്ന് കോടി രൂപയുടെ പ്രവൃത്തി നടത്തുന്നതിൻ്റെ മുന്നോടിയായി ഗൂണഭോക്താക്കളുടേയും നാട്ടുകാരുടേയും യോഗം ചേർന്നു. പൈങ്ങോട്ടായി അൽ മദ്റസത്തുൽ ഇസ്ലാമിയ മദ്റസയിൽ ചേർന്ന യോഗം കുറ്റ്യാടി എം എൽ എ കെ.പി. കുഞ്ഞമ്മത് കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

നിലവിലുള്ള റോഡ് 10 മീറ്റർ വീതിയാക്കി, 1680 മീറ്റർ നീളത്തിൽ അഞ്ചര മീറ്റർ വീതിയിൽ ബിഎം ആന്റ് ബിസി നിലവാരത്തിൽ ടാർ ചെയ്യുന്നതിനും , ആവശ്യമായ സ്ഥലങ്ങളിൽ അഴുക്ക് ചാൽ, മൂന്ന് പാലങ്ങൾ, റോഡിൻ്റെ ഇരുവശങ്ങളിലും ഐരിഷ് ചെയ്യൽ എന്നിവയാണ് എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയത്. തിരുവള്ളൂർ പഞ്ചായത്തിലെ അഞ്ച്മുറി മുതൽ ആയഞ്ചേരി പഞ്ചായത്തിലെ ചേറ്റുകെട്ടി വരെയാണ് പ്രവൃത്തി നടക്കുക.

ആയഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എൻ അബ്ദുൾ ഹമീദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, തിരുവള്ളൂർ പഞ്ചായത്ത് മെമ്പർമാരായ ഹംസ വായേരി, സഫീറ ടി.വി, അസി: എക്സിക്യൂട്ടീവ് എഞ്ചിനിയർ നിതിൽ ലക്ഷ്മണൻ, നൊച്ചാട്ട് കുഞ്ഞബ്ദുള്ള, കെ.വി ജയരാജൻ, കിളിയമ്മൽ കുഞ്ഞബ്ദുള്ള, അസി: എഞ്ചിനിയർ ഷക്കീർ പി പി, ഓവർസിയർ സൗമ്യ ടി, ടി കെ അലി മാസ്റ്റർ, എ.കെ അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു.

ഗുണഭോക്തൃ കമ്മിറ്റി ചെയർപേഴ്സണായി ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ ആയിഷ ടീച്ചറേയും, കൺവീനരായി തിരുവള്ളൂർ പഞ്ചായത്ത് മെമ്പർ ഹംസ വായേരിയേയും തിരഞ്ഞെടുത്തു.

Summary: ‘Thiruvallur- Ayancherry road will be widened and upgraded to BM and BC standards’; A meeting of beneficiaries was held