‘വലിയ ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ ആധികാരികമായി സഹായിക്കണം’; ദുരിതാശ്വാസ നിധിയിലേക്ക് ഒരുലക്ഷം സംഭാവന നല്‍കി തിക്കോടി സ്വദേശി സുജേഷ്‌


തിക്കോടി: വയനാടിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരുലക്ഷം രൂപ സംഭാവന ചെയ്ത് എന്‍ട്രി ആപ്പ് അക്കാഡമിക് ഹെഡ്ഡും തിക്കോടി പുറക്കാട് സ്വദേശിയുമായ സുജേഷ് പുറക്കാട്. ദുരന്തം നടന്ന് രണ്ടാം ദിനം തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് തുക സംഭവാന നല്‍കിയെന്ന് സുജേ് വടകര ഡോട് ന്യൂസിനോട് പറഞ്ഞു.

ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്യരുതെന്ന ഒരുകൂട്ടം ആളുകളുടെ തെറ്റിദ്ധാരണ മാറ്റണമെന്നും ഇത്തരം വലിയ ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ ആധികാരികമായി സഹായിക്കണമെന്ന് സന്ദേശം നല്‍കാനുമാണ് താന്‍ മറ്റുള്ളവരോട് അഭ്യര്‍ത്ഥിക്കുന്നതെന്നും സുജേഷ് പറഞ്ഞു. ഏത് പാര്‍ട്ടി ഭരിക്കുകയാണെങ്കിലും സംസ്ഥാനം ഇതുവരെ കണ്ടതില്‍വെച്ച് ഏറ്റവും വലിയ ദുരന്തം സംഭവിക്കുമ്പോള്‍ ജനാധിപത്യ രീതിയില്‍ ഓരോരുത്തരും സഹായിക്കുന്നതാണ് ഉചിതമെന്നും പറഞ്ഞു. തനിക്ക് നേരിട്ട് ചെന്ന് സഹായങ്ങള്‍ ചെയ്യുവാന്‍ കഴിയാത്തതിനാല്‍ പണമായി വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക് കൈത്താങ്ങാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സുജേഷ് പറഞ്ഞു.

ഇരുട്ടി ബ്ലോക്കില്‍ വനിതാക്ഷേമ വകുപ്പില്‍ ജോലി ചെയ്തിരുന്ന സുജേഷ് അഞ്ച് വര്‍ഷത്തേയ്ക്ക് ലീവ് എടുത്താണ് എന്‍ട്രി ആപ്പില്‍ പഠിപ്പിക്കാനെത്തിയതെന്നും സുജേഷ് പറഞ്ഞു. തന്റെ പ്രവൃത്തി മറ്റുള്ളവരും പിന്തുടര്‍ന്നാല്‍ വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ എല്ലാം നശിച്ചവര്‍ക്ക് വലിയ പിന്തുണയാകുമെന്നും വടകര ഡോട് ന്യൂസിനോട് പറഞ്ഞു. തിക്കോടി പുറക്കാട് ചിങ്ങപുരം സ്വദേശിയാണ് സുജേഷ്.