പതിമൂന്ന് വയസ്സുകാരനായ മകൻ കാറോടിച്ചു; ചെക്യാട് പിതാവിനെതിരെ കേസെടുത്ത് പോലീസ്


നാദാപുരം: ചെക്യാട് പതിമൂന്ന് വയസുകാരനായ മകൻ കാര്‍ ഓടിച്ചതിന് പിതാവിനെതിരെ കേസെടുത്തു. ചെക്യാട് സ്വദേശി നൗഷാദിനെതിരെയാണ് വളയം പൊലീസ് കേസെടുത്തത്. വീടിന് മുന്നിലെ റോഡിലൂടെ കുട്ടി ഇന്നോവ കാര്‍ ഓടിക്കുന്ന ദൃശ്യമടങ്ങിയ റീല്‍സ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 24 നായിരുന്നു സംഭവം.

പാറക്കടവ് വേവത്തിനടുത്തുള്ള വീടിന് സമീപത്തെ റോഡിലൂടെയാണ് പതിമൂന്നുകാരന്‍ കാര്‍ ഓടിച്ചത്. ഈ ദൃശ്യം സഹിതം കേരള പൊലീസിന്റെ പോര്‍ട്ടലില്‍ പരാതിയായി വന്നതോടെയാണ് നടപടി.
ഗതാഗത നിയമ ലംഘന പരാതി നല്‍കാനുള്ള ശുഭയാത്ര പോര്‍ട്ടലിലാണ് ഇതിനെതിരെ പരാതി വന്നത്. കുട്ടിയുടെ പിതാവിന്റെ പേരില്‍ ബി.എന്‍.എസ് 125 പ്രകാരമാണ് കേസെടുത്തത്.

മറ്റുള്ളവരുടെ ജീവന് ഭീഷണിയായുള്ള പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതിനാണ് കേസ്. കൂടാതെ മോട്ടോര്‍ വെഹിക്കിള്‍ നിയമം199 എ,ബി, വകുപ്പ് അഞ്ച് റെഡ് വിത്ത് 180 പ്രകാരവും കേസെടുത്തിട്ടുണ്ട്. ഇത് ജുവനൈല്‍ ആക്ടാണ്. 25000 രൂപ ഫൈന്‍, ആറ് മാസം തടവ്, വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ അഞ്ച് വര്‍ഷത്തേക്ക് റദ്ദാക്കല്‍. വാഹനം ഓടിച്ച കുട്ടിക്ക് ലൈസന്‍സ് എടുക്കാനുള്ള പ്രായ പരിധി 25 വയസ്സാക്കി ഉയര്‍ത്തല്‍ തുടങ്ങിയവയാണ് ഈ വകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷ.

Summary: Thirteen-year-old son drives car; police register case against father in Chekyad