കളിക്കളത്തില്‍ നിന്ന് പോയത് മരണക്കയത്തിലേക്ക്; നാദാപുരത്ത് പുഴയില്‍ മുങ്ങിമരിച്ച മുഹമ്മദിന്റെ വിയോഗത്തില്‍ വിറങ്ങലിച്ച് നാട്


നാദാപുരം: സ്‌കൂള്‍ തുറക്കാന്‍ മണിക്കൂറുകള്‍ ബാക്കിയിരിക്കെയാണ് കളിക്കളത്തില്‍നിന്ന് പുഴയിലേക്കിറങ്ങിയ ഒരു കുട്ടി മുങ്ങിമരിച്ചതും മറ്റൊരു കുട്ടിയെ പുഴയില്‍ കാണാതാവുകയുംചെയ്തത്. സംഭവത്തില്‍ വിറങ്ങലിച്ച് നില്ക്കുകയാണ് മുടവന്തേരി ഈസ്റ്റ് ഗ്രാമം. ബുധനാഴ്ച സ്‌കൂള്‍ പ്രവേശനത്തിനുള്ള സ്വപ്നങ്ങള്‍ ബാക്കിവച്ചാണ് ഇരുവരും അപകടത്തില്‍ പെട്ടത്.കൊയിലോത്ത് മുഹമ്മദ് (12) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മിസ് ഹബ് (13) നായുള്ള തെരച്ചില്‍ തുടരുകയാണ്.

ഇന്നലെ വൈകുന്നേരം ഉമ്മത്തൂര്‍ ഹൈസ്‌കൂളിനടുത്തുള്ള പുഴയിലാണ് അപകടം സംഭവിച്ചത്. പുഴയുടെ സമീപത്ത് കളിക്കുകയായിരുന്ന മുതിര്‍ന്നവര്‍ കുട്ടികളോട് പുഴയിലേക്ക് പോകരുതെന്ന് വിലക്കിയിരുന്നു. എന്നാല്‍ ഇവര്‍ കാണാതെ പുഴയില്‍ ഇറങ്ങിയ കുട്ടികളാണ് ഒഴുക്കില്‍പ്പെട്ടത്. മറുകരയില്‍ അലക്കുകയായിരുന്ന സ്ത്രീയാണ് കുട്ടികളെ ഒഴുക്കില്‍പ്പെട്ട നിലയില്‍ കണ്ടത്. ഇവരുടെ ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ സമീപത്തുനിന്ന് മുഹമ്മദിനെ പുറത്തെടുക്കുകയായിരുന്നു.

കലക്ടറുടെ നിര്‍ദേശ പ്രകാരം ഫയര്‍ഫോഴ്സ് സ്‌കൂബാ ടീമും പാക്കോയി റെസ്‌ക്യു ടീമും രക്ഷാ പ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്. മിസ്ഹബിനായി രാത്രി പത്തുവരെ തെരച്ചില്‍ തുടര്‍ന്നു. ഇന്നും തിരച്ചില്‍ തുടരുകയാണ്. മുഹമ്മദിന്റെ മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.